24 വര്‍ഷം മുന്‍പ് മണ്‍മറഞ്ഞ ഒരു കലാകാരന്‍റെ സ്മൃതിമണ്ഡപത്തില്‍ ഒത്തു കൂടിയവര്‍. അനുഭവങ്ങളുടെ ഉള്‍ക്കരുത്ത് അവരുടെ വാക്കുളില്‍.
എന്‍.എന്‍.പിള്ള എന്ന നാടകാചാര്യന്‍ 1995 നവംബര്‍ 14-ന് ചമയങ്ങള്‍ അഴിച്ച്, തന്‍റെ ജീവിതത്തിന്‍റെ, യവനിക സ്വയം താഴ്ത്തി.
മൂന്നാമത്തെ ബെല്ലോട് കൂടി നാടകം ആരംഭിച്ചിരുന്ന വിശ്വകേരള കലാസമിതി എന്ന നാടകകുടുംബത്തിന്‍റെ കാരണവര്‍ തന്‍റെ നിഷേധങ്ങള്‍ക്ക് പൂര്‍ണവിരാമം നല്‍കി.
28 നാടകങ്ങള്‍, 40-ല്‍ പരം ഏകാങ്കങ്ങള്‍.
നാടകത്തെക്കുറിച്ച്, ദൃശ്യകലയെക്കു
അനുസ്മരണം
കാതലുള്ള ധിക്കാരി
മുരളി കെ.കൈമള്‍
റിച്ച്, സ്റ്റേജിനെക്കുറിച്ച് ആധികാരികപഠനങ്ങളായ കര്‍ട്ടന്‍, നാടകദര്‍പ്പണം എന്നിവയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിച്ചു.
ഞാന്‍ എന്ന ആത്മകഥ മാത്രം മതി അദ്ദേഹത്തിന്‍റെ തീവ്ര അനുഭവങ്ങളുടെ കര്‍ട്ടന്‍ ഉയര്‍ത്താന്‍.
ഒളശ്ശ ഡയനീഷ്യയിലെ സ്മൃതി മണ്ഡപത്തില്‍ ഒത്തുചേര്‍ന്നവര്‍ പങ്കുവച്ചത് തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഈ മഹാനായ കലാകാരനെ പറ്റിയായിരുന്നു.
വാക്കുകള്‍ വികാരങ്ങള്‍ക്ക് വഴിമാറുന്നതിന് കേള്‍വിക്കാര്‍ സാക്ഷികളായി.
80ാം വയസ്സിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന തോപ്പില്‍ ആന്‍റോ എന്ന ഗായകന്‍ 1963-ലാണ് എന്‍.എന്‍.പിള്ളയെ കണ്ടത്. അദ്ദേഹത്തിന്‍റെ നാടകത്തില്‍ പാടിയത്.
ഒന്നേകാല്‍ രൂപ ആയിരുന്നു അന്ന് എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്താന്‍ സ്വരാജ് ബസ്സിലെ ടിക്കറ്റ് ചാര്‍ജ്. കോട്ടയത്തു നിന്ന് ബസ്സില്‍ ഒളശ്ശയില്‍ എത്തി നാടക ക്യാമ്പില്‍ റിഹേഴ്സല്‍… സാമൂഹ്യ മാറ്റത്തിന്‍റെ ശംഖൊലിയായി നാടകവും, കലയും കേരളത്തില്‍ നിലകൊണ്ട കാലമായിരുന്നു അത് എന്ന് ആന്‍റോ ഓര്‍ത്തെടുത്തു.
എന്‍.എന്‍.പിള്ള എഴുതി, ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ആ ഗാനം സുബര്‍ക്കത്തിലെ മലക്കുകളുടെ ആഹാരത്തെ കുറിച്ച് ആയിരുന്നു. പ്രൊഫഷണല്‍ നാടകസംഗീത രംഗത്തേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയ എന്‍.എന്‍.പിള്ളയെ കാണാന്‍ അന്നത്തെ സാംസ്കാരിക നായകന്മാരും പത്രാധിപന്മാരും ഒളശ്ശയിലേക്ക് എത്തുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൗമുദി ബാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് ശങ്കരന്‍കുട്ടി എന്നിവരുമായി പരിചയപ്പെട്ടത് സാറിന്‍റെ സാഹിത്യചര്‍ച്ചകള്‍ക്ക് അവര്‍ ഒളശ്ശയില്‍ എത്തുമ്പോളായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.
90 വയസ്സുള്ള മരട് ജോസഫ് എന്ന മഹാനാടക നടന്‍ സ്മൃതിണ്ഡപത്തില്‍ ദീപം തെളിയിച്ചു.
24 വര്‍ഷത്തിനുശേഷം പിതാവിന്‍റെ സ്മൃതിമണ്ഡപത്തില്‍, തിരി തെളിച്ച്, പുഷ്പാര്‍ച്ചന നടത്തിയ മകനും പ്രശസ്ത നടനുമായി വിജയരാഘവന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു.
അച്ഛന്‍ ഈശ്വരനില്‍ വിശ്വസിച്ചിരുന്നില്ല. അച്ഛന് മരണാനന്തരകര്‍മങ്ങളില്‍വിശ്വാസവും ഇല്ലായിരുന്നു.
പക്ഷേ മരണശേഷം അച്ഛന്‍റെ ശരീരം അഗ്നിക്ക് ഇരയാക്കി, കര്‍മങ്ങള്‍ അനുഷ്ഠിച്ചു. ഇത് ഒരു മകന്‍റെ

യും, ഒരു കുടുംബത്തിന്‍റെയും കടമയായിരുന്നു. അതുകൊണ്ട് അഗ്നിക്ക് ഇരയായത് ശരീരം മാത്രമാണ്, പക്ഷേ അച്ഛന്‍ എപ്പോഴും തന്നോടൊപ്പം ഉണ്ട് എന്ന് ഉറച്ചുവിശ്വസിക്കുന്ന മകനായി വിജയരാഘവന്‍ മാറുമ്പോള്‍, അവിടെ കൂടിയ മുഴുവന്‍ കലാകാരന്മാരുടെയും ഉള്ളില്‍ നാടകാചാര്യനായ എന്‍.എന്‍.പിള്ള സാറിന്‍റെ ശബ്ദം മുഴങ്ങി. കൂട്ടുകാരനായി തന്നെ കരുതിയ അച്ഛനെ കുറിച്ച് പറയുമ്പോള്‍, തന്നെ ബലവാനാക്കിയ അച്ഛനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു. പ്രീഡിഗ്രികാലത്ത് വെള്ളിയാഴ്ച ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ എത്തിയ തന്നോട് നാടകവണ്ടിയില്‍ കയറാന്‍ അച്ഛന്‍ പറഞ്ഞു. അന്ന് വൈകിട്ട് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ കാപാലിക നാടകം. പ്രധാന നടനായ മരട് ജോസഫ് എത്തിയിട്ടില്ല. വണ്ടി ഓടുന്നതിനിടയില്‍ അച്ഛന്‍റെ നിര്‍ദേശം വന്നു.
കുട്ടന്‍ ഇന്ന് ആ വേഷം ചെയ്യട്ടെ. 68 വയസ്സുള്ള കുന്നംകുളം ഇട്ടൂപ്പായി മരട് പകര്‍ന്നാടിയ വേഷമാണ്.ആ വേഷം ചെയ്യാന്‍ തനിക്ക് പറ്റില്ല എന്ന് പറയാന്‍ പാടില്ല. അച്ഛന്‍ അനുവദിക്കില്ല.
രണ്ടാമത്തെ സീനില്‍ തെറ്റിച്ച ഡയലോഗുമായി പ്രവേശിച്ച തന്നെ കയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചു.
ഇതിനുള്ള ധൈര്യം എന്‍.എന്‍.പിള്ള എന്ന അച്ഛന്‍ സമ്മാനിച്ചതാണ് എന്ന് അദ്ദേഹം ഓര്‍ത്തു.
വിശ്വകേരള കലാസമിതി എന്നത് നാടകകുടുംബമായിരുന്നു.
മുപ്പത്തിയാറാം വയസ്സില്‍ വിധവയായി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്ന തന്നെ ഒളശ്ശ വീട്ടില്‍ വിളിച്ച് വരുത്തിയത് പിള്ളസാര്‍ ആയിരുന്നു എന്ന് പി.കെ.മേദിനി എന്ന ഗായിക ഓര്‍ത്തെടുത്തു. തനിക്ക് അഭയമരുളി, ഭക്ഷണം തന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ച എന്‍.എന്‍.പിള്ള സാര്‍ തന്നെ നാടാകാഭിനയത്തിന് പ്രേരിപ്പിച്ചില്ല എന്ന് അവര്‍ ഓര്‍മിച്ചു. പക്ഷേ നാടകത്തില്‍ രണ്ട് ഗാനങ്ങള്‍ പാടാന്‍ നല്‍കി തന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീ, സമൂഹത്തില്‍ എന്താവണം എന്ന് പറഞ്ഞുതന്ന ഗുരുനാഥനായിരുന്നു എന്‍.എന്‍.പിള്ള എന്ന് അവര്‍ ഓര്‍മിച്ചു.
വിശ്വകേരള കലാസമിതിയിലും, എന്‍.എന്‍.പിള്ള സാറിന്‍റെ നാടകങ്ങളിലും സഹകരിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പരന്ന വായനയിലൂടെയും, ലോക സഞ്ചാരത്തിലൂടെയും അറിവിന്‍റെ നിറകുടമായി മാറിയ എന്‍.എന്‍.പിള്ളയെ ഓര്‍മിച്ചത് പി.ആര്‍ ഹരിലാല്‍ ആയിരുന്നു. ആര്‍ടിസ്റ്റ് സുജാതന്‍ നേതൃത്വം നല്‍കുന്ന ആത്മ എന്ന സംഘടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മരട് ജോസഫ്, ശ്രീദേവി, നിലമ്പൂര്‍ മണി, മനോഹരി, ലേഖ, സതി, കല തുടങ്ങിയ നാടകപ്രവര്‍ത്തകര്‍, എന്‍.എന്‍.പിള്ള സാറിനെ അടുത്തറിഞ്ഞ ഡോ.ബാലചന്ദ്രന്‍, കോട്ടയം പത്മന്‍, രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
മേദിനി, മരട് ജോസഫ്, തോപ്പില്‍ ആന്‍റോ എന്നിവര്‍ പഴയ ഗാനങ്ങള്‍ പാടി. മഹാനായ കലാകാരനെ അനുസ്മരിക്കേണ്ടത് ഇങ്ങനെയായിരിക്കണം എന്ന സന്ദേശം ഈ കൂട്ടായ്മ പകര്‍ന്നുതന്നു.
എന്‍.എന്‍.പിള്ള സാറിന്‍റെ കുടുംബം ഒരുക്കിയ സ്നേഹവിരുന്നില്‍ പങ്കെടുത്താണ് എല്ലാവരും ഡയനീഷ്യയുടെ പടവുകള്‍ ഇറങ്ങിയത്.

Leave a Reply