ആ പാത്രങ്ങളൊക്കെ ഒന്നു കഴുകിവയ്ക്കൂ,” അമ്മയുടെ ഈ നിര്‍ദ്ദേശം ആരോടാണെന്ന് മകനോ മകള്‍ക്കോ യാതൊരു സംശയവുമുണ്ടായില്ല. മകനോടല്ല, തീര്‍ച്ച, കാരണം അവന്‍ ഒരാണ്‍കുട്ടിയാണ്. ”അടക്കവും ഒതുക്കവുമൊക്കെ വേണം,നടക്കുമ്പോള്‍. വേറൊരിടത്തുപോയി പൊറുക്കേണ്ടതാണ്.. ഈ മുന്നറിയിപ്പ് മകള്‍ക്കുള്ളതാണ്, മകനുള്ളതല്ല! കാരണം, അവന്‍ ‘അന്യ’വീട്ടില്‍ പോയി പാര്‍ക്കേണ്ടവനല്ല!” ഇവിടെ നിന്നാരംഭിക്കുന്നു ഒരു പുരുഷന്റെ സ്വഭാവരൂപീകരണം.

woman holding her face in dark room

ആദിപിതാവാണെന്നു വിശ്വസിക്കപ്പെടുന്ന മനുവിന്റെ നീതിശാസ്ത്രത്തില്‍ സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല. അച്ഛന്റെ ഭര്‍ത്താവിന്റെ മക്കളുടെയൊക്കെ സംരക്ഷണയില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവളാണവള്‍. ഈ ഓരോ ഘട്ടത്തിലും അവളെ അടക്കിനിറുത്തുന്നതിനുള്ള അധികാരം പുരുഷന്റെ അവകാശമാണ്. ചില ക്രിസ്തീയ സഭകളില്‍ വിവാഹകര്‍മ്മം നടക്കുമ്പോള്‍, വധൂവരന്മാര്‍ക്ക് പുരോഹിതന്‍ ദൈവനാമത്തില്‍ നല്‍കുന്ന ഒരു കല്‍പ്പനയുണ്ട്; ”പുരുഷന്‍ കുടുംബജീവിതത്തില്‍ തല ആകുന്നു!” കാണുന്നതും കേള്‍ക്കുന്നതും, രുചിക്കുന്നതും മണമറിയുന്നതുമെല്ലാം തലയില്‍ക്കൂടിയാണ്. തിരിച്ചറിയാനും ചിന്തിക്കാനുമുള്ള തലച്ചോറും തലയില്‍ത്തന്നെ. സംസാരിക്കുന്നതിനുള്ള നാക്കും ഭാവഭേദം പ്രകടിപ്പിക്കുന്ന മുഖവും തലയുടെ ഭാഗങ്ങളാണ്. ‘തല’ ആയ പുരുഷന്‍ അറിയുന്നു, ചിന്തിക്കുന്നു, പറയുന്നു! ജീവിതപങ്കാളിയായ സ്ത്രീ അനുസരിക്കുന്നു. പുരുഷനുള്ള ഈ അധികാരം ദൈവകല്‍പ്പനയാണുപോലും!ചില സമുദായങ്ങളില്‍ ആണ്‍മക്കള്‍ക്കാണ് പിതൃസ്വത്തിന് അവകാശം. പെണ്‍മക്കള്‍ കിട്ടുന്നതു വാങ്ങി പടിയിറങ്ങണം. സൃഷ്ടികര്‍മ്മത്തില്‍ വന്നുപെട്ട പിഴവുകൊണ്ടാകാം പേശീബലത്തില്‍ പുരുഷനാണ് കൂടുതല്‍ കരുത്ത്. ആ കരുത്ത്, സ്ത്രീയുടെ വൈകാരികവും ബൗദ്ധികവുമായ എല്ലാ തലങ്ങളിലും ഉറപ്പിച്ചെടുക്കാന്‍, മതോപദേശങ്ങളും പാരമ്പര്യാചരങ്ങളും പുരുഷന് അധികാരം നല്‍കുന്നു. പഴമയും പാരമ്പര്യവും കീഴ്‌വഴക്കങ്ങളും രൂപപ്പെടുത്തിയ മിഥ്യാധികാരം പേറിനടക്കുന്ന ഇരയാണ് ശരാശരി പുരുഷന്‍. സ്വന്തം ദൗര്‍ബ്ബല്യം തിരിച്ചറിയാത്ത നിര്‍ഭാഗ്യവാനായ ഇര!സ്ത്രീയുടെ മേല്‍ പുരുഷന്‍ പുലര്‍ത്തിപ്പോരുന്ന ആധിപത്യം അവന് അനുവദിച്ചു കിട്ടിയിട്ടുള്ള അവകാശമാണെന്നുള്ള മിഥ്യാധാരണയ്ക്ക് ഇളക്കം തട്ടുമ്പോള്‍, പാരമ്പര്യ സൃഷ്ടിയായ പുരുഷത്വം അപമാനിക്കപ്പെടുന്നു. പലപ്പോഴും അവന്റെ സമനില, തെറ്റുന്നു. കുടുംബകലഹങ്ങള്‍ക്ക് അത് കാരണമാകുന്നു. പുരുഷന്‍ ‘വേട്ടക്കാര’നാകുന്നു. മനുവിന്റെ നീതിശാസ്ത്രവും പുരോഹിതന്റെ കല്‍പ്പനയും തിരസ്‌കരിച്ചുകൊണ്ട്, സ്ത്രീകളെ സമഭാവനയോടെ പരിഗണിക്കുന്ന ചിലരുണ്ട്. സ്ത്രീകളുടെ ശരിയായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന പുരുഷന്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍ സമൂഹം അവരെ ആദരിക്കുകയല്ല, അവഹേളിക്കുകയാണ്. പു
രുഷമേധാവിത്വം അവര്‍ക്കു കൊടുക്കുന്ന വിളിപ്പേരാണ് ‘പെണ്‍കോന്തന്മാര്‍’!. മാത്രവുമല്ല, സ്ത്രീസ്വാതന്ത്ര്യത്തെ മാനിക്കുന്ന പുരുഷന്മാര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയുണ്ട്, ”പെണ്‍ചൊല്ലു കേള്‍ക്കുന്നവന്‍ പെരുവഴിയിലാകും.” മറ്റൊന്നാണ്, ”നാരി ഭരിച്ചാല്‍ നാടുമുടിയും!” ഇതൊക്കെയായിരുന്നു നമ്മുടെ സാമൂഹ്യവീക്ഷണം. ഭാഷപോലും ചേര്‍ന്നുനില്‍ക്കുന്നത് പുരുഷപക്ഷത്താണ്.

ഗാര്‍ഹിക കലഹങ്ങളില്‍ പുരുഷനെ ‘വേട്ടക്കാര’നായി കുറ്റപ്പെടുത്തി പ്രതിക്കൂട്ടില്‍ നിറുത്തുന്നവരുണ്ട്. അവര്‍ ‘കാര്യം’ കാണുന്നു, ‘കാരണം’ കാണുന്നില്ല. ശാക്തീകരണപ്രസ്ഥാനങ്ങളും സ്ത്രീപക്ഷപ്രവര്‍ത്തകരും കാണാതെപോകുന്ന കൂട്ടുപ്രതികളുണ്ട്. ശരാശരി പുരുഷനെ തെറ്റായി പുരുഷത്വം പഠിപ്പിച്ച സാംസ്‌കാരിക ഘടകങ്ങളാണവ. പുരാണകഥകള്‍, മതോപദേശങ്ങള്‍, പാരമ്പര്യ ആചാരങ്ങള്‍, എന്തിന് ഭാഷ പോലും പ്രേരണാക്കുറ്റത്തിന് കൂട്ടുപ്രതികളുടെ കൂട്ടത്തില്‍പ്പെടും. ഇവയുടെ സ്ത്രീവിരുദ്ധമായ സ്വാധീനത്തില്‍നിന്നും, ജനിക്കുമ്പോള്‍ മുതല്‍ പുരുഷന്‍ മോചനം നേടണം.

തെറ്റായ ‘പുരുഷത്വ’ത്തിനുപകരം അവനില്‍ വളര്‍ന്നുവരേണ്ടത്, ശരിയായ മനുഷ്യത്വം ആണ്. കുടുംബജീവിതത്തിലെന്നപോലെ സമൂഹത്തിലും സമാധാനം നിലനില്‍ക്കാന്‍, സ്ത്രീശാക്തീകരണം വേണം, പക്ഷേ, ആദ്യം പുരുഷന്‍ ‘മനുഷ്യന്‍’ ആകണം!

ജെ. മാത്യൂസ്

Leave a Reply