രജത ജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ എ പ്ലസ് ലൈബ്രറികൾക്കും അക്ഷരോപഹാരം നൽകി വടക്കേ അമേരിക്കൻ മലയാളികളുടെ ദേശീയ സാഹിത്യ കൂട്ടായ്മയായ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക). ‘നടപ്പാത: സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗസഞ്ചാരം’ എന്ന സമാഹാരമാണ് അമേരിക്കൻ മലയാള സാഹിത്യത്തിൻറെ പരിച്ഛേദമായി ലാന ലൈബ്രറികളിൽ എത്തിക്കുന്നത്. ആദ്യകാല അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾക്കൊപ്പം പുതുകാല എഴുത്തും ‘നടപ്പാത’യിൽ ഇടം നേടിയിരിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായാണ് രചനകൾ ക്രമീകരിച്ചിട്ടുള്ളത്. നിധി ബുക്സാണ് ‘നടപ്പാത’യുടെ പ്രസാധനവും വിതരണവും. കവർ രാജേഷ് ചാലോട്.
നവംബർ 12, ഉച്ചക്ക് ശേഷം 2.30ന് കോഴിക്കോട് ദർശനം വായനശാലയിൽ നടക്കുന്ന ചടങ്ങിൽ നടപ്പാതയുടെ വിതരണോദ്ഘാടനം പ്രശസ്ത എഴുത്തുകാരി ഷീല ടോമി നിർവഹിക്കും. ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി എൻ ഉദയ ഭാനു നടപ്പാതയുടെ കോപ്പി ഷീലാ ടോമിയിൽ നിന്നും ഏറ്റുവാങ്ങും. ദർശനം ലൈബ്രറി പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സാമൂഹ്യ പ്രവർത്തക വി പി സുഹ്റ ദർശനം ലൈബ്രറി സെക്രട്ടറി എം എ ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുസ്തക ചർച്ച, സമ്മാന വിതരണം എന്നിവയുമുണ്ടാകും.
ഇക്കഴിഞ്ഞ ഒക്ടോബർ 20, 21, 22 തിയതികളിൽ നാഷ്‌വിൽ, ടെന്നസിയിൽ നടന്ന ലാന രജത ജൂബിലി കൺവെൻഷനിൽ വച്ച് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. പി. രാമനുണ്ണി ‘നടപ്പാത’ പ്രകാശനം ചെയ്തു.