ശങ്കർ മന (പ്രസിഡണ്ട്), സാമുവൽ യോഹന്നാൻ (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ട്രഷറർ) ലാനയുടെ പുതിയ ഭാരവാഹികൾ

ലിറ്റററി അസോസിയേഷൻ ഒഫ് നോർത്ത് അമേരിക്ക (ലാന) – യുടെ നാഷ്‌വിൽ ടെന്നിസ്സിയിൽ  നടന്ന രജതജുബിലി സമ്മേളനം പതിനൊന്നംഗ ഭരണസമിതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ശങ്കർ മന (പ്രസിഡണ്ട്), ഹരിദാസ് തങ്കപ്പൻ (വൈസ് പ്രസിഡണ്ട്), സമുവൽ യോഹന്നാൻ (ജനറൽ സെക്രട്ടറി), ജോൺ കൊടിയൻ (ജോയിന്റ് സെക്രട്ടറി), ഷിബു പിള്ള (ട്രഷറർ), നിർമ്മല ജോസഫ് (ജോയിന്റ് ട്രഷറർ), അനിലാൽ ശ്രീനിവാസൻ (ex-officio), ജേക്കബ് ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർ), ബിജോ ജോസ് ചെമ്മാന്ത്ര (പബ്ലിക് റീലേഷൻസ് കമ്മിറ്റി ചെയർ), ഡോ സുകുമാർ കാനഡ (ഭരണ സമിതി അംഗം), പ്രസന്നൻ പിള്ള (ഓഡിറ്റർ) എന്നിവരാണ്‌ 2024 ജനുവരി ആദ്യം അധികാരമേല്ക്കാൻ പോകുന്ന പുതിയ ഭരണസമിതിയിലെ അംഗങ്ങൾ.

ലാന രജതജുബിലി സമ്മേളനം കലാവിരുന്നോടെ സമാപിച്ചു.

ലിറ്റററി അസോസിയേഷൻ ഒഫ് നോർത്ത് അമേരിക്ക (ലാനയുടെ) രജതജുബിലി സമ്മേളനം കർണ്ണാമൃതമായ ഗാനമേളയോടും പഞ്ചാരി മേളത്തോടും സമാപിച്ചു. ഓക്ടോനർ 20-ന്‌ ഒന്നാം ദിവസം നടന്ന ഉത്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മെമ്പറുമായ ശ്രീ കെ. പി. രാമനുണ്ണി നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ലാന പ്രസിഡണ്ട് ശ്രീ അനിലാൽ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ സമ്മേളന സ്വാഗത സംഘം പ്രസിഡണ്ട് ശ്രീ ഷിബു പിള്ള സ്വാഗതം പറയുകയും ലാന ജനറൽ സെക്രട്ടറി ശങ്കർ മന കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിന്‌ ആതിഥേയത്വം വഹിക്കുന്ന നാഷ്‌വിൽ സാഹിതിയുടെ ജനറൽ കൺവീനർ ശ്രീ അശോകൻ വട്ടക്കാട്ടിൽ, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ മുൻ പ്രസിഡണ്ട് ശ്രീ സാം ആന്റൊ, ഇന്ത്യൻ അസോസിയേഷൻ ഒഫ് നാഷ്‌വിൽ വൈസ് പ്രസിഡണ്ട് ശ്രീ ആദർശ് രവീന്ദ്രൻ ലാന വൈസ് പ്രസിഡണ്ട് ശ്രീ ജോർജ് നടവയൽ എന്നിവർ ആശംസകൾ നേർന്നു.

ഉത്ഘാടന സമ്മേളനത്തിൽ ശ്രീ രാമനുണ്ണി ലാനയുടെ രജത ജുബിലി പ്രസിദ്ധീകരണമായ “നടപ്പാത”-യുടെ പ്രകാശനം നിർവഹിക്കുകയും അതോടൊപ്പം പുസ്തകത്തിന്റെ ചീഫ് എഡിറ്ററും ലാനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ശ്രീ ജെ. മാത്യൂസിനെ മൊമന്റൊ നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ശ്രീ മനോഹർ തോമസ് (ലാന മുൻ പ്രസിഡണ്ട്), സാംസി കൊടുമൺ (ലാന മുൻ ജനറൽ സെക്രട്ടറി), ഗീത ജോർജ്, ജയൻ കെ സി എന്നിവരെ ആദരിക്കുകയും ആരോഗ്യകാരണങ്ങളാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത ലാനയൂടെ മുൻ ജനറൽ സെക്രട്ടറിയും ലാന എഴുത്തുകാരുടെ പുസ്തകങ്ങളുടെ കസ്റ്റോഡിയനുമായ ശ്രീ അബ്ദുൾ പുന്നയുർക്കുളത്തിന്റെ പ്രവർത്ത്നങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ സ്പോൺസർമാരായ നിരൂപ് പ്രഭാകർ, സാം ആന്റോ, രാജീവ് ചന്ദ്രമന, സുബിൻ കുമാരൻ, രവി മേനോൻ, ഡോ. സന്തോഷ് ജോൺ ഫിലിപ്പോസ്, ഷിബു കെ രാജ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

സമ്മേളനത്തിൽ ലാന അംഗങ്ങളുടെ പുസ്തകങ്ങളായ ഞനതിൻ രസികനേകൻ (ഡോ. സുകുമാർ കാനഡ), ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ (ബിജോ ജോസ് ചെമ്മാന്ത്ര), Moonnaamoozham Draupadi the third Avatar (എം. പി. ഷീല – മൂലകൃതി, ഡോ. സുകുമാർ കാനഡ – പരിഭാഷകൻ) എന്നീ പുസ്തകങ്ങൾ ശ്രീ രാമനുണ്ണി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ ഭരതകലാ തിയ്യറ്റേഴ്സ്, ഡാലസ് ടെക്സസ് അവതരിപ്പിച്ച് “ആശാൻ സ്നേഹഗായകൻ” കാവ്യശില്പവും, പ്രതിനിധികളുടെ “ചിത്രാപൗർണമിരാവ്” കവിയരങ്ങും അരങ്ങേറി.

രണ്ടാം ദിവസമായ ശനിയാഴ്ച്ച “സാഹിത്യത്തിന്റെ ജനിതകം: കഥ, കവിത, നോവൽ വിചിന്തനങ്ങ്ൾ” എന്ന വിഷയത്തെ അധികരിച്ച് ശ്രീ കെ. പി. രാമനുണ്ണി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സംവാദത്തിലും ചർച്ചയിലും പ്രതിനിധികൾ സജീവമായി പങ്കെടുത്തു. പിന്നീട് നടന്ന വിവിധ സെഷനുകളിൽ “മലയാള കവിത ഇന്നലെ ഇന്ന് നാളെ”, “ഡിജിറ്റൽ കാലത്തെ ചെറുകഥകൾ – എഴുത്തും പ്രചാരണവും”, “മലയാള നോവലുകളിലെ മാറിവരുന്ന ഭാഷാപ്രവണതകൾ”, “നാടകസാഹിത്യം” തുടങ്ങിയ വിഷയങ്ങൾ പ്രതിനിധികളും ശ്രീ രാമനുണ്ണിയും ഉൾപ്പെട്ട പാനലുകൾ ചർച്ച ചെയ്തു. പ്രതിനിധികളുടേയും കേരളത്തിൽ നിന്നു പുതിയ പുസ്തകങ്ങളുടേയും പരിചയ്പ്പെടുത്തുന്ന “പുസ്ത്കപരിചയം” സെഷനും “മുതൽമുടക്കില്ലാതെ സ്വന്തമായി എങ്ങിനെ പുസ്ത്കങ്ങൾ പ്രസിദ്ധീകരിക്കാം” എന്ന മിനി വർക്ക്ഷോപ്പും നടന്നു. വൈകിട്ട് നടന്ന കലാവിരുന്നിൽ നാഷ്‌വിൽ ചെണ്ട ഗ്രൂപ്പും ഡിട്രോയിറ്റ് കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിച്ച പഞ്ചാരി മേളവും, നാഷ്വിൽ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച സംഗീതസന്ധ്യയും അരങ്ങേറി. ആതിഥേയരായ നാഷ്‌വിൽ സാഹിതി ഒരുക്കിയിരുന്ന സംഗിതനഗരമായ നാഷ്‌വിൽ നഗരത്തിന്റെ ബ്രോഡ്‌വെ നിശാസന്ദര്‌ശനം പ്രതിനിധികൾ ഉത്സവതിമിർപ്പോടെ ആഹ്ലാദത്തിലാഴ്ത്തി.

 

*********

(വാർത്ത തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)

Leave a Reply