മുറിയില്‍ നിന്നിറങ്ങിപ്പോയ യതീന്ദ്രന്‍ കുടിച്ചു ബോധമില്ലാതെയാണ് മടങ്ങിവന്നത്. അപ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു. കളിതമാശകള്‍ പറഞ്ഞു. അയനയ്ക്ക് ഒന്നും തോന്നിയില്ല. മനസ്സാകെ മരവിച്ചുപോയിരിക്കുന്നു. ഇതില്‍ കൂടുതലായി ഒന്നും ഇനി അനുഭവിക്കാനില്ലെന്ന തോന്നല്‍. നിസ്സംഗതയുടെ ശിരോവസ്ത്രമണിഞ്ഞ ആത്മാവ്.

യദു കൊണ്ടുവന്ന രണ്ടു കത്തുകളിലൊന്ന് രവിശങ്കറിന്റേതായിരുന്നു. ആ മുന്‍കൂര്‍ വിവാഹാശംസ വായിച്ചതിനുശേഷം അയന യദുവിനു നീട്ടി. അവളുടെ മനസ്സ് അപ്പോള്‍ പല കഷണങ്ങളായി നുറുങ്ങുകയായിരുന്നു.

യതീന്ദ്രന്‍ അതു വായിക്കാന്‍ കൂട്ടാക്കിയില്ല.

”എനിക്ക് സിനിമാക്കാരന്റെ സാഹിത്യം പിടികിട്ടില്ല.”

പുച്ഛത്തോടെ അയാള്‍ ആ കത്ത് ചുരുട്ടിയെറിഞ്ഞു. ആ അവഹേളനം അയനയ്ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. എങ്കിലും അവള്‍ എല്ലാം അടക്കി.

പടിഞ്ഞാറെ വരാന്തയില്‍ മൂവാണ്ടന്‍ മാവിന്റെ നിഴലുകളില്‍ നോക്കിയിരിക്കുമ്പോള്‍ അപ്പച്ചി അരികില്‍ വന്നു.

”എന്താ നിന്റെ മുഖത്ത് ഒരു പ്രസാദമില്ലല്ലോ. ഇങ്ങനെയാണോ കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ട്യോള്…..”

ആ പരാതിക്കു നേരെ അവള്‍ സാവകാശം മുഖമുയര്‍ത്തി. എന്താണ് അപ്പച്ചിയോട് പറയേണ്ടത്. അപ്പച്ചി പറഞ്ഞത് ശരിയാണെന്നോ-അതായത് കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കാര്‍ക്കും ഇങ്ങനെ ഒരു ദുര്‍വിധി ഉണ്ടാകരുത്.

”എനിക്കറിയാം നിന്റെ മനോവിചാരങ്ങള്… കൊട്ടും കുരവേം ഒന്നൂല്ലാണ്ട് കയറി വന്നൂന്ന് കരുതീട്ട് ഇന്റെ കുട്ടിക്ക് ഇവിടെ ഒരു കുറവും ഉണ്ടാവില്ല. പത്തും നൂറും ഒന്നൂല്യല്ലോ എനിക്ക് മരുമോളായിട്ട്… നിന്റെ സന്തോഷമല്ലേ എന്റെയും സന്തോഷം….”

അപ്പച്ചി തുടരുകയാണ്. അയന കേട്ടിരുന്നതേയുള്ളൂ. എല്ലാം അപ്പച്ചിയോട് പറയാവുന്നതല്ല. ഈ ജന്മം തനിക്ക് സന്തോഷം എന്നത് വിധിച്ചിട്ടില്ല. ഇവിടെ വന്നതുമുതല്‍ക്കുള്ള പുത്രവധുവിനെയാണ് അപ്പച്ചി കാണുന്നത്. ആ വധു ഇവിടെ എത്തിയത് അവളുടെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെയാണെന്നാണ്  പാവം അപ്പച്ചിയുടെ ധാരണ. ആ ധാരണ അങ്ങനെതന്നെ നില്‍ക്കട്ടെ.

ഇവിടെ വന്നതിനുശേഷമുള്ള കാര്യങ്ങളുടെ നിജസ്ഥിതിയുംഅവര്‍ അറിയാതിരിക്കുകയാണ് ഭേദം. പിന്നെ ഓരോ ദിവസവും മദ്യത്തിന്റെ തുടര്‍ക്കഥ നീളുകയായിരുന്നു. രവിശങ്കറിനെ യാദൃശ്ചികമായിപ്പോലും പരാമര്‍ശിക്കുന്നത് യദുവിനിഷ്ടമല്ല എന്ന് അയനയ്ക്കു തോന്നിത്തുടങ്ങി. ഈ മനുഷ്യന് രവിയോട് അസൂയയുണ്ടോ?എന്തിന്?

”തന്നിലില്ലാത്ത ഗുണങ്ങള്‍ മറ്റൊരുവനില്‍ കാണുമ്പോള്‍ വെറുതെ അസൂയപ്പെട്ടിട്ട് കാര്യമെന്ത്?” ഒരു ദിവസം അയന ചോദിച്ചു.

അന്നാണ് യദുവിന്റെ മറ്റൊരു മുഖം കണ്ടത്. തനിക്കിന്നേവരെ പരിചയമില്ലാത്ത വളരെ ക്രൂരമായ ഒരു മുഖം.

”നിനക്കിപ്പോഴും അയാളാണ് വലുത്. ഊരും പേരുമില്ലാത്ത ഒരു സിനിമാക്കാരന്‍.” അയാള്‍ ആക്രോശിച്ചു.

”ഈ സിനിമാക്കാരന്റെ മുന്നിലിരുന്ന് എനിക്കുവേണ്ടി യാചിച്ചത് എന്തിനായിരുന്നു?”

അയനയും വിട്ടുകൊടുത്തില്ല.

”നിന്നെ ഏതെങ്കിലും മുതലാളിക്ക് അയാള്‍ കൂട്ടിക്കൊടുക്കും മുന്‍പ് രക്ഷപ്പെടുത്താമെന്നു കരുതി. അല്ലാതെ നിന്റെ ചന്തം മോഹിച്ചിട്ടൊന്നുമല്ല. കോടതി കേറി നാട്ടാരെയും വീട്ടാരെയും കൊഞ്ഞനംകുത്തി കോടമ്പാക്കത്തുപോയി ഒരുത്തന്റെ കൂടെ മൂന്നാഴ്ച പൊറുത്തവളുടെ വിശേഷം എല്ലാര്‍ക്കും അറിയാം….” അയാള്‍ വീണ്ടും എന്തൊക്കെയോ പുലമ്പി. ഒന്നും കേള്‍ക്കാനരുതാതെ അയന ചെവിപൊത്തി. സങ്കടംനിറഞ്ഞ മുഖവുമായി തന്റെ കാല്ക്കലേക്കു കുനിഞ്ഞ യദുവിന്റെ മുഖം അപ്പോള്‍ അവള്‍ ഓര്‍ത്തു.

-നീയില്ലാത്ത ജീവിതം… അത് ഒരു പാഴ്ജന്മമായേനെ. അങ്ങനെ പറഞ്ഞതും ഈ നില്‍ക്കുന്ന യദു.

അയന ഇടനാഴിയിലെ അറപ്പടിയില്‍ മുഖം ചേര്‍ത്ത് ആരും കാണാതെ കരഞ്ഞു.

അഭയത്തിന്റെ ഇലത്തുരുത്തുകള്‍ ഒന്നൊന്നായി അലിഞ്ഞുതീരുകയാണ്. ഏറെനേരം കരഞ്ഞപ്പോള്‍ മനസ്സിന് ഒരു ലാഘവം. അവള്‍ പുറത്തേക്ക് വെറുതെ നടന്നു. മദ്യത്തിന്റെ ലഹരി വിട്ട യദു ഇളംതിണ്ണയില്‍ മയങ്ങുന്നു.

സന്ധ്യയുടെ ഒരു കാറ്റ് അവളുടെ മുഖത്തേക്ക് അജ്ഞാതഗന്ധങ്ങള്‍ കോരിയിട്ടു. ഉമ അന്തിത്തിരിവെച്ച് തൊഴുതുവരുന്നു. അന്തരീക്ഷത്തിന് ഇപ്പോള്‍ കരിന്തിരിയുടെ ഗന്ധമുള്ളതായി അയനയ്ക്കു തോന്നി.

കിഴക്കേ വരാന്തയിലിരുന്ന് അപ്പച്ചി അയനയെ അങ്ങോട്ടു വിളിച്ചു. അവള്‍ അപ്പച്ചിയുടെ അരികില്‍ വന്നിരുന്നു. എന്താണാവോ ഇനി അപ്പച്ചിക്ക് സംസാരിക്കാനുണ്ടാവുക? മറുപടിക്കുള്ള വാക്കുകള്‍ക്കായി അവള്‍ പരതാന്‍ തുടങ്ങി.

അപ്പച്ചി വാത്സല്യപൂര്‍വ്വം അയനയുടെ മുടിയില്‍ തലോടി.

”മാറിക്കെടക്കണംന്നു പറഞ്ഞേന് അപ്പച്ചിയോടു പിണക്കാ നീയ്? അമ്പടീ, നല്ല കാര്യായി. ഇനി മൂന്നീടംകൂടി ക്ഷമിച്ചാല്‍ പോരെന്റെ കുട്ട്യേ?”

അവള്‍ ഒന്നു ചിരിച്ചതായി വരുത്തി. ആ മൂന്നു ദിവസങ്ങള്‍ മൂന്നു വര്‍ഷങ്ങളേക്കാള്‍ അകലെയായിരുന്നെങ്കില്‍ എന്ന് അവളാഗ്രഹിച്ചു.

”അതല്ല, ഇനി നിനക്ക് അതിനുമുമ്പ് ഒന്നൂടി വീട്ടിലോ നെല്ലിയാംകാവിലോ മറ്റോ പോംന്നുണ്ടെങ്കി… അതുമാവാം.”

”വേണ്ടപ്പച്ചീ. അവിടാരുമില്ലല്ലോ?”

”അതല്ല. നിന്റച്ഛന്റെ ആത്മാവ് അവിടുണ്ടെന്നല്ലോ സങ്കല്പം. മനസ്സുകൊണ്ട് ഒരനുവാദം… അത്രേ വേണ്ടൂ…”

അച്ഛന്‍ എന്നു കേട്ടതും അയനയ്ക്ക് സങ്കടം നിറഞ്ഞു. അച്ഛന്‍ ഇതൊന്നും കാണാനിടയാവാതെ പോയത് വളരെ നന്നായി.

പുറത്ത് നാട്ടുവെളിച്ചം പരക്കുന്നു. കിഴക്കേ ആകാശച്ചെരിവില്‍ ചന്ദ്രന്റെ പാതി കാണാം.

അകത്ത് ഉമ നാമം ജപിക്കുന്നു.

അയനക്ക് അതിശയം തോന്നിയത് യദുവിന്റെ മദ്യപാനത്തില്‍ അപ്പച്ചിയും ഉമയും തികച്ചും സ്വാഭാവികത കാണുന്നതാണ്. അതിന്റെ പൊരുള്‍ എത്ര ചിന്തിച്ചിട്ടും അവള്‍ക്കു മനസ്സിലായില്ല.

”ഇന്നേക്ക് മൂന്നാംദിവസം…അതെന്റെ ഒരു സ്വപ്‌നമായിരുന്നു മോളെ. അങ്ങനൊരു ദിവസത്തിനുവേണ്ടി അപ്പച്ചി എത്ര വഴിപാടു നേര്‍ന്നിട്ടുണ്ടെന്നറിയ്യോ?”

ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് അപ്പച്ചി തുടര്‍ന്നു. ”നിന്നേകൊണ്ട് യദു ഇവിടേക്കു വന്നുകയറുന്നത് എത്രരാത്രികളില്‍ ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു. അതിന്റെ ഫലം ഇപ്പോ കിട്ടീരിക്കുന്നു മോളെ.”

പെട്ടെന്ന് അയനയ്ക്ക് വല്ലായ്മ തോന്നി. ശരീരമാകെ ഉഴതുമറിക്കപ്പെടുന്നതുപോലെ. അടിവയറ്റില്‍നിന്ന് എന്തോ ദ്രാവകം മുകളിലേക്ക് പതഞ്ഞുയരുകയാണ്. വായിലാകെ കയ്പ്. വല്ലാത്ത തലവേദനയും.

ഇടയ്‌ക്കെപ്പോഴോ അപ്പച്ചി അവളിലെ ഭാവമാറ്റം ശ്രദ്ധിച്ചു. ”ഊം? എന്തുപറ്റിമോളേ?” അവര്‍ പരിഭ്രമത്തോടെ ചോദിച്ചു. അതിനു മറുപടി പറയാനാകുംമുമ്പ് അയന വരാന്തയുടെ അറ്റത്തേക്ക് ഓടി. ഇറത്തൂണുകളിലൊന്നില്‍ കൈ ചുറ്റിപ്പിടിച്ചുകൊണ്ട് ഓക്കാനിക്കാന്‍ തുടങ്ങി. പിന്നാലെ ഓടിവന്ന അപ്പച്ചി അവളുടെ പുറം തടവിക്കൊടുത്തു. അപ്പച്ചിയുടെ ചോദ്യത്തിനു മറുപടി പറയാന്‍പോലും ശക്തിയില്ലാതെ വാരിയെല്ലുകളുടെ കൂടുലച്ചുകൊണ്ട് അയന ഛര്‍ദ്ദിച്ചു.

”എന്താ മോളേ? കഴിച്ചതു വല്ലോം വയറ്റിപ്പിടിക്കാണ്ടായോ?”

അപ്പച്ചിക്ക് ആകെ സംഭ്രമമായി.

ഒന്നും മറുപടി പറയാന്‍ നില്‍ക്കാതെ അയന അകത്തേക്കോടിക്കയറി. അവള്‍ക്ക് ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ വന്ന ഉമ അയനയുടെ പുറത്തു തലോടി.

അപ്പോഴേക്കും യതീന്ദ്രന്‍ സംഭവമറിഞ്ഞ് അവളുടെ അടുത്തെത്തിയിരുന്നു.

അപ്പച്ചി പറഞ്ഞു.

”ഞാന്‍ കുറച്ച് ഇഞ്ചിയരച്ചുകൊണ്ടരാം. മോളു കെടന്നോ.”

വേണ്ട എന്നാംഗ്യം കാട്ടിക്കൊണ്ട് അയന കട്ടിലില്‍ ഇരുന്നു. യദു അവളെ നോക്കി അനങ്ങാതെ നിന്നതേയുള്ളൂ.

അല്പം കഴിഞ്ഞ് ഉമ അമ്മയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞു. അവരുടെ മുഖം വിവര്‍ണമായി. അവര്‍ കൈവിരലുകള്‍ മടക്കി എന്തൊക്കെയോ കണക്കുകൂട്ടി നോക്കി. ഒടുവില്‍ ചങ്കുലച്ചുകൊണ്ടുള്ള അവരുടെ ചോദ്യം അയന കേട്ടു.

”എല്ലാ കണക്കുകൂട്ടലുകളും നീ തെറ്റിച്ചോ മോളെ?”

അപ്പോഴാണ് അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അയനയും ചിന്തിച്ചത്. അവള്‍ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി. ശരിയാണ്. ശരിയാവാനാണ് സാധ്യത. അപ്പോള്‍ അവളുടെയുള്ളില്‍ നിഗൂഢമായ ഒരു സന്തോഷം അനുഭവപ്പെട്ടു. പരിസരം മറന്ന് അവള്‍ കൈപ്പടംകൊണ്ട് സ്വന്തം അടിവയറ്റിലൂടെ ഓടിച്ചുനോക്കി. അവള്‍ക്ക് ഒരുള്‍ക്കുളിര് അനുഭവപ്പെട്ടു. അവളുടെ ഓര്‍മയില്‍ അപ്പോള്‍ രവിശങ്കര്‍ സമൃദ്ധമായി നിറഞ്ഞുനിന്നു.

”ഓഹോ! അതും സംഭവിച്ചു കഴിഞ്ഞു?” യതീന്ദ്രന്റെ അലര്‍ച്ചകേട്ടാണ് അയന ഓര്‍മയില്‍നിന്നുണര്‍ന്നത്. യദുവിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു. ദഹിപ്പിക്കുന്ന ആ നോട്ടം ഏറ്റുവാങ്ങാനാവാതെ അവള്‍ മുഖം കുനിച്ചു. എത്രനേരം അങ്ങനെയിരുന്നെന്നറിയില്ല.മുഖമുയര്‍ത്തുമ്പോള്‍ അവള്‍ക്കു സമീപം ആരുമുണ്ടായിരുന്നില്ല.

രാത്രിയായിരിക്കുന്നു. അപ്പച്ചി അടുക്കളയില്‍ നിന്ന് അയനയെ ഊണുകഴിക്കാന്‍ വിളിക്കാന്‍ ഉമയോടു പറഞ്ഞു. ഉമ അടുത്തെത്തുന്നതിനു മുന്‍പായിതന്നെ അയന അടുക്കളയിലേക്കു ചെന്നു.

ആരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത നിമിഷങ്ങള്‍. അരിപ്പെട്ടിയുടെ മുകളില്‍ ഇരുന്ന് സ്വല്പമെന്തോ കഴിച്ചെന്നുവരുത്തി അയന പാത്രം കഴുകി മുറിയിലേക്കു പോയി. അപ്പോഴും അവളുടെ മനസ്സില്‍ ഈ സുവാര്‍ത്ത കേള്‍ക്കേണ്ടയാള്‍ അരികിലില്ലല്ലോ എന്ന ദു:ഖം മാത്രമായിരുന്നു.

-അറിയിക്കണോ? ഏറെനേരം അയന ആലോചിച്ചുകിടന്നു. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിലൊന്ന്. അവള്‍ അമ്മയാകുന്ന വിവരം അവളുടെ പുരുഷനോടറിയിക്കുന്ന നിമിഷം… അയാളുടെ ലാളന… ഇതൊക്ക പ്രതീക്ഷിക്കാത്ത ഏതെങ്കിലും സ്ത്രീയുണ്ടാകുമോ?

അപ്പച്ചിയും ഉമയും രാവേറെ ചെല്ലുന്നതുവരെ പുറംതളത്തില്‍ മരണദു:ഖം പേറുന്ന ഭാവത്തോടെയിരുന്നു. പുറത്തേക്കു പോയ യദു മടങ്ങിവന്നിട്ടില്ല. ഒരു മരണവീടിന്റെ മഹാമൗനമായിരുന്നു അപ്പോള്‍ ആ വീടു നിറയെ.

പുലരുന്നതിനു മുമ്പായിത്തന്നെ അയന എഴുന്നേറ്റു. മുറിഞ്ഞുമുറിഞ്ഞുള്ള മയക്കത്തിന്റെ കഴിഞ്ഞുപോയ രാത്രി എങ്ങനെയാണ് തള്ളിവിട്ടതെന്ന് അവള്‍ക്കറിയില്ല. തീര്‍ന്നുകിട്ടിയ രാത്രിയുടെ ആശ്വാസത്തില്‍ അവള്‍ ഇടനാഴിയിലൂടെ നടന്ന് വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. വെളിച്ചം വീണു തുടങ്ങിയിട്ടില്ല. എങ്കിലും അവള്‍ വേഗം കുളിച്ചെന്നുവരുത്തി തോള്‍ബാഗില്‍ അത്യാവശ്യം വേണ്ട തുണിത്തരങ്ങള്‍ കുത്തിനിറച്ചു. അപ്പച്ചിയോട് യാത്രപറയാന്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. ഉമ കമിഴ്ന്നുകിടന്ന് ഉറങ്ങുന്നു. അടുക്കളത്തളത്തില്‍ ചെറിയ വെളിച്ചമുണ്ട്. ഊണുമുറിയിലേക്കു നടന്നിറങ്ങുമ്പോള്‍ ചായക്കപ്പുമായി അപ്പച്ചി എതിരെ വന്നു. അയന ആ കണ്ണുകളിലേക്കു നോക്കി. കരഞ്ഞുകലങ്ങിയ ആ കണ്ണുകള്‍ക്കു മുന്‍പില്‍ താന്‍ വിതുമ്പിപ്പോകരുതെന്ന് അവള്‍ മനസിനെ വിലക്കി.

എല്ലാം അപ്പച്ചി നേരിട്ട് അറിഞ്ഞു എന്നത് അയനയ്ക്കു വലിയ ആശ്വാസമായി. ഇല്ലെങ്കില്‍ ഇതൊക്കെ താനെങ്ങനെ അവരോട് വിശദീകരിക്കും. ചായ വാങ്ങി ഊണുമേശമേല്‍ വച്ച് അയന അപ്പച്ചിയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

”ഞാന്‍ കോളേജിലേക്ക് മടങ്ങുകയാണപ്പച്ചീ” മറ്റെന്താണ് പറയേണ്ടതെന്നറിയാതെ വാക്കുകള്‍ക്കായി അവള്‍ ഇടറി.

അവള്‍ ബാഗ് തൂക്കി മുറ്റത്തേക്കിറങ്ങി. യദുവിനോടു പറയേണ്ടതുണ്ടോ? ഇല്ല. അതിന്റെ ആവശ്യമില്ല.

തണുത്ത കാറ്റ്. സീതയെ സ്വീകരിക്കാന്‍ മറുപിളര്‍ന്നു കൊടുത്ത ഭൂമിയുടെ തണുപ്പ് അയനയെ പൊതിഞ്ഞു.

വീണ്ടും കോളജ്. വാകമരങ്ങളിലെ കാറ്റ്…. ക്ലാസ്‌റൂമിന്‍രെ കലമ്പല്‍… ഇന്ദുവിന്റെ വിശേഷങ്ങള്‍… എടുത്തുതീര്‍ക്കേണ്ട പാഠങ്ങളെപ്പറ്റി പ്രഫസറുടെ താക്കീതുകള്‍….

തന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെപ്പറ്റി ഇന്ദുവിനോട് പറഞ്ഞില്ല. തന്റെ പാടും ദുരിതവും ഇറക്കിവയക്കാനുള്ള ഒരത്താണിയായി എന്നും അവളെ ഉപയോഗിക്കേണ്ട എന്നു കരുതി. തന്നെയുമല്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങള്‍ എന്തിന് മറ്റുള്ളവര്‍ അറിയണം?

-ഇത് വെറുമൊരു സൗന്ദര്യപ്പിണക്കം മാത്രമാണോ. ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ദിനംപ്രതി കൂടുതല്‍ വഷളായിവരുന്നു പ്രശ്‌നങ്ങള്‍.

വിട്ടുപോന്ന പ്രസ്ഥാനത്തെപ്പറ്റിയുള്ള ആധികളാണ് യദുവിന്റെ മറ്റൊരു പ്രശ്‌നം. ജയിലില്‍ നിന്നും ജയപ്രകാശിന്റെ കത്ത് കിട്ടിയ നിമിഷംമുതല്‍ താന്‍ സുഹൃത്തുക്കളുടെ ഇടയില്‍ വര്‍ഗവഞ്ചകനായി മുദ്രകുത്തപ്പെട്ടിരിക്കുകയാണ് എന്ന ചിന്ത അയാളെ അലട്ടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി മദ്യത്തെ അയാള്‍ കണക്കറ്റ് ആശ്രയിക്കുന്നു. ഇന്ന് അത് അയാള്‍ക്ക് ഒരു യാദൃശ്ചികമായ സന്തോഷമല്ല. ഒഴിവാക്കാനാകാത്ത ജീവജലമായി മാറിയിരിക്കുന്നു.

പണവും മദ്യവും കൊണ്ട് എന്നോ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കണമെന്നും വെട്ടിപ്പിടിക്കമെന്നുമുള്ള ഒരുതരം ഭ്രാന്ത് അയാളെ പിടികൂടിയിരിക്കുന്നു.

അങ്ങനെ ചിന്തിച്ചപ്പോള്‍ ക്രൂരമായ മറ്റൊരു സത്യം കൂടി അയനക്ക് വെളിവായി.

-തന്നോടുള്ള സ്‌നേഹത്തിലുപരിയായി ഒരിക്കല്‍ അപമാനിച്ചയച്ചവരെ കൂടുതല്‍ നാണംകെടുത്തിക്കൊണ്ട് വിജയിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നില്ലേ തന്നെ വീണ്ടെടുക്കുന്നതിനു പിന്നില്‍ യദുവിനുണ്ടായിരുന്നത്?

അപ്പോള്‍ താനൊരു വെറും ബലിമൃഗം…

ഓരോന്ന് ചിന്തിച്ചിരുന്ന് ബെല്ലടിച്ചത് അറിഞ്ഞില്ല. ‘തനിക്കു ക്ലാസില്ലേ’ എന്നു ചോദിച്ചുകൊണ്ട് പത്മിനി ടീച്ചര്‍ ജനാലയ്ക്കലെത്തിയപ്പോഴാണ് സമയബോധമുണ്ടായത്. പുസ്തകമെടുത്ത് വേഗം ടീച്ചറോടൊപ്പം ക്ലാസിലേക്കു നടന്നു.

സെക്കന്‍ഡ് ബി.എ.ക്ലാസാണ്. പോര്‍ഷന്‍ എവിടെയെത്തിനില്‍ക്കുന്നുവെന്ന് ഒരു നിശ്ചയവുമില്ല.

ക്ലാസിലേക്കു കയറും മുമ്പുതന്നെ അവിടത്തെ ബഹളം അയന ശ്രദ്ധിച്ചു. കുറെ വിരുതന്‍മാര്‍ ഒരേ താളത്തില്‍ ഡസ്‌ക്കിലിടിച്ച് പാടുന്ന പാട്ട് അവളെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു.

”ഏഴു സുന്ദര രാത്രികള്‍.. ഏകാന്ത സുന്ദര രാത്രികള്‍…”

അയന ക്ലാസില്‍ പ്രവേശിച്ചിട്ടും പിന്‍വരിയില്‍ പാട്ടിന്റെ ഈരടികള്‍ അലയടിക്കുകയാണ്.

അയന അതു ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു. മെസപ്പൊട്ടേമിയയുടെ പതനം…

മുഖം കുനിച്ചിരിക്കുന്ന പെണ്‍കുട്ടികളും കളിയാക്കി ചിരി പൊട്ടുന്ന ആണ്‍കുട്ടികളും എന്തോ ഒളിച്ചുവെയ്ക്കുന്നതായി അവള്‍ക്കു തോന്നി. ഇതിനിടെ വരാന്തയില്‍ ഉലാത്തിക്കൊണ്ടിരുന്ന പ്രിന്‍സിപ്പല്‍ ക്ലാസിലേക്കു കയറിവന്നു.

ബ്ലാക്ക് ബോര്‍ഡില്‍ എന്തോ വായിച്ചിട്ട് പ്രിന്‍സിപ്പല്‍ ദേഷ്യത്തോടെ ചോദിച്ചു.

”-ഏത് ഇഡിയറ്റാണ് ഇത് എഴുതിപ്പിടിപ്പിച്ചത്?”

അദ്ദേഹത്തിന്റെ സ്വതേ വെളുത്തുതുടുത്ത മുഖം ഏറെ ചുവന്നിരുന്നു.

അപ്പോഴാണ് അയന ബോര്‍ഡിലേക്കു നോക്കിയത്.

”കാമശാസ്ത്രസംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ഡോ.അയന ശങ്കര്‍ മറുപടി നല്‍കുന്നു.”

അയന ലജ്ജയും സങ്കടവും കൊണ്ട് മരവിച്ചുപോയി.

പ്രിന്‍സിപ്പല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. അദ്ദേഹം ക്ഷുഭിതനായി ഇറങ്ങിപ്പോയി. തന്റെ അധ്യാപനജീവിതത്തില്‍ ആദ്യത്തെ അനുഭവമാണിത്. നിര്‍ദ്ദോഷമായ തമാശകള്‍ക്കപ്പുറം ഒരിക്കലും തന്റെ കുട്ടികള്‍ അതിരുവിട്ടിട്ടില്ല. നാട്ടില്‍ നിന്നു കോളേജിലേക്കു മടങ്ങാനുള്ള കാരണം തന്നെ ഈ കുട്ടികളുടെ പിന്‍ബലവും അവരുമായി പങ്കിടുന്ന നിമിഷങ്ങളുടെ ശാന്തിയെപ്പറ്റിയുള്ള പ്രതീക്ഷയുമായിരുന്നു.

ഇപ്പോഴിതാ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.

വെള്ളിയാഴ്ച. സാധാരണ വാരാന്ത്യങ്ങളില്‍ എത്രയും നേരത്തെ ക്ലാസ് വിട്ട് വീട്ടിലേക്കുള്ള വണ്ടി പിടിക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. പക്ഷേ, പതിവിനും വിരുദ്ധമായി എല്ലാവരും അന്ന് കോണ്‍ഫറന്‍സ് ഹാളില്‍ കൂടി. പ്രൊഫസര്‍ കാശിയുടെ സെന്റോഫ് ചടങ്ങ്. അദ്ദേഹത്തിനിനി വിശ്രമജീവിതം. കടന്നുപോകുന്ന കാലത്തിന്റെ അടയാളമായി, ഓര്‍മ്മപ്പെടുത്തലായി പ്രൊഫസര്‍ കാശി ശിഷ്യസമ്പത്തിന്റെ വന്‍ നിക്ഷേപവുമായി ഇനി വിശ്രമത്തിലേക്ക്…

ഇങ്ങനെയൊരവസരത്തെക്കുറിച്ച് താനിതുവരെ ചിന്തിച്ചിരുന്നില്ലല്ലോ എന്ന് അയന ഓര്‍ത്തു. വിലപ്പെട്ടതെന്തോ പെട്ടെന്നു കൈമോസം വരുന്നതായി അവള്‍ക്കു തോന്നി.

യാത്രയയപ്പു സമ്മേളനത്തിന്റെ ചടങ്ങുകള്‍. അയനയും ഇന്ദുവും പിന്‍നിരകളിലൊന്നിലിരുന്നു.

സീനിയോറിറ്റി തര്‍ക്കങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് സഹപ്രവര്‍ത്തകരെല്ലാം കാശിസാറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് അയനയ്ക്ക് തെല്ലും സഹിക്കാവുന്നതായിരുന്നില്ല.

ആ മനുഷ്യന്‍ തനിക്ക് എന്തൊക്കെയായിരുന്നു? ആദരവുപിടിച്ചെടുത്ത അധ്യാപകനും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല. എന്നും തന്നെ മനസിലാക്കിയിരുന്ന ചുരുക്കം പേരിലൊരാള്‍.

അറിയാതെ അവള്‍ അപ്പോള്‍ അച്ഛനെക്കുറിച്ചോര്‍ത്തു.ഇപ്പോഴിതാ കാശിസാറും അകന്നുപോകുന്നു. അച്ഛനു തുല്യമായി താന്‍ കണ്ട കാശിസാര്‍.

വേദനയനുഭവിക്കാന്‍വേണ്ടി മാത്രമുള്ള ഒന്നാണോ മനുഷ്യജന്മം! കുറഞ്ഞപക്ഷം തനിക്കെങ്കിലും അതങ്ങനെയാണ്.

അവളുടെ ഊഴമെത്തും മുമ്പുതന്നെ തനിക്കൊന്നും പ്രസംഗിക്കാനില്ലെന്ന് പറഞ്ഞൊഴിയാന്‍ അയന ശ്രമിച്ചു.

എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ അയന എഴുന്നേറ്റു. കാശിസാറിനെ നോക്കാനാവുന്നില്ല. മികച്ച ഒരദ്ധ്യാപകനായിട്ടാണ് കാശിസാര്‍ ആദ്യം എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്.ഇന്ന് എന്റെ അച്ഛന്റെ സ്ഥാനത്ത് പകരംവയ്ക്കാന്‍ എനിക്ക് മറ്റൊരാളില്ല. അവളുടെ തകര്‍ന്ന ഹൃദയത്തില്‍നിന്ന് ഈ വാക്കുകള്‍ ഇടര്‍ച്ചയോടെ പുറപ്പെടുകയായിരുന്നു.

ചായസല്‍ക്കാരം തുടങ്ങി. പപ്‌സും സ്പഞ്ചും കടിച്ചുവിഴുങ്ങുന്നവരുടെ ഇടയില്‍ തലക്കു കൈകൊടുത്ത് ക്ഷീണിതയായി അയന ഇരുന്നു. വിളമ്പിയ പണിക്കരോട് ചായ മാത്രം മതിയെന്ന്  ആംഗ്യം കൊണ്ട് അവള്‍ നിര്‍ദേശിച്ചു. ചായ ചുണ്ടോടു ചേര്‍ക്കുമ്പോള്‍ അവള്‍ കാശിസാറിന്റെ മുഖത്തേക്ക് ഒന്നു പാളി നോക്കി. ദൂരെ ഒരു ബിന്ദുവില്‍ ഉറപ്പിച്ചിരിക്കുന്ന ആ കണ്ണുകളില്‍ ഒരു നീര്‍ത്തിളക്കം കാണുന്നത് തന്റെ തോന്നലാണോ?

പിറ്റേന്ന് ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോള്‍ അവളറിയുന്നു-അതുവരെ പ്രിയമല്ലാതിരുന്ന പല കറികള്‍ക്കും രുചി തോന്നിക്കുന്നു. ഇഷ്ടപ്പെടാതിരുന്ന ഗന്ധങ്ങള്‍ പഥ്യമാകുന്നു.

തന്നിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി അയന വെറുതെ ചിന്തിച്ചു.

അന്നു വൈകിട്ട് ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിസിറ്റേഴ്‌സ് റൂമില്‍ യദു കാത്തിരിക്കുന്നു. അലസമായ വേഷം. അലങ്കോലപ്പെട്ട മുടി. അവളെ കണ്ടതും അയാള്‍ എഴുന്നേറ്റ്അടുത്തേക്ക് വന്നു.

”എന്നോട് പറയാതിങ്ങു പോന്നു അല്ലേ?”

അവള്‍ ഒന്നും പറഞ്ഞില്ല.ഇന്ദുവിനോട് മുറിയിലേക്കു പൊയ്‌ക്കൊള്ളാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം  കാണിച്ചു.

”സാരമില്ല… സീരിയസായ മറ്റൊരു കാര്യം സംസാരിക്കാനാ ഞാനിപ്പോ വന്നത്.” അവള്‍ക്കൊന്നും മനസ്സിലായില്ല. അയനയുടെ മുഖത്തെ ആകാംക്ഷ കണ്ട് അയാള്‍ പറയാന്‍ തുടങ്ങി.

”അതായത്… നിന്റെ ഇപ്പോഴത്തെ അവസ്ഥ… ഐ മീന്‍ നൗ യുവാര്‍ കാരിയിങ്ങ്, ങേ… അതും സാരമില്ല… സ്വാഭാവികം.”

ഒരു മഹാത്യാഗിയുടെ ഭാവത്തില്‍ അയാള്‍ അവളെ നോക്കി. ബാക്കികൂടി കേള്‍ക്കാന്‍ അയന തയ്യാറെടുത്തു.

”പക്ഷെ ഒരു കാര്യം… ഞാനിന്ന് ഡോക്ടറെ കണ്ട് വേണ്ടതുപോലെ സംസാരിച്ചിട്ടുണ്ട്. നാളെ രാവിലെ ഒന്‍പതുമണിക്കാണ് ഡോക്ടര്‍ അപ്പോയ്ന്റ്‌മെന്റ് തന്നിരിക്കുന്നത്.”

ഒന്നു നിര്‍ത്തി അയനയെ നോക്കിയിട്ട് അയാള്‍ തുടര്‍ന്നു.

”ഒന്നുമില്ല. സിമ്പിള്‍. അഞ്ചോ പത്തോ മിനിറ്റിന്റെ കാര്യം.”

അയനയുടെ മറുപടിക്കു കാത്തുനില്‍ക്കാതെ പുറത്തേക്കറിങ്ങുമ്പോള്‍ അയാള്‍ ആജ്ഞയുടെ സ്വരത്തില്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.

”രാവിലെ ഞാനിവിടെത്തും… നീ റെഡിയായി നില്‍ക്കണം.” എന്താണ് പറയേണ്ടതെന്നറിയാതെ അവള്‍ വിഷമിച്ചു നില്‍ക്കവേ അയാള്‍ ഹോസ്റ്റലിന്റെ പടികളിറങ്ങി മറഞ്ഞു.

ദൈവം തന്നെ വീണ്ടും വട്ടുതട്ടുകയാണ്. ഇത്രയുമൊക്കെ ആയിട്ടും ഇനിയും വെറുതെവിടാന്‍ ഭാവമില്ലല്ലോ?

അവള്‍ മുറിയിലെത്തിയപ്പോള്‍ ഇന്ദു കിന്നാരംചോദിച്ച്  അടുത്തുവന്നു. ഇപ്പോള്‍ ഉള്ളില്‍ തടഞ്ഞുനിര്‍ത്തിയ ചിറ തകര്‍ത്ത് ഇന്ദുവിന്റെ മുമ്പിലേക്ക് അയനയില്‍ നിന്ന് എല്ലാം പ്രവഹിച്ചു. പിന്നീട് ഇന്ദുവിന്റെ സാന്ത്വനവര്‍ഷമേറ്റ് അയന സ്വച്ഛമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ യദു വന്നപ്പോള്‍ വിസിറ്റേഴ്‌സ് റൂമിന്റെ ഭിത്തിയില്‍ ചാരിനിന്ന് അയന യാതൊരു കൂസലുമില്ലാതെ ധൈര്യപൂര്‍വ്വം, എന്നാല്‍ ശാന്തമായി പറഞ്ഞു.

”ഞാന്‍ വരുന്നില്ല. ഞാനതിനു തയാറല്ല.”

പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ സ്റ്റെയര്‍കേസുകയറി അവള്‍ മുറിയിലേക്കു പോയി.

(തുടരും)

Leave a Reply