യവനമൃത്യു
ഉഗ്രൻ വിഷം ശിഷ്യരേകി പോലും, ഗുരു
സോക്രടീസങ്ങിനെ പോയി!
നീർക്കെട്ടുകൊണ്ട് വലഞ്ഞു ഗുരു ഹീരാ-
ക്ളീറ്റസ്സൊരാശ്വാസം തേടി
മെയ്യാകെച്ചാണകം പൂശിക്കിടന്നു പോൽ
വെയ്ലത്ത്; ലേപനമെല്ലാം
നന്നായുണങ്ങി, മെയ്യാകെക്കറുക്കവേ
വന്നെത്തി നായ്ക്കൾതൻ കൂട്ടം,
പുത്തൻ ഇര കണ്ടാക്കൂട്ടർ പകുത്തുപോൽ
വിശ്രുതാചാര്യന്റെ ദേഹം!
നൂറു ദുരന്ത കഥാനാടകം തീർത്ത
സോഫോക്ളീസന്ത്യമടുക്കെ
വീണ്ടും ജയിച്ചുപോൽ നാടകമത്സര-
വേദിയിൽ, ഹർഷോന്മാദത്തിൽ
പൊട്ടിച്ചിരിയടങ്ങാതെ ഗുരു വീർപ്പു-
മുട്ടി മരിച്ചുപോയത്രെ!
എന്നാൽ വിലക്ഷണമൃത്യുവിൻ സമ്മാന-
മന്യനൊരാചാര്യന്നത്രെ:
ട്രാജഡിതൻ പിതാവ് എസ്കിലസ്സ് അന്തിമ-
നാളിൽ സിസിലിയിലെത്തി.
‘ഭാരിച്ചതെന്തോ തലയിൽ വീഴും കഥ
തീരും’ – എന്നാരോ വിരട്ടി.
‘നീല നഭസ്സിന്നടിയിൽ നില്ക്കാം, അങ്ങ്
വീഴുവാനെന്തിരിക്കുന്നൂ?’
ഏവം സുരക്ഷിതൻ താനെന്ന ചിന്തയിൽ
പാവം വെയ്ലത്തു ലാത്തി.
കൂർത്ത നഖങ്ങളിൽ കൂറ്റനൊരാമയെ-
കോർത്തെടുത്ത, ങ്ങുയരത്തിൽ
ചുറ്റിപ്പറക്കും കഴുകനൊന്ന് ആമതൻ
കട്ടിപ്പുന്തോടുടയ്ക്കാൻ
പറ്റിയ പാറ തിരയവേ താഴത്തു
വെട്ടിത്തിളങ്ങീ വെയിലിൽ
വൃദ്ധന്റെ മണ്ട, ചിതറിയോ താഴെ വീ-
ണാപ്പാവം ആമയെമ്പാടും?
മാടശ്ശേരി നീലകണ്ഠൻ
