ന്യൂയോർക്ക്: കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ ജയന്ത് കാമിച്ചേരിലിനെ ആദരിക്കാൻ വിദേശ മലയാളികളുടെ സാംസ്കാരിക മാസികയായ ജനനി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം അതീവ ഹൃദ്യമായി. ജൂലൈ 29 ശനിയാഴ്ച ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇൻഡ്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങി ൽ സാഹിത്യ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജനനി മാനേജിംഗ് എഡിറ്റർ സണ്ണി പൗലോസ് സ്വാഗതം ആശംസിച്ചു. ജയന്തിൻ്റെ രചനകൾ ജനനി മാസികയിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയന്ത് കാമിച്ചേരിലിനെ പരിചയപ്പെടുത്തി സംസാരിച്ച ചീഫ് എഡിറ്റർ ജെ . മാത്യൂസ്, ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് അടയാളപ്പെടുത്തിയ കുമരകം എന്ന ഗ്രാമത്തിലാണ് ജയന്തിൻ്റെ രചനകൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി.

“ഒരു കുമരകംകാരൻ്റെ കുരുത്തംകെട്ട ലിഖിതങ്ങൾ” എന്ന പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമി ഹാസസാഹിത്യം വിഭാഗത്തിൽ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാസസാഹിത്യത്തിനപ്പുറം, ലോകവിജ്ഞാനം എന്ന് കാറ്റഗറിയിൽ അറിയപ്പെടേണ്ട ഒരു കൃതി ആണിത് എന്ന് ശ്രീ. ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു. പുസ്തകത്തിലുടനീളമുള്ള നർമ്മശകലങ്ങൾ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. സാ ഹിത്യകാരനായ ശ്രീ മനോഹർ തോമസ്, ജയന്തിൻ്റെ ഈ പുസ്തകത്തെ “ഒരു കുമരകംകാരൻ്റെ ലുത്തിനിയ” എന്ന് വിശേഷിപ്പിക്കാവുന്നതാണ് എന്ന് പറഞ്ഞു. കേരളസാഹിത്യ അക്കാദമി അവാർഡ് നേടുന്ന മൂന്നാമത്തെ പ്രവാസി മലയാളി ആണ് ജയന്ത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . പ്രശസ്ത കവി ശ്രീ ചെറിയാൻ കെ ചെറിയാൻ, ശ്രീ എതിരൻ കതിരവൻ എന്നിവരാണ് മുമ്പ് ഈ പുരസ്ക്കാരം നേടിയവർ.

മലയാളം പത്രം എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന ശ്രീ ജേക്കബ് റോയി, മലയാളം പത്രത്തിലൂടെയാണ് ജയന്ത് തന്റെ സാഹിത്യസപര്യയ്ക്ക് തുടക്കമിട്ടത് എന്ന് അനുസ്മരിച്ചു. കൈ രളി ടി വിയെ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീ ജോസ് കാടാപുറം പ്രവാസി മലയാളികളുടെ സാഹി ത്യ സൃഷ്ടികൾക്ക് കേരളത്തിൽ അംഗീകാരം ലഭിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. സാഹിത്യകാരിയായ നിർമ്മല ജോസഫ്, (മാലിനി) പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികളുടെ സൗരഭ്യം കേരളത്തിലും എത്തിക്കാൻ ജയന്തിന് ലഭിച്ച ഈ പുരസ്ക്കാരം വഴിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി. സാഹിത്യ നിരൂപകൻ ആയ ശ്രീ കെ കെ ജോൺസൺ, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ പ്രാദേശിക ഭാഷയോടും ശൈലിയോടുമാണ് ജയന്ത് കാമിച്ചേരിലിൻ്റെ എഴുത്തിനെ താരതമ്യപ്പെടുത്തിയത്. ഗോപിനാഥ കുറുപ്പ്, ജോൺ കുസുമാലയം , മാത്യു വട്ടക്കളം തുടങ്ങിയവരും ആശംസകൾ അർപ്പി ച്ചു. അനുശ്രീയുടെ ശ്രുതിമധുരമായ ഗാനങ്ങൾ ചടങ്ങിന് മനോഹാരിത പകർന്നു. ജയന്ത് കാമിച്ചേരി ലിൻ്റെ മറുപടി പ്രസംഗം നർമ്മമധുരമായിരുന്നു. ഡോ.സാറാ ഈശോ കൃതജ്ഞത രേഖപ്പെടുത്തി.
കുമരകംകാരെ പ്രതിനിധീകരിച്ച് ആദരവ് രേഖപ്പെടുത്തിക്കൊണ്ട് ജോൺ കുസുമാലയം ജയന്ത് കാമിച്ചേരിലിന് ഉപഹാരം നൽകി. ജനനിയുടെ ഇരുപത്തിയഞ്ചാം വാർഷികപ്പതിപ്പിൻ്റെ കോപ്പികൾ ചടങ്ങിൽ വിതരണം ചെയ്തു.

Leave a Reply