പുതു തലമുറക്കിടയിൽ സാഹിത്യോത്സവ സംസ്കാരം ഉയർന്നു വന്നിട്ടുണ്ടെന്നും ഇത്തരം സാഹിത്യോത്സവങ്ങൾ പ്രതിരോധത്തിനും ബഹു സ്വരതയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അത് നല്ലതാണെന്നും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)-യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സാറ ജോസഫ് പ്രസ്താവിച്ചു. ഭാഷയും സംസ്കാരവും സാഹിത്യവും ഉള്ളിൽ പേറി നടക്കുന്നവരാണ്‌ മലയാളികൾ. എഴുത്ത് നമ്മളെ തന്നെ പഠിക്കലും പുതുക്കലുമാണ്‌. ഭാഷയും ഭാഷണ സമുഹവും ഒന്ന് തന്നെയാണ്‌. സമൂഹത്തിലെന്തുണ്ടോ അത് ഭാഷയിലുണ്ടാകും, ഇല്ലാത്തത് ഉണ്ടാകുകയുമില്ല. എഴുത്തിനെ പൂരിപ്പിക്കുന്നതാണ്‌ വായന. വായിക്കാനുള്ള ഒരു പരിശീലനം പുതിയ തലമുറക്ക് കൊടുക്കേണ്ടതുണ്ട്.

പഴയ തലമുറ ജീവിച്ചുപോന്ന പൊതുമൂല്യ വസ്ഥിതിയിൽ ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്. ആ തലമുറയുടെ ദേശബോധവും ദേശീയബോധവും നിർമ്മിച്ചെടുത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിന്‌ അപ്രതീക്ഷതവും അഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ വലിയ മാറ്റം വന്നു കൊണ്ടിരിക്കുന്നു. ഗാന്ധി-അംബ്ദേക്കർ-നെഹൃ എന്നിവരുടെ സങ്കല്പങ്ങൾക്ക് അനുസരിച്ച് രാഷ്ട്രത്തെ ഉയർത്തിയെടുക്കാനോ വളർത്തിയെടുക്കാനോ നമുക്ക് കഴിഞ്ഞില്ലെന്ന് ഉദ്ഘാടന പ്രസംഗം തുടർന്നു കൊണ്ട് സാറ ജോസഫ് പറഞ്ഞു.

 

കവിതയിലെ കവിതയെഴുതാനാകുകവി സെബാസ്റ്റ്യൻ

ഗദ്യത്തിലോ പദ്യത്തിലോ കവിത എഴുതാനാവില്ല, കവിതയിലെ കവിതയെഴുതാനകു എന്ന് ലാനയുടെ സമ്മേളനത്തിന്‌ ആശംസ നേർന്നുകൊണ്ട് സുപ്രസിദ്ധ കവി സെബാസ്റ്റ്യൻ പറഞ്ഞു. ഗദ്യത്തിലായാലും പദ്യത്തിലായാലും കവിത വേണം. എഴുതുമ്പോൾ ഒരു ഭാഷ സൃഷ്ടിക്കൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്‌ പ്രധാനം. എല്ലാ ഇന്ദ്രിയങ്ങളേയും കവിതക്ക് സ്പർശ്ശിക്കാൻ കഴിയാണം. പരാജയങ്ങളിൽ നിന്നും വീണ്ടെടുപ്പാണ്‌ കവിത.  ദൈവാക്ഷരങ്ങളാണ്‌ കവിത, കവിത ഒരു വിസ്മയമാണ്‌, കവികൾ ഋഷിതുല്യരാണ്‌. സമകാലിക കവിത അതിരുവിട്ട് പറക്കുന്ന കാലമാണിത്. സെബാസ്റ്റ്യൻ ഓർമിപ്പിച്ചു.

ആധൂനിക സാങ്കേതികവിദ്യ സാഹിത്യത്തിൽ ജനാധിപത്യം കോണ്ടുവന്നുവെന്നും അത് സ്വാഗതർഹമാണെന്നും സമ്മേളനത്തിന്‌ ആശംസ അർപ്പിച്ചുകൊണ്ട് പ്രശസ്ത യുവ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ജേതാവുമായ വി. ഷിനി ലാൽ പറഞ്ഞു. മനുഷ്യൻ ജീവിക്കുന്നത് മറ്റെന്തും കൊണ്ടെന്നപോലെ ഭാവന കൊണ്ട് കൂടിയാണ്‌. ഭാവനകൊണ്ട് മനുഷ്യന്‌ എവിടേയും എത്തിച്ചേരാം. ഭാവനയാണ്‌ മനുഷ്യനെ എഴുത്തുകാരനാക്കുന്നത്. ഷിനിലാൽ കൂട്ടിചേർത്തു.

ലാന പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ സ്വാഗതം പറയുകയും ജോയിന്റ് ട്രഷറർ നിർമ്മല ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എഴുത്ത് ഒരു സർഗാത്മക പ്രവർത്തനമാണ്‌, അതു പോലെ തന്നെ, അറിഞ്ഞോ അറിയാതെയോ, ഒരു സാമുഹ്യ പ്രവർത്തനം കൂടിയാണ്‌. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ എഴുത്തുകാർക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടാണ്‌ എഴുത്തുകാരെ സാസ്ംകാരിക നായകരെന്നും ധിഷണ ശാലികളെന്നും മറ്റും വിളിക്കുന്നത്. തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശങ്കർ മന സാറ ജോസ്ഫിനെ പരിചയപ്പെടുത്തിക്കൊണ്ട് സൂചിപ്പിച്ചു.

കവി സെബാസ്റ്റ്യനെ പ്രശസ്ത കവി ബിന്ദു ടിജിയും, വി ഷിനിലാനിനെ സാമുവൽ യോഹന്നാനും സദസ്സിന്‌ പരിചയപ്പെടുത്തി. സമ്മേളനത്തിൽ ലാന ട്രഷറർ ഷിബു പിള്ള, വൈസ് പ്രസിഡണ്ട് ഹരിദാസ് തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ജോൺ കൊടിയൻ. ഭരണസമിതി അംഗങ്ങൾ, ലാന മുൻ ഭാരവാഹികൾ, ലാന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

തുടർന്ന് നടന്ന കാവ്യാലപന സമ്മേളനത്തിൽ അമേരിക്കയിലേയും കാനഡയിലേയും പ്രശസ്ത കവികളായ ലാനയുടെ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ, ഭരണസമിതി അംഗം ഡോ. സുകുമാർ കാനഡ, സന്തോഷ് പാല, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു എന്നിവർ  സ്വന്തം കവിതകൾ ചൊല്ലി അവതരിപ്പിച്ചു. സമ്മേളനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിൽ ലാന ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ, ജോയിന്റ് സെക്രട്ടറി ജോൺ കൊടിയൻ, ഭരണ സമിതി അംഗം ഡോ. സുകുമാർ കാനഡ, രാജു തോമസ്, അബ്ദുൾ പുന്നയൂർക്കുളം, ലക്ഷ്മി നായർ, ഗീത ജോർജ്ജ്, സ്മിത കൊട്ടാരത്ത് എന്നിവർ പങ്കെടുത്തു.

 

 

 

തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ

Leave a Reply