ആഴമേറിയ മയക്കത്തിൽ നിന്ന് ഉണർന്നത് ആശുപത്രി മുറിയിലാണെന്നു മനസ്സിലായിവരാൻ തെല്ലു നേരമെടുത്തു. ചുറ്റിലുമുള്ളവർ ഒച്ചതാഴ്ത്തി സംസാരിയ്ക്കുന്നു വിവിധ നിറങ്ങളിലുള്ള യൂണിഫോം അണിഞ്ഞ ജീവനക്കാർക്കിടയിൽ നിന്ന് ഡോക്ടർ മേനോൻ്റെ ശബ്ദം ഉയർന്നു കേട്ടു “ചിന്നമ്മു ഉഷാറായല്ലോ, ഇനി പേടിയ്ക്കാനൊന്നുമില്ല, എല്ലാ ടെസ്റ്റും നോർമ്മലാണ് , നാളെ ഡിസ്ചാർജ്ജ് ചെയ്യാം, വീണപ്പോൾ പറ്റിയ ചെറിയൊരു മുറിവുണ്ട് നെറ്റിയിൽ, അത് നനയാതെ നോക്കിയാൽ മതീട്ടോ, ഇനി എല്ലാരും ഒന്നു മാറിക്കൊടുത്തേ ചിന്നമ്മൂനിത്തിരി ശ്വാസം കിട്ടട്ടെ” കൂടി നിന്നവരെല്ലാം അവിടം വിട്ടിട്ടും അന്തം വിട്ടു നില്ക്കുന്ന വേലാണ്ടിയേട്ടനോടു ചോദിച്ചു “ന്നാലും ഞാനെങ്ങനെ ഇവിടെയെത്തി? ഇയ്ക്കെന്താ പറ്റീത് ? ”

 

കുട്ടി ആളോളെ പേടിപ്പിച്ചു കളഞ്ഞില്ലേ? ഞാനൊരു ബീഡി കത്തിക്കാൻ പുറത്തേയ്ക്കിറങ്ങിയപ്പോണ്ട് ഒരലർച്ച, നോക്കുമ്പോ അവിടെ നിന്ന് വെളിച്ചപ്പാടിനെപ്പോലെ തുള്ളാണ്, പിന്നെ നിലത്തോട്ടു കുഴഞ്ഞു വീണു നെറ്റി പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു വേഗം ഞാനും ശിവദാസൻ ഡോക്ടും കൂടി പൊക്കിയെടുത്ത് സ്ടെച്ചറിലാക്കി കാഷ്വാലിറ്റിയിലെത്തിക്ക്യാണ്ടായത്, സാരല്യ, കുഴപ്പൊന്നൂല്ലന്നല്ലേ മേനോൻ സാറ് പറഞ്ഞത് , കുറച്ചു നേരം കൂടി കിടന്നോളൂ, ഞാനിത്തിരി കഞ്ഞി വാങ്ങീട്ടു വരാം.” വാതിൽ ചാരി വെച്ച് വേലാണ്ടിയേട്ടൻ പോയി. സംഭവിച്ചതെല്ലാം പതുക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കിടന്നപ്പോൾ ആദ്യം മോളുടെ മുഖമാണ് ഉള്ളിൽ തെളിഞ്ഞത്. അവളെയിതൊന്നും അറിയിക്കേണ്ട പാവം പരീക്ഷയുടെ തിരക്കിൽ മനപ്രയാസമാവും നന്നായി പരിശ്രമിക്കുന്നുണ്ട് എല്ലാ കഷ്ടപ്പാടും അറിഞ്ഞു വളർന്ന കുട്ടിയല്ലേ ‘നന്നാവും എനിയ്ക്കുറപ്പുണ്ട് എന്നാലല്ലേ ഈ ഓട്ടം ഇത്തിരി പതുക്കെയാക്കാൻ ഒക്കൂ എൻ്റെ ജീവിതമോ ഇങ്ങിനെയൊക്കെയായി അവളെങ്കിലും പഠിച്ച് ഒരു കരയ്ക്ക് എത്തട്ടെ!

 

അമ്മ മരിച്ചു പോയതിൻ്റെ സങ്കടം, ഇളയമ്മേടെ പോര് ഒക്കെ സഹിച്ചാണ് പഠിച്ചത്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കോലായിൽ അമ്മാവനും ഒരു കൊമ്പൻ മീശക്കാരനും ഇരുന്ന് സംസാരിയ്ക്കുന്നതു കണ്ടു.ചായ കൊടുത്തപ്പോൾ അയാളുടെ മുഖത്തേയ്ക്കു നോക്കാതെ കൈത്തണ്ടയിൽ പച്ചകുത്തിയ മുരുകൻ്റെ രൂപം നോക്കി നിന്നു. കല്യാണം ആലോചിച്ചു വന്നതാത്രേ! നല്ല മാർക്കു കിട്ടുമെന്നുറപ്പുണ്ട് നേഴ്സിങ്ങിനു ചേരണം എന്നൊക്കെപ്പറഞ്ഞ് കരഞ്ഞ് പ്രതിഷേധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പോരാത്തതിന് അമ്മാവൻ്റെ വക അച്ഛനു ഭീഷണിയും, തള്ളയില്ലാത്ത പെൺകുട്ടിയെ എത്രയും വേഗം കെട്ടിച്ചു വിട്ടില്ലെങ്കിൽ വഴിതെറ്റിപ്പോവും പോലും ! അയാൾക്ക് മദിരാശിയിൽ ഏതോ കമ്പനിയിലാണു ജോലി, വയ്യാതെ കിടക്കുന്ന അമ്മ മാത്രേ ഉള്ളൂ അവരെ നോക്കാൻ ആരുമില്ലാത്തതു കൊണ്ടാണ് തിരക്കിട്ട് കല്യാണം കഴിയ്ക്കുന്നത്. അധികകാലമൊന്നും വേണ്ടി വരില്ല , അമ്മേടെ കാലം കഴിഞ്ഞാൽ അയാളോടൊപ്പം മദിരാശിയിലേക്കു കൊണ്ടുപോകും പിന്നെ സുഖല്ലേ! അമ്പലത്തിലൊരു താലികെട്ട് മാത്രം മതി അധികം ആരേയും അറിയിക്കേണ്ട എന്നൊക്കെയായിരുന്നു നിബന്ധന.

 

കല്യാണം കഴിഞ്ഞ് നാലേ നാലു ദിവസം കഴിഞ്ഞപ്പോൾ അയാൾ പെട്ടിയുമെടുത്ത് വണ്ടി കേറി പിന്നെ കണ്ടിട്ടില്ല അമ്മയെ ശുശ്രൂഷിച്ചു കഴിയുന്നതിനിടയ്ക്ക് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ തലയ്ക്ക് ആകെയൊരു കനം , എച്ചിൽ പാത്രങ്ങളുടെ മണമടിച്ചപ്പോൾ ഓക്കാനം വന്നു അതു കണ്ട് അമ്മ ചോദിച്ചു’ നാലു ദിവസം കൊണ്ട് അവൻ പണി പറ്റിച്ചുല്ലേന്ന്”!

 

കുളി തെറ്റിയപ്പോൾ അയാൾക്കൊരു കത്തെഴുതാൻ തോന്നി. പക്ഷേ വീട്ടിലെവിടെയും അഡ്രസ്സ് കുറിച്ചു വെച്ചിട്ടില്ല അമ്മയോട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവരെന്നെ ചേർത്തു പിടിച്ചു കരഞ്ഞത് എന്തിനാണെന്ന് ഒരു പിടിയും കിട്ടീല്ല വീട്ടിൽ വല്ലപ്പോഴും വരാറുള്ള അമ്മേടെ വകയിലൊരു അനിയത്തിയുണ്ട് അവർ എത്തിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്. അയാൾക്ക് കമ്പനി ജോലി ഒന്നുമല്ലെന്നും തമിഴ്നാട്ടിലെവിടെയോ ചായക്കട നടത്തുകയാണെന്നും. അവിടെ ഭാര്യയും മക്കളുമുണ്ടത്രേ! അമ്മയെ നോക്കാൻ ഒരാളെയായിരുന്നു വേണ്ടിയിരുന്നത് .അതിനു വേണ്ടി ഒരുക്കിയ കെണിയായിരുന്നു കല്ല്യാണം ,കുടുങ്ങിയത് ഞാനും.താങ്ങാൻ പററുന്നതിലും കൂടുതലായിരുന്നു മനസ്സിനേറ്റ മുറിവ്, ഒപ്പം ഗർഭാലസ്യവും, വേറെ ഭാര്യയുള്ളയാൾ പിന്നെ എന്നോടെന്തിന് ഇതു ചെയ്തു? വെറുതെ വിട്ടിരുന്നെങ്കിൽ ഒറ്റത്തടിയായിട്ടു കഴിയാർന്നു, , രാത്രി ഒരു പോള കണ്ണടച്ചില്ല അയാളെ കയ്യിൽ കിട്ടിയാൽ വെട്ടിനുറുക്കാനുള്ള പക ഉള്ളിൽ പുകയാൻ തുടങ്ങി. അമ്മ അന്ന് ശാന്തയായി ഉറങ്ങി, പിറേറന്നു രാവിലെ വിളിച്ചിട്ട് ഉണർന്നതുമില്ല അയാൾ വരില്ലെന്നു അറിയാവുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്ന് സംസ്ക്കാരം നടത്തി പിരിഞ്ഞപ്പോൾ ഞാനും കൂടെ ഇറങ്ങി ,എന്നെങ്കിലും കണ്ടുമുട്ടിയാൽ അയാളെ കുത്തി കൊല്ലണം എന്നുറപ്പിച്ച് അടുക്കളയിൽ നിന്നെടുത്ത മൂർച്ചയുള്ള ഒരു കത്തിയും കരുതി.

 

ഇടവഴി പിന്നിട്ട് മെയിൻ റോഡിലെത്തുന്നതുവരെ എവിടേയ്ക്കു പോകണം എന്നൊരു നിശ്ചയമുണ്ടായിരുന്നില്ല സ്വന്തം വീട്ടിലേയ്ക്ക് ഇനിയൊരു തിരിച്ചു പോക്കില്ല എന്നുറപ്പിച്ചു. പിന്നെ? ഒരുപാട് ആലോചിച്ചപ്പോഴാണ് സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസ്റ്റർ തെരേസയെ ഓർമ്മവന്നത് പിന്നെ ശങ്കിച്ചില്ല ഭാഗ്യത്തിന് കയ്യിലുണ്ടായിരുന്ന പൈസ കഷ്ടിച്ച് ബസ്സു കൂലിക്കുണ്ടായിരുന്നു, നേരെ കോൺവെൻ്റിലേയ്ക്കു ചെന്നു സിസ്റ്ററെ കണ്ട് നടന്നതെല്ലാം പറഞ്ഞ് കരഞ്ഞപ്പോൾ അനാഥാലയത്തിൽ താമസിച്ചോളാൻ അനുവാദവും കിട്ടി അടുക്കളയിലും പറമ്പിലും ആവുന്ന പോലെ എല്ലാ ജോലികളും ചെയ്ത് കഴിയുമ്പോൾ എന്തെന്നില്ലാത്തൊരു സുരക്ഷിതത്വമായിരുന്നു അനുഭവപ്പെട്ടത്, മഠം വക ആശുപത്രിയിൽ തന്നെ പ്രസവവും കഴിഞ്ഞു. മോളും അവിടത്തെ അന്തേവാസിയായി , പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലാതെ വർഷങ്ങൾ കടന്നുപോയി.

 

ഇടയ്ക്കൊക്കെ ഉള്ളിൽ ഉമിത്തീയായ് പുകയുന്ന പക ആളിക്കത്തുമ്പോൾ സഞ്ചി തുറന്ന് ആ കത്തിയെടുത്ത് മൂർച്ച പരിശോധിക്കും, എന്നെങ്കിലും അയാളെ കണ്ടുമുട്ടുക തന്നെ ചെയ്യുമെന്നു മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു! അന്നൊരിക്കൽ കോൺവെൻ്റിൽ അതിഥിയായെത്തിയ മദർ സുപ്പീരിയറിൻ്റെ സഹോദരൻ്റെ മകൾ ആണ് ആശുപത്രിയിൽ ജോലിക്ക് ആളെയെടുക്കുന്ന കാര്യം സൂചിപ്പിച്ചത് , പാർട്ട് ടൈം സ്വീപ്പർ ജോലിയ്ക്ക് അപേക്ഷ പൂരിപ്പിച്ച് അയക്കാനും അവർ സഹായിച്ചു ജോലി കിട്ടിയപ്പോൾ സ്വീപ്പറാണെകിലും ഗവണ്മെൻ്റ് ജോലിയല്ലേ , പോകണമെന്ന് പറഞ്ഞ് സിസ്റ്റർമാർ സ്നേഹത്തോടെ നിർബ്ബന്ധിച്ചു. മോളെ കോൺവെൻ്റിൽ തന്നെ നിർത്തിയിട്ട് പോകാൻ വിഷമമായിരുന്നെങ്കിലും അവൾ സുരക്ഷിതയായിരിക്കുമെന്ന ഉറപ്പിൽ പുറപ്പെട്ടു.

 

നഗരമധ്യത്തിലെ ഗവണ്മെൻ്റ് ജനറൽ ആശുപത്രി പുറത്തു നിന്നേ കണ്ടിട്ടുള്ളൂ അകത്തു കയറിയപ്പോൾ എന്തൊരു തിരക്ക്! രോഗികളും കൂട്ടിരിപ്പുകാരും ഒക്കെയായി പൂഴിയിട്ടാൽ ചോരാത്ത ജനക്കൂട്ടം, ഇടയിലൂടെ തിക്കി തിരക്കി ഓഫീസ് കണ്ടുപിടിച്ചു .ജോയിൻ ചെയ്യാൻ ചെന്നതാണെന്നു പറഞ്ഞപ്പോൾ സൂപ്രണ്ട് അകത്ത് വിളിച്ചിരുത്തി വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു റെജിസ്റ്ററിൽ ഒപ്പുവെയ്ക്കുന്നതിനിടയിൽ പറഞ്ഞു.”മോർച്ചറിയിലാണ് ജോലി ട്ടോ സാധാരണയായി സ്ത്രീകളെ അവിടെ ഡ്യൂട്ടിക്കിടാറില്ല പക്ഷേ ഈ ലിസ്റ്റിൽ ആണുങ്ങൾ ആരും ഇല്ലാത്തതുകൊണ്ടാണ്.” എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി, മുഖം വിവർണ്ണമാവുന്നതു ശ്രദ്ധിച്ച സൂപ്രണ്ട് പറഞ്ഞു “അയ്യോ .പേടിയ്ക്കുന്നതെന്തിനാ താൻ പോസ്റ്റ് മോർട്ടം ഒന്നും ചെയ്യേണ്ട ,അവിടെയൊക്കെ വൃത്തിയാക്കിയാൽ മാത്രം മതിയല്ലോ ,പോരാത്തതിന് വേലാണ്ടി നല്ല മനുഷ്യനാ എന്തു സഹായം വേണമെങ്കിലും ചെയ്യും ,ധൈര്യമായിട്ടു ചെന്നോളൂ ” ആശുപത്രിയുടെ ഏറ്റവും തെക്കേ മൂലയിലുള്ള മോർച്ചറിയിലേക്ക് നടക്കുമ്പോൾ കൈകാലുകൾ വല്ലാതെ വിറച്ചുവെങ്കിലും ഉള്ളിലേതോ ശക്തി ധൈര്യം പകർന്നു കൊണ്ട് പറഞ്ഞു രക്ഷപ്പെടാൻ ദൈവം കാണിച്ചു തന്ന വഴിയാണ് പേടിച്ചോടരുത്, അല്ലെങ്കിലും മരിച്ചോരെയെന്തിനാ പേടിയ്ക്കണത്? ജീവി ച്ചിരിക്കുന്നോരല്ലേ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നു സ്വയം സമാധാനിച്ചു . ഉമ്മറത്തു തന്നെ വേലാണ്ടിയേട്ടൻ ഉണ്ടായിരുന്നു. പുഞ്ചിരിയോടെ വരവേറ്റു , ബേജാറ്ണ്ടല്ലേ സാരല്യ, പതുക്കെ ശീലായിക്കോളും ഇതാ ഞാൻ കണ്ടില്ലേ പത്തുപന്ത്രണ്ടു കൊല്ലായിട്ടിതന്നെ പണി, പ്രമോഷൻ വേണ്ടാന്നു വെച്ചു. ഇപ്പോ ജീവനുള്ളവരെ നോക്കാനാണ് പേടി ഇവിടെയാരും നമ്മളെ ചീത്ത പറയില്ല, ഒന്നു പറഞ്ഞ് രണ്ടാമത്തതിന് തല്ലാൻ വരില്ല ശിവദാസൻ ഡോക്ടറും പാവമാണ്. ഒന്നും പേടിക്കേണ്ട”

 

രാവിലെ കയറി ചെല്ലുമ്പോൾ നിരനിരയായി കിടത്തിയിരിക്കുന്ന ശരീരങ്ങൾ ആണ് കണി കാണുന്നത് സൂക്ഷിച്ചു നോക്കാനൊന്നു നില്ക്കാറില്ല ഓഫീസ് റൂമെല്ലാം വൃത്തിയാക്കി പുറത്തുവന്നിരിയ്ക്കും , വേലാണ്ടിയേട്ടനും ശിവദാസൻ ഡോക്ടറും ജോലിക്കിടയിൽ ചിലപ്പോൾ ചിരിയ്ക്കുകയും കരയുകയും ഒക്കെ ചെയ്യുന്നതു കാണാം. എല്ലാം കഴിഞ്ഞാൽ ഓരോ ശരീരവും മൂടി പൊതിഞ്ഞ് ബന്ധുക്കൾക്കു കൈമാറി കഴിഞ്ഞിട്ടാണ് എൻ്റെ ജോലി തുടക്കുന്നത് . മേശയും നിലവുമൊക്കെ വെള്ളമൊഴിച്ച് കഴുകി, ചുവരിൽ തെറിച്ചു വീണ ചോരത്തുള്ളികൾ ഒക്കെ തുടച്ചു വൃത്തിയാക്കിക്കഴിഞ്ഞാലും അവിടെയൊക്കെ ഒരു വല്ലാത്ത മണമാണ് ചോരയുടെ, മാംസത്തിൻ്റെ ,ഫോർമലിൻ്റെ ,ഫിനോളിൻ്റെ ഒക്കെ കൂടി കലർന്നൊരുമണം.കുളിച്ചു വസ്ത്രം മാറിയാലും അത് ശരീരത്തിൽ തങ്ങി നിൽകുന്നതുപോലെ തോന്നും ഭക്ഷണം കഴിക്കാനും തോന്നില്ല എന്നാലും സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റിയ അന്തരീക്ഷം , നൈറ്റ് ഡ്യൂട്ടി ഇല്ല നാലുമണിയോടു കൂടി ജോലിയൊക്കെ തീർത്ത് താമസസ്ഥലത്തേക്ക് നടക്കാം, മറ്റ് ജീവനക്കാർക്കു മുമ്പിൽ അസാമാന്യ ധൈര്യശാലിയെന്ന ഒരു പേരും കിട്ടി. അവർക്കറിയില്ലല്ലോ എൻ്റെ അതിജീവനത്തിൻ്റെ വഴികൾ! മാസത്തിൽ ഒരിക്കൽ മോളെ കണ്ടുവരും. മോളെയോർക്കുമ്പോൾ ഒന്നും ഒരു ബുദ്ധിമുട്ടായി കണക്കാക്കാറില്ല അവൾ പഠിച്ച് ഒരു നിലയിലെത്തുന്നതുവരെ വിശ്രമമില്ലാതെ പണിയെടുത്തല്ലേ പററൂ ചില രാത്രികളിൽ ദുഃസ്വപ്നമായി അയാൾ കടന്നുവരും. പിന്നെ ഉറങ്ങാൻ കഴിയില്ല ഉള്ളിൽ അടക്കി വെച്ചിരിയ്ക്കുന്ന പക പുറത്തുവരുമ്പോൾ ഭ൫മായി സൂക്ഷിച്ചിരിയ്കുന്ന കത്തി ഒന്നുകൂടി മൂർച്ച കൂട്ടും .

 

ഇന്നു രാവിലെ ജോലിയ്ക്കു ചെന്നപ്പോൾ വല്ല്യ തിരക്കുണ്ടായിരുന്നില്ല വേലാണ്ടിയേട്ടൻ പുറത്തായിരുന്നതുകൊണ്ട് തനിയേ പോയി വാതിൽ തുറന്നു, അവകാശികൾക്കു തിരിച്ചറിയാൻ വേണ്ടി മേശപ്പുറത്തു കിടത്തിയ പുരുഷശരീരത്തിലേയ്ക്ക് അറിയാതെ ഒന്നു നോക്കി, ഞെട്ടിപ്പോയി !നരച്ചിട്ടുണ്ടെങ്കിലും ആ കൊമ്പൻമീശ, നിവർത്തി വെച്ച ഇടതു കയ്യിലെ പച്ചകുത്തിയ രൂപം! മുറിയിൽ പോയി കത്തിയെടുത്തു കൊണ്ടു വരാനൊന്നും നേരല്ല്യാ , വേഗം വേഗം ന്നൊരു ഉൾവിളി! വേലാണ്ടിയേട്ടൻ്റെ പണിയായുധങ്ങൾ നിരത്തി വെച്ച ട്രേയിൽ പരതിയതേ ഓർമ്മയുള്ളൂ കണ്ണു തുറന്നപ്പോൾ ഇതാ ഈ ആശുപത്രി കിടക്കയിൽ! എന്തിനായിരുന്നു വെറുതേ.… ജീവനില്ലാത്ത അയാളെ…. !

റഹിമാബി മൊയ്തീൻ

ഈ കഥയിൽ മറ്റൊരു കഥയുണ്ട്. കഥാകാരി പറയാതെ പറയുന്ന
കഥ!
മൂർച്ചയുള്ള ആ കത്തി ജീവനുള്ള മനുഷ്യന്റെ പച്ചമാംസത്തിലേക്ക് കുത്തിക്കയറിയില്ല.
പക്ഷേ, സ്ത്രീജീവിതത്തെ നിഷ്ക്കരുണം ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന മേധാവിത്വത്തിനെതിരെ ആഞ്ഞു വീശുന്ന ഒരു കത്തിയുണ്ട്- അപ്രതിരോധ്യമാണ് ലോഹനിർമ്മിതമല്ലാത്ത ആ കത്തിയുടെ “മൂർച്ച”

മനോഹരമായ ഈ കഥക്കും കഥാകാരിക്കും ആയിരം അഭിനന്ദനങ്ങൾ!
സ്നേഹപൂർവം,
ജെ. മാത്യൂസ്.