തങ്ങളകപ്പെട്ട ലോക പാപങ്ങൾ കഴുത്തറ്റം വളർന്ന് ശ്വാസംമുട്ടിച്ചപ്പോഴാണ്‌ ചാക്കുടുത്തും ചാരംപൂശിയും അവർ പ്രായശ്ചിത്തത്തിനൊരുങ്ങിയത്.അതിനായവർ  അത്തണുപ്പുകാലത്തും പുറത്തെ കൂടാരത്തിലേക്കെത്തി.അവിടെ നിറഞ്ഞ ആത്മീയാഗ്നിയിലവർ ദൈവത്തെ സ്‌തുതിച്ചും സ്തോത്രങ്ങൾ പാടിയും മണിക്കൂറുകൾ പ്രാർത്ഥനാനിരതരായി.പരുപരുത്ത കൂടാരച്ചരലിൽ മുട്ടിന്മേൽ നിന്ന്കൈകൾ വിരിച്ചുയർത്തി പാപങ്ങൾ പൊറുക്കണേയെന്നും യുദ്ധങ്ങൾക്കറുതിവരുത്തണേയെന്നും പ്രാർത്ഥിച്ചു.

പുറത്തെ തണുപ്പിലും അവർക്കൊട്ടും തണുത്തതേയില്ല. എങ്കിലും പതിയെപ്പതിയെ അവർക്കൊക്കെ വിശന്നു തുടങ്ങി.എന്നാൽ  ഇനിയും ഭക്ഷണം എത്തിയില്ലെന്ന സത്യം നടത്തിപ്പുകാരനായ ഞാൻ പോലുംഅന്നേരം മാത്രമാണോർത്തത്. പാചകക്കാരെ വിളിച്ചപ്പോൾ  ഒരു ജോലിക്കാരൻ ഭക്ഷണവുമായി പുറപ്പെട്ടിട്ടുണ്ട്, ഒരുപക്ഷേ ട്രാഫിക്കിൽ പെട്ടതാവാം എന്നറിഞ്ഞു. പിന്നീടു വിളിച്ചപ്പൊഴൊന്നും അയാളെ കിട്ടിയതുമില്ല. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ശേഖരത്തിലുണ്ടായിരുന്ന മിച്ച ഭക്ഷണവും, ഉപ്പിലിട്ടതും, പങ്കുവച്ചു വിശപ്പകറ്റി. കൂട്ടത്തിൽ ഉണങ്ങിയപഴങ്ങളുംപരിപ്പുകളും തുണയായി.ആ പങ്കുവയ്ക്കലും ദൈവകൃപയെന്നറിഞ്ഞ് വീണ്ടുമവർ ദൈവത്തെ സ്‌തുതിച്ച് അവരവരുടെ വീടുകളിലേക്കു പോയി

അടിച്ചുവാരലും തൂത്തുതുടക്കലും കഴിഞ്ഞ് കൂടാരവാതിൽ അടക്കാനൊരുങ്ങവെയാണ് വാതിലിൽ ഒരുപതിഞ്ഞ മുട്ടു കേട്ടത്. എത്തിനോക്കിയപ്പോൾ തണുത്തു വിറച്ച് ഒരുപയ്യൻ. പാതിതുറന്നവാതിലിലൂടെ അവനൊപ്പം വറുത്ത എണ്ണയുടെയും കറിക്കൂട്ടുകളുടെയും മണവും അകത്തു കടന്നു.

“ഐ…ആം …സോറി,  ഐ കുഡിന്റെ ബ്രിങ്ങ് ഇറ്റ് ഓൺ ടൈം…ഐ…ഐ…ആം സോ സോറി”. അവൻ ഒരു പ്രാർത്ഥന പോലെ വിരലുകൾ കോർത്തുപിടിച്ചിരുന്നു. “ഐ വാസ് ലോസ്റ്റ് ആൻഡ് വാസ് വാണ്ടറിംഗ് …..ഐ ആം റിയലി സോറി..” ആ വാക്കുകളുടെ തടസ്സവും ആക്‌സെന്റും “ഞാനൊരു പുതിയ കുടിയേറ്റക്കാരനാണ്”എന്നുറക്കെപ്പറഞ്ഞു.

ഞാനവനെ ഒന്നു നോക്കുകപോലും ചെയ്യാതെ ചോദിച്ചു:

“ദെൻ,വൈ ഡിഡിന്റ്യു കാൾ മി”?

ഭക്ഷണം നേരത്തുകിട്ടാത്തതിലെ അനിഷ്ട്ടം ഞാൻ പ്രായശ്ചിത്തമായി വിട്ടുകളഞ്ഞെങ്കിലും അവന്റെ ന്യായം പറച്ചിൽ എനിക്കത്ര സമ്മതമായില്ല. ആ അനിഷ്ടം എന്റെ സ്വരത്തിലും ഉണ്ടായിരുന്നു.

“മൈ ഫോൺ ഡിഡിന്റ് വർക്ക്. ഐ വാസ് വാണ്ടറിംഗ് ഫോർ അൽമോസ്റ് ടു അവേഴ്സ്.  അവനേതാണ്ട് കരച്ചിലിന്റെ വക്കിലെത്തി പിന്നെയും സോറി പറയുക മാത്രം ചെയ്തു.

“ഇതു കൊണ്ട് നിനക്കിഷ്ടമുള്ളതു ചെയ്യാം.എനിക്കിനിയീ ഭക്ഷണം ആവശ്യമില്ല. ഞാനീ കൂടാരം സൂക്ഷിപ്പുകരൻ മാത്രമാണ്.”എന്നു ഞാൻ കയ്യൊഴിഞ്ഞു.

അപ്പഴേക്കും തണുപ്പും കൂടി വന്നു.

ഇനിഇതെന്നെ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ ഞാൻ വ്യക്തമാക്കി: “സോറി, നൗ ഐ ഹാവ്ടു ക്ലോസ് ദി ടെന്റ് ആൻഡ് ഐ ആം ഹെഡിംഗ് ഹോം”.

ഞാൻ ധൃതിയിൽ പുറത്തിറങ്ങി കൂടാരത്തിന്റെ വാതിലുകൾ വലിച്ചു ചേർത്തുകെട്ടി. അപ്പഴും അവനങ്ങനെ കൈവിരലുകൾ കോർത്തുപിടിച്ച് എനിക്കരികെ നിൽക്കയാണ്. പെട്ടന്ന് ഞാനാ കാലുകൾ കണ്ടു. തവിട്ടുനിറത്തിലുള്ള ചതഞ്ഞ ചെരിപ്പിന്റെവാറുകൾക്കിടയിലൂടെ പുറത്തേക്കു തള്ളി നിൽക്കുന്ന  വിരലുകൾ. ഒരു മിന്നൽപോലെ എന്റെ കാൽവിരലുകളിലൂടെ വല്ലാത്തൊരു തണുപ്പരിച്ചുകയറി. ഞാൻ കാലുകളിളക്കി.

ഒരിക്കൽ തണുപ്പിന്റെ ചില്ലുകൾ തുളച്ചുകയറിയതോർമ്മിച്ച കാൽവിരലുകൾ “ഞങ്ങൾക്കു തണുക്കുന്നു”എന്നെന്നോടു കരഞ്ഞു. വഴിതെറ്റി ഞാനലഞ്ഞ ഇടങ്ങൾ ഞങ്ങളിവിടുണ്ടെന്ന് ഓർമ്മപ്പെടുത്തി. കൈപ്പത്തികൾ  കോർത്തു പിടിച്ച് ഞാനെന്നെ ശാസിച്ചതും ശക്തനാക്കിയതും ഞാനോർത്തു.

ടാക്‌സിക്കാലങ്ങളിലെ നെഞ്ചിടിപ്പുകൾ ഞാൻ വീണ്ടുമറിഞ്ഞു…. എനിക്ക് എയർപോർട്ടിലേക്കുള്ള വഴിതെറ്റി, ഫ്ലൈറ്റ്നഷ്ട്ടമായ വൃദ്ധയുടെ അറിവിന്റെ വാക്കുകൾ:

“ഡോണ്ട് വറി.  എനിവേ ഐ ആം നോട്ട്ഇൻ എ റഷ്.

ആഫ്റ്റർഓൾ,  വൈ ഡു ഐ ഹാവ്ടു റഷ്”.

അവരോടു കൂലി വാങ്ങാൻ വിസമ്മതിച്ചപ്പോൾ, തന്റെ പാടകെട്ടിയ കണ്ണുകൾകൊണ്ടെന്റെ ചതഞ്ഞചെരിപ്പിന്റെ വിടവിലൊളിച്ച കാൽവിരലുകളെ കനിവോടെ നോക്കി അവർ തന്ന അധികതുക. അതിപ്പൊഴും ഒരു നിധി പോലെ എന്റെ ഓർമ്മകളിലുണ്ട്.

ഒരേപോലെ നിസ്സഹായരും അസ്വസ്ഥരുമായ രണ്ടുപേർ.

ഞാനവന്റെ പുറത്തു തട്ടിപ്പറഞ്ഞു.

“ഇറ്റ് ഈസ് ഓക്കേ, യു ഗോ ബാക്ക് നൗ. ഐ വിൽ ടോക്ക് ടൂ മാനേജർ ടുമറോ

എനിവേ സംടൈംസ് വി ഡോണ്ട് ഗെറ്റ് ഗുഡ് റിസപ്ഷൻ ദിസ് ഏരിയ”

മരവിച്ചു നിന്ന അവന്റെ മുഖത്തേക്ക് ഞാനാദ്യമായി നോക്കി. ദൈവമേ.. ഇത്രനേരവും ഞാനാ കണ്ണുകളിൽ നോക്കിയിരുന്നില്ലല്ലോ എന്നെതെന്നെ ഭയപ്പെടുത്തി.

“ഓക്കേ, ഗുഡ്നൈറ്റ്. ഐ വിൽ ടേക്ക് കെയർ ഓഫ് ഇറ്റ് ” എന്നു പറഞ്ഞ് ഞാൻ വീടിന്റെ ചൂടിലേക്ക്രക്ഷപ്പെട്ടപ്പോഴും പുറത്ത് അവന്റെ വണ്ടിയുടെ വെളിച്ചം എനിക്ക് കാണാമായിരുന്നു.

ഞാൻ വിശുദ്ധപുസ്‌തകം നിവർത്തി വായന തുടങ്ങി.

അതിനിടയിലും“ദൈവമേ, അവന് ഇനിയും വഴിതെറ്റുമോ അവനെപ്പഴെത്തും?” എന്നിങ്ങനെ ചോദ്യങ്ങളോരോന്നായി എന്റെ വായനയെ തടയുകയാണ്.

ആ നിസ്സഹായതയിൽ ഞാൻ പതിവു പോലെ പ്രായോഗികതയുടെ ഗുരുവായി.

“അല്ലെങ്കിലും ഏതു ശരി? ഏതുതെറ്റ്?ഞാൻ വെറുമൊരു കൂടാരസൂക്ഷിപ്പുകാരൻമാത്രം” എന്നൊരു നിസ്സംഗതയിൽ പുസ്‌തകമടച്ച്,  വെളിച്ചം കെടുത്തി കണ്ണുകളടച്ചു.

എന്നാൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.

“ഡോണ്ട് വറി….ആഫ്റ്റർ ഓൾ,  വൈ ഡു ഐ ഹാവ്ടു റഷ്”.  ഫ്ലൈറ്റ് നഷ്ട്ടമായ വൃദ്ധയുടെ അറിവിന്റെ വാക്കുകൾ!!

പതിഞ്ഞ ഇടിമുഴക്കം പോലെ അതെന്നെ തൊട്ടുതൊട്ടു വിളിക്കുന്നു. എനിക്കതു കേൾക്കാതിരിക്കാനായില്ല.

ഞാൻ ഗുരു വചനങ്ങൾ മറന്നു. ഇതാണു ശരിയെന്നറിഞ്ഞ് നാളത്തേക്കാക്കാതെ ആ പാതിരാത്രയിൽ തന്നെ ഫോണെടുത്തു!

 

മാലിനി