തിരകള്‍ നിറച്ച കൈത്തോക്ക് അവന്‍ തന്‍റെ അരയുടെ പുറകില്‍ തിരുകി. ഒരു പ്രത്യേക ലക്ഷ്യവുമായാണ് അവന്‍ പുറപ്പെട്ടിരിക്കുന്നത്. അവന്‍റെ യഥാര്‍ത്ഥ ശത്രുവിനെ കണ്ടുപിടിക്കുക, നശിപ്പിക്കുക. അവന്‍ നേരേ പോയത് അവന്‍റെ അമ്മയുടെ അടുത്തേക്കാണ്.

അവന്‍ പതിയെ തന്‍റെ അരയില്‍ നിന്നും കൈത്തോക്ക് പുറത്തേക്ക് എടുത്തു. അവന്‍റെ കാല്‍പെരുമാറ്റം കേട്ട് അവന്‍റെ അമ്മ ഒന്നുതിരിഞ്ഞ് അവന്‍റെ നേര്‍ക്ക് പുഞ്ചിരിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍റെ കൈയ്യിലിരിക്കുന്ന കൈത്തോക്കും അവന്‍റെ മുഖത്തെ അസാധാരണ ഭാവവ്യത്യാസംവും കണ്ട് അവര്‍ തെല്ലൊന്നു അമ്പരന്നു. അവന്‍ തന്‍രെ മാതാവിന്‍റെ മുഖത്തെ ചോദ്യഭാവത്തിന് ഉത്തരം എന്നോണം ഇങ്ങനെ പറഞ്ഞു:

“ഞാന്‍ എന്‍റെ ശത്രുവിനെ തിരക്കി വന്നതാണ്.”

ഇത് കേട്ട് അമ്മ അത്ഭുതം നിറഞ്ഞ മിഴികളോടെ അവനെ നോക്കി. അവന്‍ പറഞ്ഞു:

“നിങ്ങളാണ് എന്‍റെ ശത്രു.” അല്പം വിഷമത്തോടെയും അത്ഭുതത്തോടെയും അവര്‍ തിരികെ ചോദിച്ചു.

“ഞാനോ?”

അവന്‍ തോക്കുമായി അവരുടെ ഏറ്റവും അടുത്തേക്ക് ചെന്നു പറഞ്ഞു:

“അതെ, നിങ്ങളാണ് എനിക്കറിയാവുന്ന എന്‍റെ ശത്രു. കാരണം നിങ്ങള്‍ എന്‍റെ അനുവാദമില്ലാതെ എന്നെ സൃഷ്ടിച്ചു”.

ഇതുകേട്ട് മാതാവിന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. അവര്‍ പറഞ്ഞു: “മകനെ, സൃഷ്ടി എന്നത് എന്‍റെ അധീനതയില്‍ ഉള്ള കാര്യമല്ല. ഒരു സ്ത്രീയുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അണ്ഡം പുരുഷബീജവുമായി ചേര്‍ന്ന് ഉണ്ടാകുന്ന ഭ്രൂണം, അത് വളര്‍ത്തിയെടുത്ത് പുറംലോകത്ത് എത്തിക്കുക എന്നത് മാത്രമാണ് എന്‍റെ ജോലി. അതിന് ഞാനൊരു നിമിത്തം ആകുന്നു എന്ന് മാത്രം. അതുകൊണ്ട് ഞാന്‍

കഥ

ഫിലിപ്പ് തോമസ്

ശത്രു

നിന്‍റെ ശത്രു ആകുന്നില്ല.”

ഇത് കേട്ട് അവന്‍ കുറച്ചുകൂടി അവരുടെഅടുത്തേക്ക് ചെന്നിട്ട് ചോദിച്ചു:

“എന്തുകൊണ്ട് സകല പരാജയങ്ങളും ഏറ്റുവാങ്ങാന്‍ നിങ്ങളെന്നെ സൃഷ്ടിച്ചു?, ദുഷ്ടയാണ് നിങ്ങള്‍. എന്തുകൊണ്ട് എന്നെ സൃഷ്ടിച്ചു എന്നതിന് കൃത്യമായ ഉത്തരം എനിക്ക് കിട്ട

 

ണം. അല്ലെങ്കില്‍ ഇന്നു നിങ്ങളെ ഞാന്‍ കൊല്ലും.”

ഇതുകേട്ട് അവന്‍റെ അമ്മ അവന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “മകനെ, രണ്ട് അസ്ഥികള്‍ അകന്നു മാറുന്ന ആ ദിവസം, ഒരു സ്ത്രീ ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന ആ സമയം, നീ ലോകത്തിലേക്ക് വന്നെത്തുന്ന ആ നിമിഷം. അതില്‍ കൂടുതല്‍ വേദനയൊന്നും എന്‍റെ മകന് എനിക്ക് സമ്മാനിക്കാനാവില്ല. അതുകൊണ്ട് എന്നെ കൊന്നെങ്കില്‍ മാത്രമേ നിനക്ക് ജീവിതവിജയം സാധ്യമാകൂ എങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. എത്രയോ ഭ്രൂണങ്ങള്‍ മനുഷ്യരൂപത്തില്‍ ഉരുണ്ടുകൂടിയിട്ടും അതിനെ ഗര്‍ഭത്തില്‍വച്ച് തന്നെ മുറിച്ചുതള്ളുന്ന മാതാക്കളില്‍ നിന്നും വ്യത്യസ്തയായി നിന്നെ ഭൂമിയിലേക്ക് പിറന്നുവീഴാന്‍ കാരണക്കാരിയായതിന്, പിറന്നപ്പോള്‍ തന്നെ തെരുവിലോ ഓടകളിലോ ഉപേക്ഷിക്കാതിരുന്നതിന്,… അങ്ങനെയെങ്കില്‍ ഞാനാണ് നിന്‍റെ ശത്രു. എന്നെ വധിക്കുന്നതിലൂടെ നിനക്ക് ജീവിതവിജയം ലഭിക്കുമെങ്കില്‍ ഇതാ ഞാന്‍ തയ്യാര്‍;” ഇത്രയും പറഞ്ഞ് ആ അമ്മ അവന്‍റെ മുന്‍പില്‍ വെടിയുണ്ട ഏല്‍ക്കാന്‍ പാകത്തിന് ശിരസ്സ് കുനിച്ച് കണ്ണുകള്‍ അടച്ചുനിന്നു. അവന്‍ ഒന്നും മിണ്ടാതെ അവിടെനിന്നും നനടന്നകന്നു.

അവന്‍ രണ്ടാമതായി പോയത് അവന്‍റെ പിതാവിന്‍റെ അടുത്തേക്കാണ്. തന്‍റെ നേരെ തോക്കും ചൂണ്ടി വരുന്ന മകനെ കണ്ട് പിതാവ് തെല്ലൊന്ന് അമ്പരന്നു. അയാള്‍ പറഞ്ഞു:

“മകനെ, പിതൃസ്വത്ത് ഞാന്‍ ഓഹരി വെച്ചുകഴിഞ്ഞു. എന്‍റെ കാലശേഷം നിനക്ക് ലഭിക്കേണ്ടത് എല്ലാം തന്നെ ലഭിക്കും.”

ഇതുകേട്ട് അവന്‍ പുച്ഛത്തോടെ പറഞ്ഞു:

“അതിനല്ല ഞാന്‍ വന്നത്, നിങ്ങളാണ് എന്‍റെ ശത്രു എന്നറിഞ്ഞുകൊണ്ട്, നിങ്ങളാണ് എന്‍റെ പരാജയങ്ങള്‍ക്കെല്ലാം കാരണം എന്ന കണ്ടെത്തലുകൊണ്ട്, അതുകൊണ്ട് നിങ്ങളെ എനിക്ക് കൊന്നേ തീരൂ….” ഇതുകേട്ട് ആ പിതാവ് തെല്ലൊന്ന് അമ്പരന്നു; പിന്നീട് സമചിത്തത വീണ്ടെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു.

“മകനെ, ജീവിതവുമായുള്ള സമരത്തിനിടയില്‍ നിന്നെ എനിക്ക് ശ്രദ്ധിക്കാനായില്ല എന്നത് സത്യം തന്നെ, നിനക്ക് പലകഴിവുകളും ഉണ്ടായിരുന്നു. അതിനെ ഒന്നും പരിപോഷിപ്പിക്കുവാനോ, പ്രോത്സാഹിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞില്ല, അതൊന്നും ചിന്തിക്കാനുള്ള സമയം എനിക്കില്ലായിരുന്നു. ഞാന്‍ എന്‍റെ ആരോഗ്യം പോലും കളഞ്ഞ് കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോള്‍ എല്ലാവരും പട്ടിണിയില്ലാതെ നല്ല വസ്ത്രങ്ങളണിഞ്ഞ് നല്ല പാര്‍പ്പിടത്തില്‍ താമസിക്കുക എന്നൊന്നുമല്ലാതെ മറ്റൊന്നും മനസ്സിലില്ലായിരുന്നു. എന്‍റെ സ്വപ്നങ്ങളെ ഞാന്‍ ആകാശത്തോളം ഉയര്‍ത്താതെ മാറ്റിവെച്ച് നിങ്ങളുടെ സന്തോഷം എന്ന സ്വപ്നത്തിനുവേണ്ടി അധ്വാനിച്ചു. അതെല്ലാം തെറ്റായിരുന്നു എങ്കില്‍ നീ എന്നെ കൊന്നു കുറ്റക്കാരനാകേണ്ട. ആ തോക്ക് ഇങ്ങ് തന്നോളൂ, ഞാന്‍ സ്വയം ജീവനൊടുക്കാം. അങ്ങനെ ഞാന്‍ നിന്‍റെ ശത്രുവാണെങ്കില്‍ സ്വയം ഇല്ലാതെയാകാം.”

 

ഇതുകേട്ട് അവന്‍ തോക്ക് അരയില്‍ തിരുകി മൂകമായി നടന്നുനീങ്ങി.

അവന്‍റെ തോക്കും ചൂണ്ടിയുള്ള വരവ് കണ്ടപ്പോള്‍തന്നെ അവന്‍റെ ജ്യേഷ്ഠന്‍ കൈനീട്ടി തടുത്തു.

“എന്താ, എന്താ നീ ഈ കാണിക്കുന്നത്? ഇത് കളിപ്പാട്ടമല്ല.”

അതിന് മറുപടിയായി അവന്‍ പറഞ്ഞു.

“ഞാന്‍ കളിക്കാന്‍ വന്നതല്ല. നിങ്ങളെ കൊല്ലാന്‍ വന്നതാണ്.”

ഇതുകേട്ട് ജ്യേഷ്ടന്‍ അവനെ സംശയത്തോടെ നോക്കിയിട്ട് ചോദിച്ചു:

“എന്തിന്, എന്ത് തെറ്റാണ് ഞാന്‍ നിന്നോട് ചെയ്തത്?”

അവന്‍ തോക്ക് ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു:

“നിങ്ങളാണ്, നിങ്ങളാണെന്‍റെ ശത്രു, എനിക്ക് വരാവുന്ന പല്ല നല്ല കാര്യങ്ങളും തകര്‍ത്തത് നിങ്ങളാണ്.” സ്തബ്ധനായി നിന്ന ജ്യേഷ്ഠനോട് അവന്‍ ശബ്ദം ഉയര്‍ത്തിത്തന്നെ പറഞ്ഞു:

“നിങ്ങള്‍ എനിക്ക് മുന്‍പേ നടന്നുപോയവനാണ്. എന്നിട്ടും കല്ലുകളും മുള്ളുകളും അപകടങ്ങളും ചതിക്കുഴികളും നിറഞ്ഞ ഈ ലോകത്തെപ്പറ്റി എന്തുകൊണ്ട് നിങ്ങളെനിക്ക് പറഞ്ഞുതന്നില്ല.” ഇതു കേട്ട് ജ്യേഷ്ഠന്‍ പറഞ്ഞു:

“അനുജാ, ഞാന്‍ പോയവഴി അല്ല നിന്‍റേത്. ഓരോ വഴിയും വ്യത്യസ്തമാണ്. അത് എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതനുസരിച്ച് ഇരിക്കും ലക്ഷ്യത്തിലെത്തുന്നതും. കുറുക്കുവഴികള്‍ നമ്മെ കൂടുതല്‍ മോഹിപ്പിക്കും. തുടക്കത്തില്‍ ആവേശഭരിതരാക്കും. വ്യക്തതയുള്ള നേരായ വഴിയാണ് അല്പം താമസിച്ചാലും ലക്ഷ്യത്തിലെത്താന്‍ നല്ലത്. ഇത് നീ സ്വയം തിരിച്ചറിയേണ്ടതാ

 

ണ്. മറ്റുള്ളവര്‍ പറഞ്ഞുതന്നാലും അത് നിന്നോടുള്ള അസൂയകൊണ്ടാണെന്നേ നിനക്ക് തോന്നുകയുള്ളൂ. ഇനി ഈ പറഞ്ഞവ മുഴുവന്‍ കള്ളമാണെങ്കില്‍ എന്നെ നീ കൊന്നുകൊള്ളൂ….”

ഇതുപറഞ്ഞ് അയാള്‍ വെടിയുണ്ടയേല്‍ക്കാന്‍ പാകത്തിന് നെഞ്ചുവിരിച്ചുനിന്നു. അവന്‍ ഒന്നും മിണ്ടാതെ തോക്ക് പതിയെ അരയിലേക്ക് തിരുകി നടന്നുനീങ്ങി.

പെങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ അവന്‍ പെങ്ങളെ ഒന്നു നോക്കി. അനിയന്‍ വന്ന സന്തോഷത്തില്‍ തന്‍റെ കുഞ്ഞിനെയും എടുത്തുകൊണ്ട് അവള്‍ അവന്‍റെ അടുത്തേക്ക് ചെന്നു. എന്നാല്‍ തന്‍റെ നേരെ തോക്കൂചൂണ്ടി വരുന്ന അവനെ കണ്ടപ്പോള്‍ അവള്‍ക്ക് തമാശയാണ് തോന്നിയത്. അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു, “നീ എന്നെ കൊല്ലാന്‍ വന്നതാണോ?” അതിന് അവന്‍ ഗൗരവഭാവത്തില്‍, “അതെ” എന്ന് ഉത്തരം പറഞ്ഞു. ഇതുകേട്ട് പെങ്ങള്‍ ചോദിച്ചു:

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”

അവന്‍ പറഞ്ഞു:

“അതെ എന്‍റെ പരാജയങ്ങള്‍ കാരണം എനിക്ക് ഭ്രാന്തായി.” പെങ്ങള്‍ തെല്ലു വിഷമത്തോടെ ചോദിച്ചു:

“എന്നെ കൊല്ലണം എന്ന് നിനക്ക് തോന്നാന്‍ കാരണം എന്താണ്?”

അവന്‍ അവളുടെ മുഖത്തേക്ക് നോക്കി ശബ്ദം ഉയര്‍ത്തി പറഞ്ഞു:

“നിങ്ങളാണ് എന്‍റെ പരാജയങ്ങള്‍ക്കെല്ലാം കാരണം. നിങ്ങളാണെന്‍റെ ശത്രു”. ഇതുകേട്ട് അവള്‍ സ്തബ്ധയായി.

“എങ്ങനെ?” എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ കണ്ണുനിറഞ്ഞു. അവന്‍ പറഞ്ഞു:

“ചെറുപ്പകാലത്ത് എന്നെ ഒരുക്കി സ്കൂളിലേക്ക് കൊണ്ടുപോയി. എന്‍റെ കൂടെയിരുന്ന് എന്‍റെ പാഠങ്ങള്‍ പറഞ്ഞുതന്ന്, എന്നോടൊപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. കരയുമ്പോള്‍ കൂടെ കരഞ്ഞ്, ആശ്വസിപ്പിച്ച്, ഉപദേശിച്ച്. നിങ്ങള്‍ വിവാഹിത ആയപ്പോള്‍ എല്ലാം തകര്‍ന്നു. പിന്നെ ഇടയ്ക്കൊന്നു ഫോണ്‍ വിളിച്ചെങ്കിലായി. അതുപോലും വല്ലപ്പോഴും.”

ഇത്കേട്ട് പെങ്ങള്‍ ചിരിച്ചു. അവള്‍ ചിരിക്കുമ്പോള്‍ അമ്മയുടെ മുഖത്തെ ഭാവം അവളിലേക്ക് പകരുന്നത് അവന്‍ കണ്ടു. അവള്‍ പറഞ്ഞു:

“മോനെ, അനിയാ നീ പറഞ്ഞതെല്ലാം ഓരോ സ്ത്രീയുടെയും ദുര്യോഗങ്ങളാണ്. വിവാഹം വരെ സ്വന്തം കുടുംബം വീട്. വിവാഹശേഷം അതുവരെ കണ്ടിട്ടുകൂടിയില്ലാത്ത ഒരു വീട്ടിലേക്കാവും മിക്കവാറും ചെന്നെത്തുക. അവിടംമുതല്‍ അവളുടെ ലോകം അതാണ്. ഓരോ പെണ്ണിന്‍റെയും സ്വപ്നങ്ങള്‍ പരിമിതമാണ് കുഞ്ഞേ. അവളുടെ ഭര്‍ത്താവ്, കുട്ടികള്‍, വീട്, അതുമായി ചുറ്റിക്കിടക്കുന്ന ചില കാര്യങ്ങള്‍, അവരുടെ സന്തോഷം അത്രയേ ഉള്ളൂ. അത്രയേ ഉള്ളൂ ഒരു സ്ത്രീയുടെ ആഗ്രഹവും അഭിലാഷവും ലക്ഷ്യവും പൂര്‍ത്തീകരണവും എല്ലാം. അത് ലോകതത്വമാണ്. പണ്ടു തൊട്ടേയുള്ളതിന്‍റെ തുടര്‍ച്ചയാണ്. അതൊക്കെ തെറ്റാണെങ്കില്‍ എന്നെ നീ കൊന്നോളൂ. പക്ഷേ എന്നെ കൊന്നാല്‍ അനാഥമാകുന്ന ആളുകളെ കൂടി ഓര്‍ത്തിട്ട്.”

ഇതുകേട്ട് അവന്‍ ഒന്നും മിണ്ടിയില്ല. തോക്കെടുത്ത് ദൂരേക്ക് എറിഞ്ഞ് നിലത്ത് കുത്തിയിരുന്നു. അല്പം കഴിഞ്ഞ് അവന്‍ എഴുന്നേറ്റ് നോക്കി അവന്‍റെ പെങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. അവള്‍ വീടിന്‍റെ മുന്‍പിലിരുന്ന് അവളുടെ കുഞ്ഞിന് മുലകൊടുക്കുന്നതായി അവന്‍ കണ്ടു. നിലത്ത് കിടന്ന തോക്കെടുത്ത് പതിയെ അവിടെനിന്നും അവന്‍ യാത്രയായി.

കളിസ്ഥലത്ത് പന്ത് കളിച്ചുകൊണ്ടുനിന്ന അനുജന്മാര്‍ അവനെ ദൂരെനിന്നും കണ്ടു. ജ്യേഷ്ഠന്‍ തങ്ങളുടെ നേര്‍ക്ക് തോക്കൂചൂണ്ടി വരുന്നു. അവര്‍ ചോദിച്ചു:

“എന്താ സംഭവം…. എന്തെങ്കിലും തമാശ ഒപ്പിക്കാനാണോ, എങ്കില്‍ പറയൂ… ഞങ്ങളും കൂടി ഒന്നു ചിരിക്കട്ടെ.”

ഇതുകേട്ട് അവന്‍ പൊട്ടിച്ചിരിച്ചു. അവന്‍റെ ചിരികണ്ട് അവരും ചിരിച്ചു. പെട്ടെന്ന് അവന്‍ ആകാശത്തേക്ക് വെടിവച്ചു. അതിന്‍റെ ശബ്ദത്തില്‍ അവര്‍ ഞെട്ടി. ജ്യേഷ്ഠന്‍റെ മുഖഭാവം മാറുന്നത് കണ്ട് അവര്‍ അമ്പരന്നു.

“തമാശയാണ്. നിങ്ങളെ ഞാന്‍ കൊല്ലാന്‍ പോകുന്നു എന്ന തമാശ.”

അവന്‍ അവര്‍ക്ക്നേരെ അതുംപറഞ്ഞ് തോക്കുചൂണ്ടി. അവര്‍ ചോദിച്ചു:

“എന്തിന്?”

അവന്‍ പറഞ്ഞു:

“നിങ്ങളാണെന്‍റെ ശത്രുക്കള്‍”. അതുകേട്ട് അവര്‍ സ്തബ്ധരായി ചോദിച്ചു.

“എങ്ങനെ?”

അവന്‍ പറഞ്ഞു:

“നിങ്ങളാണ് എന്‍റെ സര്‍വ്വനാശത്തിനും കാരണം. നിങ്ങള്‍ ജനിച്ചശേഷം മറ്റുള്ളവര്‍ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലേക്കായി.

 

എന്‍റെ പരാജയങ്ങള്‍ നിങ്ങള്‍ ജനിച്ചശേഷം തുടങ്ങുകയായിരുന്നു. എന്‍റെ പല സൗഭാഗ്യങ്ങളും നിങ്ങള്‍ തട്ടിയെടുത്തു. എന്‍റെ പരാജയകാരണം നിങ്ങളാണ്. നിങ്ങളാണ് എന്‍റെ ശത്രുക്കള്‍.”

ഇതുകേട്ട് അവര്‍ പറഞ്ഞു:

“ഞങ്ങളെങ്ങനെയാണ് ജ്യേഷ്ഠന്‍റെ ശത്രുക്കള്‍ ആവുക? ഞങ്ങളില്‍നിന്നും ഒന്നും നിങ്ങള്‍ക്ക് പഠിക്കാനില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങളില്‍നിന്ന് പഠിക്കുകയും നിങ്ങളുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കര്‍ത്തവ്യം. എല്ലാവര്‍ക്കും നിങ്ങളോട് സ്നേഹമുണ്ട്. അതൊക്കെ ജ്യേഷ്ഠന്‍റെ തോന്നല്‍ മാത്രം. ഞങ്ങളെ ഉപദേശിക്കേണ്ട നിങ്ങള്‍ക്ക് എങ്ങനെ ഞങ്ങളുടെ ശത്രുക്കളാകാന്‍ പറ്റും. തെറ്റായ ഉപദേശം തന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ശത്രുവായി കണ്ടേനെ. നിങ്ങളുടെ ഒന്നും ഞങ്ങള്‍ അപഹരിച്ചിട്ടില്ല. എല്ലാം ജ്യേഷ്ഠന്‍റെ വെറും തോന്നലുകള്‍ മാത്രം.” ഇതുകേട്ട് അവരല്ല ശത്രുക്കള്‍ എന്നറിഞ്ഞ് അവന്‍ വേഗം ശത്രുവിനെ തിരിച്ചറിഞ്ഞ്, ശത്രുവിന്‍റെ അടുത്തേക്ക് ഓടി.

തന്‍റെ നേരെ ദേഷ്യത്തില്‍ നിറതോക്കുമായി ഓടിവരുന്ന അവനെ കണ്ട അവന്‍റെ കാമുകി നിന്നു വിറച്ചു. അവള്‍ അലറിക്കരഞ്ഞു പറഞ്ഞു:

“നിറുത്ത്. നീ എന്ത് സാഹസം ആണ് ചെയ്യാന് പോകുന്നത്?”

അതിന് മറുപടിയായി അവന്‍ പറഞ്ഞു:

“നീയാണെന്‍റെ ശത്രു, എന്‍റെ നാശങ്ങള്‍ക്ക് എല്ലാം കാരണം നീയാണ്.”

അവള്‍ പറഞ്ഞു:

“ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞതാണല്ലോ, നിന്‍റെ വഴിയും എന്‍റെ വഴിയും വേറെയാണെന്ന് അറിഞ്ഞനാള്‍ മുതല്‍, ഇപ്പോള്‍ എനിക്ക് പുതിയ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്, ഇനി നിന്നെ ഞാന്‍ ഒരുതരത്തിലും ശല്യപ്പെടുത്താന്‍ വരികയില്ല. ഇനി നീ എനിക്ക് സമ്മാനിച്ച സമ്മാനങ്ങളെല്ലാം തിരികെ വേണമെങ്കില്‍ അതും ചെയ്യാം. അല്ലെങ്കില്‍ ചിലവഴിച്ച കാശ് എത്രയെന്ന് പറയൂ. അതും തരാം. ദയവുചെയ്ത് എന്നെ എന്‍റെ വഴിക്ക് വിട്ടേക്കൂ, മറ്റൊരു പെണ്‍സുഹൃത്തിനെ കണ്ടെത്തൂ.”

ഇതുകേട്ട് അവന് ഒന്നും മിണ്ടാനായില്ല. അവള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് അവനു തോന്നി. അപ്പോള്‍ അവന് മനസ്സിലായി യഥാര്‍ത്ഥ ശത്രു ആരാണെന്ന്. അവന്‍ അവരെ ലക്ഷ്യമാക്കി വേഗം നടന്നു.

രാത്രി നഗരം ആഘോഷത്തിമിര്‍പ്പിലായിരുന്നു. ആകാശത്ത് പലയിടത്തും വെടിക്കെട്ടുകള്‍ പ്രകാശവലയങ്ങള്‍ സൃഷ്ടിച്ചു. അവര്‍ പബ്ബിലെ നിഴലും വെളിച്ചവും ഇടകലര്‍ന്ന വലിയ ഹാളില്‍ ധാരാളം ആണ്‍പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. സംഗീതധാരയുടെയും മദ്യത്തിന്‍റെയും ലഹരിയില്‍ അവര്‍ ആടിത്തിമര്‍ത്തു. ഈ സമയം ആണഅ അവന്‍ അവിടെ എത്തിയത്. അവന്‍ മുകളിലേക്ക് തോക്ക് ഉയര്‍ത്തി വെടിവച്ചു. ആ ശബ്ദത്തില്‍ എല്ലാവരും നിശ്ശബ്ദരായി. ആളുകളുടെ ഇടയില്‍ നിന്നും അവന്‍ അവരെ കണ്ടുപിടിച്ചു. അവരെ തോക്ക് ചൂണ്ടി അവന്‍ പബ്ബില്‍നിന്നും പുറത്തിറക്കി. അവന്‍ വെടിവെയ്ക്കാതിരിക്കാന്‍ അവര്‍ കൈകള്‍ ഉയര്‍ത്തി അവനെ അനുസരിച്ച് പബ്ബിന് പുറത്തിറങ്ങി. പുറത്തെത്തിയ അവര്‍ തിരിഞ്ഞുനിന്ന് അവനോട് ചോദിച്ചു:

“എന്ത് അഹങ്കാരമാണ് നീ ഈ കാണിച്ചത്? നിന

 

ക്കെന്താ ഞങ്ങളെ കൊല്ലണമെന്നുണ്ടോ?”

അതിന് അവന്‍ അല്പം ശാന്തമായി, ക്രൂരമായ ചിരിയോടെ പറഞ്ഞു:

“അതെ, നിങ്ങളെ കൊല്ലാന്‍ തന്നെയാണ് ഞാന്‍ വന്നത്.” ഇതുകേട്ട് അവര്‍ ഭയംകൊണ്ട് വിറച്ചു. “എന്തിന്” എന്ന ചോദ്യംപോലും അവരുടെ വായില്‍നിന്ന് വിറച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. അവന്‍ ഓരോരുത്തരുടെയും നേര്‍ക്ക് തോക്കുചൂണ്ടിക്കൊണ്ടാണ് അത് പറഞ്ഞത്.

 

“നിങ്ങള്‍, നിങ്ങളാണെന്‍റെ ശത്രുക്കള്‍, എന്‍റെ പരാജയങ്ങള്‍ക്ക് എല്ലാം കാരണം നിങ്ങളാണ്.” ഇതുകേട്ട് അവര്‍ പരസ്പരം നോക്കി. അവരില്‍ ഒരാള്‍ ചോദിച്ചു:

“നിന്‍റെ പരാജയകാരണം ഞങ്ങളാകുന്നത് എങ്ങനെയാണ്? ഞങ്ങള്‍ നിന്നെ എല്ലായിടത്തും കൂട്ടിയിട്ടേ ഉള്ളൂ.” മറ്റൊരാള്‍ അതിനൊപ്പം ഇങ്ങനെ പറഞ്ഞു:

“ഞങ്ങളുടെ സഹസഞ്ചാരിയായിരുന്നല്ലോ നീ. എന്നിട്ടും നീ ഞങ്ങളെ ശത്രുക്കളായി കണ്ടല്ലോ?.” അതിന് അവന്‍ അവരുടെ നേര്‍ക്ക് തോക്ക് ചൂണ്ടിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു:

“നിങ്ങള്‍ എന്നെ പല ദു:ശ്ശീലങ്ങളും പഠിപ്പിച്ചു. എന്‍റെ ഉയര്‍ച്ചയെ പലയിടത്തും തടയിട്ടു. ഞാന്‍ നന്നാവുന്നത് നിങ്ങള്‍ക്കിഷ്ടമായിരുന്നില്ല.” അത്കേട്ട് അവരില്‍ ഒരാള്‍ പറഞ്ഞു:

“ശരിയാണ്, നിന്നെ ഞങ്ങള്‍ പല ദു:ശ്ശീലങ്ങളും പ ഠിപ്പിച്ചു, അതേപോലെ നീ ഞങ്ങളെയും പഠിപ്പിച്ചില്ലെ, പലതിനും നീ തന്നെ പണവും മുടക്കിയില്ലേ?” അത് കേട്ട് ദേഷ്യം വന്ന് അവന്‍ ചോദിച്ചു:

“എന്‍റെ ഉയര്‍ച്ചയ്ക്ക് നിങ്ങള്‍ തടയിട്ടതോ?” അവര്‍ പറഞ്ഞു:

“അത് ശത്രുവായതുകൊണ്ടല്ല, സുഹൃത്തേ, വെറും

അസൂയകൊണ്ട് മാത്രമാണ്, നീ ഞങ്ങളെക്കാള്‍ വലുതായാല്‍ ഞങ്ങള്‍ക്ക് നിന്നെ നഷ്ടപ്പെടും എന്നൊരു തോന്നല്‍. അല്ലാതെ നിന്നെ നശിപ്പിച്ചിട്ട് ഞങ്ങള്‍ എന്ത് നേടാന്‍. നീ ഞങ്ങളോടൊപ്പം തന്നെ വലുതായാല്‍ അതിന്‍റെ ഗുണം ഞങ്ങള്‍ക്കും കൂടിയുള്ളതല്ലെ, ഞങ്ങളെക്കാള്‍ നീ വലുതാകരുതെന്നും, ചെറുതാകരുതെന്നും, എന്നും ഞങ്ങളോടൊപ്പമുണ്ടാകണമെന്നും ആശിച്ചു. നീ ഞങ്ങള്‍ക്ക് അന്യനാകുന്നത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല സുഹൃത്തേ, ഈ പറഞ്ഞത് എല്ലാം കള്ളമാണെന്ന് തോന്നുന്നെങ്കില്‍ ഞങ്ങളെ കൊന്നോളൂ.” ഇതുകേട്ട് അവന്‍ സംശയാകുലനായി. അവന്‍ സ്വയം ചോദിച്ചു. അപ്പോള്‍ ആരാണ് എന്‍റെ ശത്രു? അവന്‍റെ ആത്മഗതം അവനറിയാതെ തന്നെ പുറത്തുവന്നിരുന്നു. അത് കേട്ട് അവര്‍ പറഞ്ഞു:

“നീ തന്നെ നിന്‍റെ ശത്രുവിനെ കണ്ടുപിടിക്കൂ, ഞങ്ങള്‍ക്ക് അതിന് നിന്നെ സഹായിക്കാനാവില്ല. ഒരുപ ക്ഷെ ഞങ്ങള്‍ കാട്ടിത്തരുന്ന ആള്‍ യഥാര്‍ത്ഥ ശത്രു അല്ലെങ്കിലോ?” ഇത് കേട്ട് സംശയാകുലനായി അവന്‍ അവിടെനിന്നും നടന്നുനീങ്ങി.

അവന്‍ തോക്ക് അരയില്‍വെച്ച് കടല്‍ക്കരെ ഒറ്റയ്ക്ക് ഇരുന്നു. രാത്രിയില്‍ തിരമാലയുടെ ശബ്ദവും, ആകാശത്തെ വര്‍ണ്ണാഭമാക്കുന്ന ദീപപ്രഭയും അവന്‍റെ ശ്രദ്ധയില്‍ വന്നില്ല. അവന്‍ കുറെനേരം അങ്ങനെ ഇരുന്നു. പിന്നെ പതിയെ നടന്ന് വീട്ടിലേക്ക് പോയി.

രാത്രിയുടെ ഏതോ യാമത്തില്‍ ശബ്ദം കേട്ട് അവന്‍ എഴുന്നേറ്റു. അവന്‍റെ മുറിയുടെ കതക് തുറന്നുകിടന്നിരുന്നു. ജനലുകളിലൂടെ കാറ്റ് അതിശക്തമായിട്ട് വീശി, വാതില്‍ തിരശ്ശീലകള്‍ ഭ്രാന്തമായി കാറ്റില്‍ ഇളകിയാടി. ഈ സമയത്തും അപ്പുറത്തെ ആകാശത്ത് വെടിക്കെട്ട് ശബ്ദഘോഷത്തോടെയും വര്‍ണ്ണാഭയോടെയും തുടര്‍ന്നുകൊണ്ടിരുന്നു. അവന്‍റെ മുന്‍പില്‍ ഒരു രൂപം വന്നുനിന്നു. മുറിയുടെ ഇരുട്ടില്‍ തലയിലൂടെ ഉടുപ്പിന്‍റെ മേല്‍ഭാഗം വലിച്ചിട്ട് മറച്ചിരുന്നു. അയാളുടെ മുഖം വ്യക്തമല്ലായിരുന്നു. അവന്‍ പെട്ടെന്ന് കട്ടിലില്‍ നിന്നും ചാടിയെണീറ്റ് ചോദിച്ചു:

“ആരാ?” അതിന് ആ രൂപത്തില്‍നിന്ന് മറുപടി വളരെ സൗമ്യമായി വന്നു, “നിന്‍റെ ശത്രു.”

അവന്‍ ഒരുനിമിഷംകൊണ്ട് അത്ഭുതപരതത്രനായി. ഒപ്പം ഭയാശങ്കകളും ഉണ്ടായി. വിറയാര്‍ന്ന സ്വരത്തില്‍ അവന്‍ ചോദിച്ചു:

“എന്‍റെ ശത്രുവോ?” അവന്‍റെ ചോദ്യത്തിന് വളരെ ദൃഢവും സൗമ്യവുമായിത്തന്നെ ആ രൂപം ഉത്തരം  റഞ്ഞു.

“അതെ, നീ ആരെയാണോ തിരഞ്ഞ് നടന്നത്, അവന്‍ തന്നെയാണ് ഞാന്‍.”

അവന്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ തോക്ക് എടുത്ത് ആ രൂപം ശ്രദ്ധിക്കാതെ അരയില്‍ തിരുകി, കട്ടിലില്‍ നിന്ന് എഴുന്നേറ്റു. കട്ടിലില്‍ കിടക്കുകയായിരുന്നെങ്കിലും അവന്‍ ഉറങ്ങുകയായിരുന്നില്ല. അതിനാല്‍ അവന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞു. അവന്‍ എഴുന്നേറ്റ് ആ രൂപത്തിന്‍റെ അടുത്തേക്ക് ചെന്ന്,

 

ആളിനെ അവന്‍ തിരിച്ചറിഞ്ഞു, അവന്‍ ചോദിച്ചു:

“നീ… നീയെങ്ങനെ എന്‍റെ ശത്രുവാകും. നിന്നെ എനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതല്ലേ?…”

അതിന് മറുപടിയായി അവന്‍ പറഞ്ഞു:

“ഞാനാണ് നിന്നെ പല പ്രശ്നങ്ങളിലും കൊണ്ട് ചാടിച്ച് നിന്നെ കുഴപ്പത്തിലാക്കിയത്.”

അതുകേട്ട് അവന് വിഷമമായി.

“എന്തിന്?” അവന്‍റെ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞു:

“നീ കുഴപ്പങ്ങളില്‍ ചെന്ന് ചാടിയെങ്കിലേ അതില്‍ നിന്ന് നീ പഠിക്കൂ എന്ന് കണ്ടിട്ട്…” ഇതുകേട്ട് അവന് സങ്കടമായി. അവന്‍ ആ രൂപത്തോട് ചോദച്ചു:

“നിനക്കെന്നെ ഉപേദശിക്കാമായിരുന്നില്ലേ?”

അവന്‍റെ ചോദ്യം കേട്ട് ആ രൂപം ചിരിച്ചു. ചിരിയില്‍ മുഴുകി അവന്‍ ഉത്തരം പറഞ്ഞു:

“ശത്രുക്കള്‍ ഒരിക്കലും ഉപദേശിക്കാറില്ല.”

ഇതുകേട്ട് അവന് ദേഷ്യം വന്നു. അവന്‍ അരയില്‍ നിന്ന് തോക്കെടുത്ത് അവന്‍റെ നേര്‍ക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.

“നീയാണല്ലേ എന്‍റെ എല്ലാ പരാജയങ്ങള്‍ക്കും കാരണം.” അപ്പോള്‍ ആ രൂപം ശാന്തമായിതന്നെ മറുപടി പറഞ്ഞു.

“അതെ ഞാന്‍ തന്നെയാണ്, ഞാനാണ് നിന്‍റെ ആത്മാര്‍ത്ഥ ശത്രു എന്നതുകൊണ്ടുതന്നെ”. അവന് സംശയമായി.

“ആത്മാര്‍ത്ഥ ശത്രുവോ?” അവനില്‍നിന്നും മറുപടി വന്നു.

“അതെ, ശത്രുവിന് ആത്മാര്‍ത്ഥത കുറഞ്ഞാല്‍ അവന്‍ ശത്രുവല്ലാതാകും.”

ഇതുകേട്ട് അവന്‍ കുറച്ചുകൂടി അവന്‍റെ നേര്‍ക്ക് ചെന്ന് സമീപത്തുനിന്ന് തോക്ക് അവന്‍റെ നേര്‍ക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു:

“എങ്കില്‍… എങ്കില്‍ നിന്നെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്, എനിക്ക് വിജയിക്കണം, എനിക്കീ പരാജയങ്ങള്‍ മടുത്തു, അതിന് നിന്നെ കൊന്നേ പറ്റുവെങ്കില്‍ അങ്ങനെതന്നെ.”

തോക്കിന്‍റെ കാഞ്ചിയില്‍ വിരലമര്‍ത്താന്‍ പോകുന്ന അവനെകണ്ട് ആ രൂപം പറഞ്ഞു.

“അരുത്… എന്നെ കൊല്ലരുത്.”

ആ രൂപം അല്പം വിറയാര്‍ന്ന ശബ്ദത്തോടെയാണ് അത് പറഞ്ഞത്. അവന്‍ തോക്ക് ചൂണ്ടി അവനോട് പറഞ്ഞു:

“ഇല്ല,എനിക്ക് വിജയിക്കണം. അതിന് നിന്നെ കൊന്നേ മതിയാകൂ.”

ഇതുകേട്ട് അവന്‍ മറുപടി പറഞ്ഞു.

“ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ…. എല്ലാവര്‍ക്കും ഒരു ശത്രു ആവശ്യാണ്. അത് വിജയത്തിന് ഉത്തമമാണ് താനും. രാജ്യത്തിന് മറ്റൊരു രാജ്യം ശത്രു. ഭരണാധികാരിക്ക് മറ്റൊരു ഭരണാധികാരി ശത്രു. തത്വങ്ങള്‍ക്ക് എതിര്‍തത്വം ശത്രു, ശത്രുവുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ അവന്‍ വിജയി അല്ലെങ്കില്‍ പരാജിതന്‍. ചിലര്‍ക്ക് സാഹചര്യമാകാം ശത്രു. മത്സരബുദ്ധി വരുന്നത് പോലും ഒരു ശത്രുവിനെ കണ്ടെത്തി ക്കൊണ്ടാണ്. എന്തിനേറെ പറയുന്നു. സര്‍വ്വശക്തിയായ ഈശ്വരനുപോലും സ്വന്തശക്തിയില്‍ നിന്നും പിശാച് എന്ന ശത്രുവിനെ ഉണ്ടാക്കിയില്ലേ. ഈശ്വരഭക്തിയാണോ പൈശാകിച ഭക്തിയാണോ മനുഷ്യന് ഉണ്ടാവുക എന്നറിയാനായിരുന്നു അത്. എന്നോട് നീ മത്സരിച്ചു തോറ്റെങ്കില്‍ നീ കഴിവ് കുറഞ്ഞവനെന്ന് സാരം. അതിന് നീ എന്ന പഴിചാരിയിട്ട് എന്ത് കാര്യം”

അതിന് മറുപടിയായി അവന്‍ മറുപടി പറഞ്ഞു:

“നീ നശിച്ചാല്‍ പിന്നെ നിഷ്ക്രിയനായി ഇരുന്നാല്‍പോലും എനിക്ക് പരാജയപ്പെടേണ്ട കാര്യമില്ല, പിന്നെ നീ എന്നോടൊപ്പം നിന്ന് എന്നെ തെറ്റായ മാര്‍ഗ്ഗം ഉപദേശിക്കില്ല.” തന്‍റെ നേരെ തോക്ക് ചൂണ്ടുന്ന അവനെകണ്ട് അവന്‍റെ ശത്രു പറഞ്ഞു:

“അരുത് ഇത് നിന്‍റെ സര്‍വ്വനാശത്തിനാണ്. ഞാന്‍ നശിച്ചാല്‍ നീയും നശിക്കും, അതാണ് സംഭവിക്കാന്‍ പോകുന്നത്.”

അതിന് അവന്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ മറുപടി പറഞ്ഞു:

“ഇല്ല, എനിക്ക് വിജയിക്കണം. അതിന് നീ മരിച്ചേ മതിയാകൂ…” തോക്കുമായി അവന്‍റെ ശിരസ്സിന്‍റെ അടുക്കലേക്ക് വന്ന അവനെ അവന്‍ തടഞ്ഞു. ഈ സമയം പിന്നില്‍ ആകാശത്ത് ആഘോഷങ്ങളുടെ വെടിക്കെട്ടുകള്‍ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. അവന്‍ ശത്രുവിന്‍റെ ഏറ്റവും അടുത്ത് ചെന്ന് ശിരസ്സ് നോക്കി കാഞ്ചിയില്‍ വിരലമര്‍ത്തി ഒറ്റവെടി……………

പിറ്റേന്ന് പ്രഭാതത്തില്‍ ചായയുമായ് വന്ന വേലക്കാരിയാണ് അത് കണ്ടത്. വലിയ നിലക്കണ്ണാടിയില്‍ രക്തം കട്ടപിടിച്ച് പടര്‍ന്ന് കിടക്കുന്നു. നിലത്ത് പടര്‍ന്നൊഴുകിക്കിടക്കുന്ന ചോര. അതിലേക്ക് അവളുടെ കൈയ്യില്‍നിന്നും ചായക്കപ്പ് വീണ് അത് രണ്ടായി ഉടഞ്ഞു. ചായ ചോരയോടൊപ്പം ചേര്‍ന്ന് അത് ഒഴുകിചെന്നത് സ്വയം ശിരസ്സില്‍ വെടിവെച്ചു മരിച്ച അവന്‍റെ മുഖത്തിനടുത്തേക്കായിരുന്നു.

Leave a Reply