”ആരും മാറ്റമുണ്ടാക്കാന്‍ കഴിയാത്തവണ്ണം ചെറുതല്ല.”
ഗ്രേറ്റ തുന്‍ബെര്‍ഗ്

ഫെബ്രുവരിയിലെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ സ്റ്റോക്‌ഹോമിലെ പൊതുനിരത്തില്‍ പ്രകൃതിയെയും ആത്രതന്നെ വരുംതലമുറതെയും സ്‌നേഹിക്കുന്ന കൂട്ടുകാരുമായെത്തിയ ആ പെണ്‍കുട്ടിയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത് ഇങ്ങനെ:

”ഗ്രേറ്റ തുന്‍ബെര്‍ഗാവുക കുറച്ച് സങ്കീര്‍ണ്ണമാണ്.”

അന്തരീക്ഷത്തിലെ സാധാരണ കാര്ബണ്‍ അളവ് പരമാവധി 450 പാര്‍ട്ടിക്കിള്‍ പെര്‍ മില്യണ്‍ മാത്രമായിരിക്കേണ്ട ലോകത്ത് അത് 407.4 ആയതില്‍ യാതൊരു വേവലാതിയുമില്ലാതിരിക്കുന്ന ലോകത്താണ് രാഷ്ട്രത്തലവന്മാരോട് ”നിങ്ങളെങ്ങനെ ധൈര്യപ്പെട്ടു.” എന്ന ചോദ്യവുമായി ഒരു പതിനാറുവയസ്സുകാരിയെത്തുന്നത്. ലോകനേതാക്കളിരിക്കുന്ന വേദിയില്‍ യുവതലമുറയെ നിങ്ങള്‍ ഒറ്റിക്കൊടുത്തുവെന്നും ഞങ്ങളതിന് മാപ്പുനല്‍കില്ലെന്നും ഗ്രേറ്റ തുറന്നടിച്ചു. ലോകത്തെ മുഴുവന്‍ വിറപ്പിക്കുമെന്ന് സ്വയം കരുതുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്റെ പ്രസംഗം നീരസമുണ്ടാക്കുമെന്ന കാര്യം തീര്‍ത്തും അവഗണിച്ചുകൊണ്ടായിരുന്നു ഗ്രേറ്റ തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ യു.എന്‍.കാലാവസ്ഥാ സമ്മേളനവേദിയില്‍ അവതരിപ്പിച്ചത്. ഒരുപക്ഷേ, 60 ദീര്‍ഘപ്രസംഗങ്ങള്‍ നടന്ന ആ വേദിയില്‍ ഏറ്റവും ശക്തമായത് നാല് മിനിറ്റും മുപ്പത്തിനാല് സെക്കന്‍ഡും മാത്രം നീണ്ട ഗ്രേറ്റയുടെ പ്രസംഗമായിരുന്നു.

ഗ്രേറ്റ തുടങ്ങിവെച്ച പോരാട്ടം പരിസ്ഥിതിസമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 2019 ഫെബ്രുവരി 20 മുതല്‍ 27 വരെ ലോകത്തെ 150-ലധികം രാജ്യങ്ങളില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മ ഇക്കാരണംകൊണ്ടു തന്നെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാര്‍ത്ഥികളോട് സംഘംചേരാനാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന് നലക്ഷങ്ങള്‍ പ്രായഭേദമന്യേ ഈ കൂട്ടായ്മയില്‍ ലോകത്തിന്റെ പലഭാഗത്തുമായി അണിചേര്‍ന്നു. പതിനായിരക്കണക്കിന് സമൂഹമാധ്യമക്കൂട്ടായമകള്‍ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ രൂപംകൊണ്ടു. അവയില്‍ ലക്ഷക്കണക്കിന് പരിസ്ഥിതിസംരക്ഷണസന്ദേശങ്ങള്‍ നിറഞ്ഞു. തെരുവിലിറങ്ങാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

രോഗാതുര ബാല്യ; അതിജീവനത്തിന്റെ കൗമാരം

ചെറുപ്പത്തില്‍തന്നെ ഗ്രേറ്റയ്ക്ക് ആസ്പര്‍ജെര്‍ രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ഓട്ടിസത്തിന്‍രെയത്ര സങ്കീര്‍ണമല്ലാത്തതും എന്നാല്‍ അതേ വിഭാഗത്തില്‍പ്പെടുന്നതുമായ ഒരവസ്ഥയാണിത്. സമൂഹവുമായി ഇടപെടാനുള്ള വൈമുഖ്യം, ഒരേ പ്രവൃത്തിതന്നെ തുടരാനുള്ള പ്രവണത, എഴുതാനും സംസാരിക്കാനും വൈമുഖ്യം ഇവയൊക്കെ ഇതിന്റെല്കഷണങ്ങളാണ്. എന്നാല്‍ ഇത്തരക്കാരുടെ ബൗദ്ധികനിലവാരം സാധാരണപോലെയായിരിക്കും. ഗ്രേറ്റ തന്റെ അവസ്ഥയെ ഒരു രോഗമായി കണ്ടില്ല, മറിച്ച് അത് അധികമായൊരു കരുത്തായാണ് വിലയിരുത്തിയത്.

പിയാനോ പഠിക്കാന്‍ താത്പര്യം കാട്ടിയ ഗ്രേറ്റയ്ക്ക് ചെറുപ്പത്തില്‍ നാടകവും ഇഷ്ടമായിരുന്നു. ഏകാന്തതയിലായിരുന്നു ഏറെനേരവും കഴിഞ്ഞത്. പഠനകാര്യങ്ങളില്‍ മിടുക്കി. എന്നാല്‍ മൊബൈല്‍ഫോണിലും വസ്ത്രങ്ങളിലും അവള്‍ക്ക് കമ്പമുണ്ടായില്ല. മറ്റ് കുട്ടികളെപ്പോലെ അവളും ആര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും പ്ലാസ്റ്റിക് തിന്ന് മരിക്കുന്ന സസ്തനികളുടെ ദൈന്യവും ധ്രുവക്കരടികളുടെ ജീവിതവും ചെറുചലച്ചിത്രങ്ങളിലൂടെ കണ്ടു. പക്ഷേ, മറ്റ് കുട്ടികലില്‍നിന്ന് വ്യത്യസ്തമായി അതെല്ലാം അവളെ ഇരുത്തി ചിന്തിപ്പിച്ചു. പരിസ്ഥിതിക്കുവേണ്ടി, കാലാവസ്ഥവ്യതിയാനത്തിന് കാരണമാകുന്ന നയങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് നിശ്ചയിച്ചു. ഗ്രേറ്റ ആകസ്മികമായി പരിസ്ഥിതിപ്രവര്‍ത്തകയായതല്ലെന്ന് വ്യക്തം.

ഭാവിക്കായുള്ള വെള്ളിയാഴ്ചകള്‍

ഗ്രേറ്റ പരിസ്ഥിതിസമരത്തിന് തുടക്കംകുറിച്ചത് തന്റെ വീട്ടില്‍നിന്നു തന്നെയാണ്. 2016-ല്‍ അമ്മ എര്‍മനെക്കൊണ്ട് വിമാനയാത്രകള്‍ ഒഴിവാക്കുമെന്ന് സമ്മതിപ്പിച്ചായിരുന്നു അത്. സ്വീഡനിലെ പ്രശസ്ത ഓപ്പറഗായികയായ എര്‍മന് രാജ്യം മുഴുവനും യാത്രചെയ്യേണ്ടതുണ്ടായിട്ടും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇക്കാര്യം ഗ്രേറ്റയോടൊപ്പം എര്‍മനും ഗ്രേറ്റയുടെ പിതാവ് സ്വാന്തേ തുന്‍ബെര്‍ഗും സഹോദരി ബീറ്റയും ചേര്‍ന്നെഴുതിയ ‘സീന്‍സ് ഫ്രം ദ ഹാര്‍ട്ട്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വ്യവസ്ഥകള്‍ രാജ്യം പിന്തുടരണമെന്നാവശ്യപ്പെട്ട് 2018 ഓഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചയും ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ ഗ്രേറ്റ സത്യാഗ്രഹമിരിക്കാന്‍  തുടങ്ങിയത്. ഇത്തരമൊരു സമരം തുടങ്ങാനുള്ള പ്രചോദനത്തെക്കുറിച്ച് ഗ്രേറ്റ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

2018 മെയ്മാസത്തില്‍ സ്വീഡനിലെ പത്രമായ ക്ക്ക പരിസ്ഥിതിയെക്കുറിച്ച് ഒരു പ്രബന്ധമത്സരം നടത്തി. ഗ്രേറ്റയ്ക്കായിരുന്നു അതില്‍ ഒന്നാംസ്ഥാനം. ഈ ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. ഇത് വായിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ബോ തോറനാണ് വ്യത്യസ്തമായ പ്രതിഷേധത്തിന് ഗ്രേറ്റയെ ചിന്തിപ്പിച്ചത്. ഫ്‌റോളിഡാ വെടിവെപ്പിനെ തുടര്‍ന്ന് പാര്‍ക്‌ലാന്‍ഡിലെ കുട്ടികള്‍ ക്ലാസ് വിട്ടിറങ്ങി സമരം നടത്തിയ കാര്യം തോറന്‍ ഗ്രേറ്റയെ ഓര്‍മിപ്പിച്ചു. ഇതാണ് വെള്ളിയാഴ്ചകളില്‍ ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കാന്‍ ഗ്രേറ്റയെ പ്രേരിപ്പിച്ചത്.

ഓഗസ്റ്റ് 20-ന് ആദ്യമായി പാര്‍ലമെന്റിന് മുന്നിലിരിക്കാന്‍ പോകുമ്പോള്‍ ഗ്രേറ്റയ്ക്ക് മാതാപിതാക്കളില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടവ സ്തുതകളുടെ നീണ്ട പട്ടികയുമായാണ് ആദ്യദിനം ഗ്രേറ്റയെത്തിയത്. സമരത്തെക്കുറിച്ചുള്ള കാര്യം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് പെട്ടെന്ന് വൈറലായി. ഇതോടെ പത്ര-ദൃശ്യമാധ്യമങ്ങള്‍ അവളെത്തേടി വന്നു. ഈ സമരം ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും ഏറ്റെടുത്തു.

സ്‌കൂള്‍ വിട്ടിറങ്ങിയുള്ള സമരത്തിനെതിരെ അധ്യാപകരില്‍നിന്നും സമൂഹമാധ്യമങ്ങളില്‍നിന്നും ഗ്രേറ്റയ്ക്ക് വിമര്‍ശനം നേരിടേണ്ടിവന്നു.

ആഗോളതാപനത്തിന്റെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തിയില്ലെങ്കില്‍ ലോകം വന്‍ദുരന്തത്തെ നേരിടേണ്ടിവരുമെന്ന പരിസ്ഥിതിശാസ്ത്രജ്ഞരുടെ നിരീക്ഷണമാണ് എന്തുകൊണ്ട് സ്‌കൂള്‍വിട്ടുവന്ന് സമരം ചെ ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് ഗ്രേറ്റ വ്യക്തമാക്കുന്നു. സ്വീഡിഷ് പാര്‍ലമെന്റിന് മുന്‍പിലിരിക്കുന്നതും വിമര്‍ശനത്തിന് കാരണമായി. ”കാര്‍ബണ്‍ പാദമുദ്ര പതിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. അതുകൊണ്ടാണ് ഞാന്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സമരം ചെയ്തത്. ഭാവിതലമുറയ്ക്ക് 3.2 വര്‍ഷം ഉപയോഗിക്കേണ്ട വിഭവങ്ങള്‍ സ്വീഡന്‍ ഒറ്റയ്ക്ക് ഓരോ വര്‍ഷവും ചൂഷണം ചെയ്യുന്നു.” ഇവിടെയും ഗ്രേറ്റയുടെ സ്വരം ദൃഢമായിരുന്നു.

ഗ്രേറ്റയുടെ പ്രതിഷേധം ലോകത്തെമ്പാടുമുള്ള കുട്ടികളിലുണ്ടാക്കിയ ചലനം ചെറുതല്ല. 2019 ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ 10,000 കുട്ടികള്‍ ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിച്ചത് ഉദാഹരണം. സെപ്റ്റംബര്‍ 20 മുതല്‍ ഒരാഴ്ച നീണ്ടുനിന്ന സമരത്തിലും ലോകത്തെമ്പാടും ലക്ഷക്കണക്കിന് കുട്ടികള്‍ ക്ലാസ് ഉപേക്ഷിച്ച് പങ്കെടുത്തു.

ശാസ്ത്രം പഠിച്ചും പറഞ്ഞും

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് പോറത്തിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയ ഗ്രേറ്റ തലേന്ന് രാത്രി മൈനസ് 18 ഡിഗ്രി തമുത്ത കാലാവസ്ഥയിലും കാലാവസ്ഥാ ശാസ്ത്രജ്ഞരോടൊപ്പം സമയം ചെലവഴിച്ചു. ഈലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനും അവ ലോകത്തോട് പറയാനും ശാസ്ത്രത്തിന്റെ പിന്‍ബലം ആവശ്യമാണെന്ന് അവള്‍ക്കറിയാം. ചെറുപ്പത്തിലേ പരിസ്ഥിതിശാസ്ത്രത്തോടുള്ള ഇഷ്ടമാവാം കാലാവസ്ഥാവ്യതിയാനം തടയാനുള്ള പ്രവര്‍ത്തനങ്ങളെ ഇത്ര ഗൗരവത്തോടെ കാണാന്‍ ഗ്രേറ്റയെ പ്രേരിപ്പിച്ചത്. ഗ്രേറ്റയുടെ പ്രസംഗങ്ങളെല്ലാം ഹ്രസ്വമാണെങ്കിലും അവയിലെല്ലാം ശാസ്ത്രീയമായ കണ്ടെത്തലുകളുണ്ടാകും. ഇതിനായി നിരന്തരം പഠിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട് ഗ്രേറ്റ. അമേരിക്കന്‍ പാര്‍ലമെന്റിന്റെ ക്ലൈമറ്റ് ക്രൈസിസ് കമ്മിറ്റിയുടെയും വിദേശകാര്യസമിതിയുടെയുംസംയ്കുതയോഗത്തില്‍ ഗ്രേറ്റ പറഞ്ഞു:

”നിങ്ങള്‍ എന്നെ ശ്രദ്ധിക്കേണ്ടതില്ല, നിങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കൂ.” ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടാണ് ഇവിടെ ഗ്രേറ്റ ആധാരമാക്കിയത്. മറ്റൊരവസരത്തില്‍ രാഷ്ട്രത്തലവന്മാരുടെ ശ്രദ്ധ ക്ഷണിക്കാനായുള്ള പ്രസംഗത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗത്തെക്കുറിച്ച് ഗ്രേറ്റ ചൂണ്ടിക്കാണിച്ചു:

”ദിവസം 100 ദശലക്ഷം ബാരല്‍ എണ്ണ നമ്മള്‍ ഉപയോഗിക്കുന്നു. ഇത് മാറ്റാനുള്ള രാഷ്ട്രീയം എവിടയുമില്ല. നിയമംകൊണ്ട് ഇതൊന്നും മാറ്റാനാവില്ല. എല്ലാ നിയമങ്ങളും മാറണം അതാണ് വേണ്ടത്. സിവില്‍ നിയമലംഘനത്തിന് സമയമായിരിക്കുന്നു. പോരാട്ടത്തിനുള്ള സമയം.”

2018-ല്‍ ലണ്ടന്‍ സ്‌ക്വയറില്‍ നടന്ന പ്രസംഗവും 2019-ല്‍ യു.എന്‍.സമ്മേളനവേദിയില്‍ പറഞ്ഞതുമെല്ലാം ആര്‍ക്കുംഘണ്ഡിക്കാന്‍ പറ്റാത്ത ശാസ്ത്രീയവിശകലനങ്ങളായിരുന്നു. ചുഴലിക്കാറ്റിനെ അണുബോംബിട്ട് നിയന്ത്രിക്കാമെന്ന് വിടുവായത്തരം പറയുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കാര്യങ്ങള്‍ പഠിച്ചുപറയുന്നു, ഈ പതിനാറുകാരി.

ഗ്രേറ്റ മിതഭാഷിയാണ്. പക്ഷേ, കാര്യങ്ങള്‍ തുറന്നടിക്കും. ചിലപ്പോള്‍ വിമര്‍ശനത്തിന്റെ മുനയില്‍ പരിഹാസം പുരട്ടും. കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ അന്നത്തെ പ്രധാനമന്ത്രി തെരേസ മേയ്, കാലാവസ്ഥാവ്യതിയാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികള്‍ ആഹ്വാനം ചെയ്ത ക്ലാസ് ബഹിഷ്‌കരണം തടഞ്ഞു. അതിനവര്‍ പറഞ്ഞ കാരണം, പഠിക്കാനുള്ള സമയം പാഴാകുമെന്നായിരുന്നു. ഉടനെ ഗ്രേറ്റ ടിറ്ററില്‍ കുറിച്ചു: ”രാഷ്ട്രീയനേതാക്കള്‍ നിഷ്‌ക്രിയരായി 30 വര്‍ഷം പാഴാക്കി. അതും മോശംതന്നെ.” നിങ്ങളുടെ നിശ്ശബ്ദത മറ്റെന്തിനക്കാളും മോശമാണെന്ന സ്റ്റോക്‌ഹോമിലെ ക്ലൈമറ്റ് മാര്‍ച്ചിലെ പ്രസംഗവും നിങ്ങളുടെ വീടിന് തീപ്പിടിച്ചിരിക്കുന്നുവെന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രയോഗവും ഗ്രേറ്റയുടെ മൂര്‍ച്ചയുള്ള വിമര്‍ശനത്തിന് ഉദാഹരണങ്ങള്‍.

ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് റിപ്പോര്‍ട്ടില്‍ നിന്ന് ഗ്രേറ്റ സ്ഥിരമായി ഉദ്ധരിക്കുന്ന ഒരു ഭാഗം ഇതാണ്: ”തിരുത്താന്‍ കഴിയാത്തവിധം നമ്മുടെ തെറ്റുകള്‍ പരിണമിക്കുന്നതില്‍നിന്നും കഷ്ടിച്ച് 12 വര്‍ഷം മാത്രം അകെലയാണ് നാം.”

ഗ്ലോബര്‍ ക്ലൈമറ്റ് സ്‌ട്രൈക്ക്

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഭരണകൂടങ്ങള്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രേറ്റ തുടങ്ങിയ സമരത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗ്ലോബല്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് പ്രസ്ഥാനം രൂപം കൊണ്ടത്. ആദ്യസമരം 2019 മാര്‍ച്ചില്‍ നടന്നു. 125 രാജ്യങ്ങളില്‍നിന്നായി 16 ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുത്തു.

രണ്ടാംഘട്ടമായി മേയ് മാസത്തില്‍ വിവിധ രാജ്യങ്ങളിലായി 1600 കൂട്ടായ്മകള്‍ സംഘടിക്കപ്പെട്ടു. മൂന്നാംഘട്ടമാണ് സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ നടന്നത്. ഇതില്‍ 76 ലക്ഷത്തോളം പേര്‍ പങ്കാളിയായെന്നാണ് കണക്ക്. ഇതിനായി 8583 വെബ്‌സൈറ്റുകള്‍ സജീവമായി. 185 രാജ്യങ്ങളിലായി 820 സംഘടനകളും 73 ട്രേഡ് യൂണിയനുകളും സമരത്തില്‍ കൈകോര്‍ത്തെന്ന് ഗ്ലോബല്‍ സ്‌ട്രൈക്ക് നെറ്റ് അവകാശപ്പെടുന്നു.

ക്ലൈമറ്റ് സ്‌ട്രൈക്കിന്റെ വേദികളില്‍ ഗ്രേറ്റ ആവര്‍ത്തിച്ചു: ”കുട്ടികളും യുവാക്കളുമാണ് ഇനിയുള്ള പ്രതീക്ഷ. അവരാണ് ലോകത്തെ രക്ഷിക്കാനുള്ളത് എന്ന് പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇത് അസാവസ്ഥ്യജനകമാണ്. നിങ്ങള്‍ മുതിര്‍ന്നവര്‍ ഞങ്ങളെ അല്പം സഹായിച്ചെങ്കിലെന്ന് ചിന്തിച്ചുപോവുകയാണ്.”

ഈ ചോദ്യം ഗ്രേറ്റയുടേതു മാത്രമല്ല, സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ചൂഷണം ചെയ്യപ്പെട്ട് നാശോന്മുഖമായ പ്രകൃതിയെ ആശങ്കയോടെ നോക്കിക്കാണുന്ന മുഴുവന്‍ കുട്ടികളുടെതുമാണെന്ന് ലോകം തിരിച്ചറിയുകയാണ്.

ഗ്രേറ്റ തുന്‍ബെര്‍ഗ്

2003-ല്‍ സ്റ്റോക്ഹോമില്‍ ജനിച്ചു. മാതാവ് ഓപ്പറ ഗായികയായ മലേന എമ്മന്‍. പിതാവ് നടന്‍ സ്വാന്തേ തുന്‍ബെര്‍ഗ്. ചെറുപ്പത്തില്‍ ആസ്പെര്‍ജീസ് രോഗവും ഒബ്സസീവ് കംപല്‍സീവ് ഡിസോര്‍ഡറും ഉണ്ടെന്ന് കണ്ടെത്തി. എട്ടാം വയസ്സില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് കേട്ടിരുന്നതായും മനസ്സിലാക്കാന്‍ ശ്രമിച്ചതായും ഗ്രേറ്റ പിന്നീട് പറഞ്ഞിട്ടുണ്ട്. 2018-ല്‍ വിദ്യാലയത്തില്‍നിന്ന് പുറത്തുവന്ന് ക്ലൈമറ്റ് സ്ട്രൈക്ക് പ്രസ്ഥാനത്തിന് തുടക്കമിട്ടു. 2019 മെയ് മാസത്തില്‍ ഗ്രേറ്റയുടെ പ്രസംഗം ഉള്‍പ്പെട്ട ‘നോ വണ്‍ ഈസ് ടു സ്മോള്‍ ടു മെയ്ക് എ ഡിഫെറന്‍സ്’ പുറത്തിറങ്ങി. മാതാപിതാക്കളോടും സഹോദരി ബീറ്റയോടൊപ്പവും ചേര്‍ന്ന് എഴുതിയ രണ്ടാമത്തെ പുസ്തകമാണ് ‘സീന്‍സ് ഫ്രം ദ ഹാര്‍ട്ട്.’

അവാര്‍ഡുകള്‍

2018-ല്‍ സ്വീഡിഷ് ഇലക്ട്രിക് കമ്പനിയായ ടെല്‍ഗെ എനര്‍ജി ഗ്രേറ്റയ്ക്ക് ചില്‍ഡ്രന്‍സ് ക്ലൈമറ്റ്
ഗ്രേറ്റ തുന്‍ബെര്‍ഗ് പ്രൈസ് പ്രഖ്യാപിച്ചെങ്കിലും അവര്‍ അത് നിരസിച്ചു. ടൈം മാസിക 2018-ല്‍ ലോകത്തിലെ സ്വാധീനശക്തിയുള്ള 25 കൗമാരക്കാരിലൊരാളായി തിരഞ്ഞെടുത്തു. അതേവര്‍ഷം ഫ്രൈഷസെറ്റ് എന്ന സംഘടനയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചു. 2019-ല്‍ സ്വീഡിഷ് വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ജര്‍മനിയില്‍നിന്നുള്ള ഗോള്‍ഡന്‍ ക്യാമറ സ്പെഷ്യല്‍ ക്ലൈമറ്റ് പ്രൊട്ടക്ഷന്‍ അവാര്‍ഡ്, ഫ്രാന്‍സില്‍നിന്ന് പ്രിക്സ് ലിബെര്‍ട്ടെ അവാര്‍ഡ്,നോര്‍വേയില്‍നിന്ന് ഫ്രിറ്റ് ഓര്‍ഡ്സ് പ്രൈസ്, ബെല്‍ജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് മോണ്‍സിന്‍റെ ഓണററി ബിരുദം, റോയല്‍ സ്കോട്ടിഷ് ജ്യോഗ്രഫിക്കല്‍ സൊസൈറ്റിയുടെ പുരസ്കാരം, ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ്, റൈറ്റ് ലൈവ്ലി ഹുഡ് അവാര്‍ഡ് തുടങ്ങിഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചു. 2019 ഏപ്രിലില്‍ ടൈം ഈ വര്‍ഷത്തെ 100 സ്വാധീനശക്തിയുള്ള വ്യക്തികളിലൊരാളായി തിരഞ്ഞെടുത്തു. സ്വീഡിഷ് പാര്‍ലമെന്‍റിലെയും നോര്‍വേ പാര്‍ലമെന്‍റിലെയും അഞ്ചംഗങ്ങള്‍ ഗ്രേറ്റയെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.

Leave a Reply