ന്യൂയോര്‍ക്ക്: ആശയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ജനനി മാസികയുടെ ”സ്ത്രീജന്മം പുണ്യജന്മം” എന്ന വനിതാരോഗ്യ സെമിനാര്‍ ഏറെ ശ്രദ്ധേയമായി.

ഒക്ടോബര്‍ മാസത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ അവയര്‍നെസ്, വേള്‍ഡ് പാലിയേറ്റീവ് കെയർ ഡേ എന്നിവ ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജനനി ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. പാലിയേറ്റീവ് മേഖലയിൽ ലോക പ്രശസ്തനായ ഡോ. എം. ആര്‍ രാജഗോപാല്‍, ബ്രെസ്റ്റ് കാന്‍സര്‍ കഥാതന്തുവാക്കിയ ‘മഞ്ഞില്‍ ഒരുവള്‍’ എന്ന നോവലിന്‍റെ രചയിതാവ് പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സെപ്തംബര്‍ മുപ്പതാം തീയതി വൈകുന്നേരം ഓറഞ്ച്ബ ര്‍ഗിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്‍റില്‍ വച്ച് നടത്തിയ സെമിനാറില്‍ റോക്‌ലാൻഡ് കൗണ്ടി ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, പത്മശ്രീ ഡോ. ശോശാമ്മ ഐപ്പ് എന്നിവരും അതിഥികളായിരുന്നു.

ഡോ. എം. ആര്‍ രാജഗോപാല്‍ രചിച്ച Walk with the Weary എന്ന പുസ്തകത്തെക്കുറിച്ച് ശ്രീമതി ലോണ ഏബ്രഹാം വിശദമായ അവലോകനം നടത്തി. സാന്ത്വന പരിചരണത്തിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്‍റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം, വേദനയിലൂടെ കടന്നു പോകുന്ന നിരവധി മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. ജീവിത യാത്രയില്‍ കണ്ടുമുട്ടിയ, പരിചരിച്ച നിരവധി ആളുകളുടെ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നണ്ട് എന്ന് ലോൺ ഏബ്രഹാം വിവരിച്ചു.

പാലിയേറ്റീവ് കെയർ എന്നത് മരണത്തിനടുത്തെത്തിയ ആളിന്റെ പരിചരണം എന്നാണ് പൊതുവെയുള്ള ധാരണ എന്ന് ഡോ. രാജഗോപാല്‍ തന്‍റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മരണക്കിടക്കയിലല്ല, രോഗാരംഭത്തില്‍ തന്നെ സാന്ത്വന ചികിത്സക്കുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. രോഗിയോടൊപ്പം തന്നെ, കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ പാലിയേറ്റീവ് കെയർ സഹായിക്കുന്നു.

ഭീകരമായ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരോട് ‘സാരമില്ല’, ‘ടെന്‍ഷന്‍ അടിക്കരുത്’, ‘ഫൈറ്റ് ചെയ്യണം’ തുടങ്ങിയ പാഴ്വാക്കുകള്‍ പറയുന്നതിനേക്കാള്‍ നല്ലത് നിശ്ശബ്ദമായി അവരെ കേള്‍ക്കുന്നതാണ് എന്നദ്ദേഹം പറഞ്ഞു. രോഗികളുടെ വേദനയെ നിസ്സാരവല്‍ക്കരിക്കുകയാണ് ഉറ്റവർ പോലും ചെയ്യുന്നത്. മഞ്ഞില്‍ ഒരുവള്‍ എന്ന പുസ്തകത്തില്‍ അശ്വിനി കടന്നു പോകുന്ന മാനസികാവസ്ഥയെ തനിമയോടെ വരച്ചു കാട്ടിയ നിര്‍മ്മലയെ അദ്ദേഹം ഏറെ അഭിനന്ദിച്ചു.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്‍ഡ്യയുടെ സ്ഥാപകനായ ഡോ. രാജഗോപാല്‍, പാലിയേറ്റീവ് മേഖലയിലുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചും പാലിയം ഇന്‍ഡ്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചു. ആർക്കു രോഗം വന്നാലും കുടുംബത്തിലെ സ്ത്രീകളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് പാലിയം ഇന്‍ഡ്യ നടത്തുന്ന വിമന്‍സ് പാലിയേറ്റീവ് കെയർ പ്രോജക്ടിന് ഡോ. സാറാ ഈശോയുടെ നേതൃത്വത്തില്‍ ഫോമാ വിമന്‍സ് ഫോറം നല്‍കിയ പിന്തുണയെ അദ്ദേഹം അനുസ്മരിച്ചു.

പാലിയം ഇന്‍ഡ്യയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് അദ്ദേഹംഅഭ്യര്‍ത്ഥിച്ചു. കൂടാതെ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ സാന്ത്വന ചികിത്സ ആവശ്യമായാല്‍ കേരളത്തിലെവിടെയും സഹായമെത്തിക്കാന്‍ പാലിയം ഇന്‍ഡ്യക്ക് കഴിയും എന്നും ഡോ. രാജഗോപാല്‍ പറഞ്ഞു.

ചെറുകഥാകൃത്ത് ആയ മാലിനി നിര്‍മ്മല ജോസഫ് മഞ്ഞില്‍ ഒരുവള്‍ എന്ന പുസ്തകം സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കാനഡയില്‍ താമസിക്കുന്ന പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസിന്‍റെ ഈ നോവലിലെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ മാലിനി വിവരിച്ചു. അശ്വിനിയുടെ ജീവിതത്തെ മാറ്റിമറിച്ച രോഗാവസ്ഥയില്‍ ഭര്‍ത്താവിന്‍റെയും ഏകമകളുടെയും മറ്റ് സുഹൃത്തുക്കളുടെയും പ്രതികരണം, അശ്വിനി കടന്നുപോയ മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവ പ്രത്യേക ശൈലിയിലൂടെ തെല്ല് ഹാസ്യം കലര്‍ത്തി നിര്‍മ്മല ഈ നോവലിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. ഏകാന്തതയും ഭയവും വീര്‍പ്പു മുട്ടിക്കുമ്പോള്‍ അശ്വിനി അടുക്കളയെ അഭയം പ്രാപിക്കുന്നു. റാണാ പ്രതാപസിംഗ് എന്ന സാങ്കല്‍പിക സുഹൃത്തുമായി സംവദിക്കുന്നു. നോവലിന്‍റെ വിവിധ വശങ്ങളെ മാലിനി വിശദമായി അപഗ്രഥിച്ചു.

തുടർന്ന് സംസാരിച്ച നിര്‍മ്മല തോമസ്, സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണോ ഇങ്ങനെയൊരു നോവല്‍ എഴുതിയത് എന്ന് പലരും തന്നോട് ചോദിക്കുകയുണ്ടായി എന്നു പറഞ്ഞു. ഈ നോവല്‍ എഴുതിത്തുടങ്ങിയ സമയത്ത് താന്‍ ഒരു മാമ്മോഗ്രാം പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ ബ്രെസ്റ്റ് കാന്‍സര്‍ വന്ന് സ്തനം മുറിച്ചുമാറ്റപ്പെട്ട ഒരു സ്ത്രീയുമായി കൂടിക്കണ്ടപ്പോളുണ്ടായ അനുഭവം, ഈ രോഗത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന അജ്ഞത ഇവയാണ് കൂടുതൽ ഇതിനെക്കുറിച്ച് പഠിക്കാനും ഇങ്ങനെയൊരു നോവല്‍ എഴുതാനും സഹായകമായത് എന്ന് നിര്‍മ്മല വിശദീകരിച്ചു.

സാഹിത്യാസ്വാദകനായ ശ്രീ കെ.കെ.ജോണ്‍സണ്‍ ”മഞ്ഞില്‍ ഒരുവൾ”  എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. കാന്‍സര്‍ വന്നു മരിച്ച പ്രശസ്ത കവി കക്കാടിന്‍റെ സഫലമീ യാത്ര എന്ന കവിതയിലെ ഏതാനും വരികള്‍ അദ്ദേഹം ആലപിച്ചു.

ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് സ്വാഗതവും, മാനേജിംഗ് എഡിറ്റര്‍ സണ്ണി പൗലോസ് കൃതജ്ഞതയും പറഞ്ഞു. ഡോ. സാറാ ഈശോ എം.സി ആയിരുന്നു. ബ്രെസ്റ്റ് കാന്‍സറിന്‍റെ നിരക്ക് ഇന്‍ഡ്യന്‍ ഇമ്മിഗ്രന്‍റ്സിന്‍റെയിടയില്‍ വര്‍ദ്ധിച്ചു വരുന്നു എന്ന് ഡോ. സാറാ ഈശോ ചൂണ്ടിക്കാട്ടി. യഥാസമയം കണ്ടുപിടിച്ചാല്‍ പരിപൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗം. മാമ്മോഗ്രാം ചെയ്യാത്തവര്‍ അതിനായി സമയം കണ്ടെത്തണം എന്ന് ഡോ.സാറാ ഈശോ സദസ്യരെ ഓര്‍മ്മപ്പെടുത്തി.

ബ്രെസ്റ്റ് കാന്‍സറിനെക്കുറിച്ചുള്ള ലഘു ലേഖകള്‍ വിതരണം ചെയ്തു. ജനനിയുടെ നേതൃത്വത്തില്‍ പാലിയം ഇന്‍ഡ്യയ്ക്കു വേണ്ടി ധന ശേഖരണം നടത്തി. ജൂലി ബിനോയ്, സാധക അലക്സാണ്ടര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇന്‍ഡ്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡണ്ട് സുനില്‍ തൈമറ്റം, ഗോപിനാഥക്കുറുപ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന്‍റെ മുഴുവന്‍ ദ്യശ്യങ്ങളും യു ട്യൂബില്‍ ലഭ്യമാണ്.

Leave a Reply