രണ്ട് ദെവസം മുമ്പാണ് ഞാനിവിടെയെത്തിയത്. എന്തോ ഒര് രോഗായിര്ന്നു. എന്താന്ന് കണ്ടുപിടിക്കുന്നതിനും മുമ്പ് ഠിം! ദേ കഴിഞ്ഞു എല്ലാം. പിന്നെന്താ നടന്നത്ന്ന് അമ്മയാണെ സത്യം! ഓര്മ്മയൂല്ല. എപ്പഴോ ഞാനൊണര്ന്നു. ഒരൊറക്കം പോലെയേ തോന്നീള്ളൂ ട്ടോ! ആദ്യമോര്‍മ്മ വന്നത് സ്കൂളിപ്പോണ്ടേന്ന! അമ്മ വന്ന് വിളിക്ക്ന്നത് വരെ കെടക്കാന്നും വിചാരിച്ചങ്ങനെ കെടന്നു. ഞാനങ്ങനെയാലോചിക്കാന് തൊടങ്ങി. വല്യച്ഛന് തന്ന പുത്തന്‍ പേന എല്ലാവര്ക്കും കാട്ടിക്കൊടുത്ത് ഞെളിയണം, കൂട്ടുകാരിയെ തല്ലിയ പീക്കിരിച്ചെക്കനെ കണ്ട് നാല് പറയണം.. ഒര് ദെവസത്തെയിങ്ങനെ മെനഞ്ഞോണ്ടിരിക്ക്മ്പഴാ ഞാനെന്റെ കെടപ്പ് ശ്രദ്ധിച്ചത്. പൊതപ്പില്ല, കെടക്ക്ന്നത് വെറും മണ്ണിലും, മോളിലാണേല് ഇര്ട്ട് മാത്രം. ആദ്യംപേടിയായി. ഇതെങ്ങനെ? പിന്നെയോര്ത്തോര്ത്ത് നിക്ക്മ്പഴാ കാര്യങ്ങള്ടെ ഇരിപ്പ്വശം മനസ്സിലായത്.
എന്താന്ന് വച്ചാ ജീവിതത്ത്ന്ന് എന്നെയങ്ങ് തട്ടി. ആദ്യമൊരു തമാശയായിട്ടാ തോന്ന്യത്. പിന്നെയല്ലേ അതിന്റെയൊരു ഗൗരവം മനസിലായത് ഹൊ എനിക്കിനി ഞാന്‍ മാത്രം. ഒറക്കെ കരയാന്‍ തോന്നി. എന്റെ സങ്കടം ഇത്രേംണ്ടെങ്കില് അച്ഛനുമമ്മേം എത്ര കരഞ്ഞിട്ട്ണ്ടാവും. ഓര്‍ത്തപ്പോ പിന്നേം സങ്കടായി.
എത്രയോ സമയം കഴിഞ്ഞപ്പോ രണ്ട് കാലടി ശബ്ദങ്ങളട്ത്ത് വര്ന്നത് ഞാന്‍ കേട്ടു. ഒരാള്‍ തൊണ്ടയെടറി പറയ്കയാണ്: ”ഈ പൂവ് അവള്‍ടട്ത്ത് വച്ചിട്ട് ഞാന്‍ പോവും.” മറ്റേയാള്‍ ഒരക്കെപറയ്ന്നു: ”ഇത് തന്റെ സ്ഥലമെങ്ങാനാണോ? ഇത് വല്യ ശല്യായല്ലോ. ആ, താ ഞാന്‍ വയ്ക്കും.” ആദ്യത്തേയാള്‍ പറഞ്ഞു: ”അവളെന്റെ പൊന്നനിയത്തിയായിരുന്നു. ഈ ഉപകാരം ഞാന്‍ മറക്കില്യ.” ”ആ ഒന്നു പോ!” കൊറച്ച് സമയം കൂടി ഒര് ആള്‍ടെ പിറ്പിറ്ക്കലുകള് കേട്ടു. പിന്നെയതുമില്ലാതായി.
അപ്പൊ എനിക്കെല്ലാം കൊറച്ചൂടെ മനസിലായി. ഓര്‍ത്തോര്‍ത്ത് ഞാനൊന്ന് മയങ്ങാട്ട്ണ്ടാവും. എപ്പഴോ കണ്ണ് തൊറന്നപ്പോ എന്തൊക്കെയോ ശബ്ദം കേട്ടു. ഞാന്‍ പേടിച്ച് കെടന്നു. പിന്നെയെന്റെ കൊറേ മോളീന്നൊര് കൊട്ടുന്ന ശബ്ദം കേട്ടു. ഞാന്‍ ദൈവങ്ങള്‍ടെ ഒക്കെ പേരോര്ക്കാന് ശ്രമിച്ചു. അപ്പഴാ എന്റെ സൊന്തം പേരെന്തായിര്ന്നൂന്ന് ഞാനാലോചിച്ചത്. അപ്പൊ എനിക്ക് ചിരിയാ വന്നത്. സൊന്തം പോരോര്മയില്ലാത്തോള് ദൈവത്തെ ഓര്‍ക്കുന്നു. പിന്നേം ഒര് കൊട്ടിന്റെ ശബ്ദം കേട്ടു. പിന്നെയിതും, ”എണീറ്റ് വന്നേ” ഞാനാകെ പേടിച്ചു. എന്തോ ധൈര്യത്തില്‍ ചോദിച്ചു. ”എന്നെയാണോ”. ”ആന്നേ.” എന്റെ മേലേക്ക്. അല്ല എവിടേക്കോ ഒര് തണ്പ്പ് കയറി. ഇത്വരെ ഉള്ളതില്‍ വച്ചേറ്റവും പേടിയോടെ (ജീവന്ള്ളോര്ട ഭാഷേല് രക്തമൊറയ്ന്ന പേടി) ഞാന്‍ അടപ്പ് മാറ്റി പൊറത്തേക്കെറങ്ങി.
അവിടെയതാ മൊഖം നെറയെ ചിരിയുമായൊരമ്മൂമ്മ. അവര്‍ പറഞ്ഞു: ”ഞാന്‍ കൊറേ കാലായി ഇവിടെ. കൊറച്ച് ദെവസം കഴീമ്പോ എല്ലാരുമായും കൂട്ടാവും. ”അതോടെയെന്റെ പേടിയൊക്കെ മാറി എല്ലാര്ട്ത്തുമെത്തിയപ്പോ എനിക്കത്ഭുതമായി. ഇവിടെ പെണ്ണ്ങ്ങള് മാത്രേള്ളൂ. അമ്മൂമ്മ പറഞ്ഞു: ”അതെന്താന്നറിയ്യോ? ജീവിതത്തിലൊര്പാട് പേര്ടട്ത്ത് നിന്ന് കഷ്ടപ്പാട് സഹിച്ചൊരു സ്ത്രീയണ്ടായിരുന്നു. കൊറേക്കാലത്തിനുശേഷം അവര്‍ വല്യാളായി. അവര്ട ആഗ്രഹാ ഇത്-ഒര് വനിതാശ്മശാനം. മരിക്കമ്പഴെങ്കിലും പെണ്ണ്ങ്ങള്‍ക്ക് പീഡനമില്ലാണ്ടാക്കാന്.” എനിക്കത് കൗതുകമായി. പക്ഷേ ഞാനിവിടെ? അപ്പൊ ഇവിടെ കുട്ട്യോളില്ലേന്ന് ഞാന്‍ ചോദിച്ചു. അപ്പൊ അവര്‍ പറഞ്ഞു: ”ല്ല ആദ്യായിട്ട! ഒര് കുട്ടി കളിച്ച് കനടക്ക്ന്ന പ്രായത്തിലൊരു സുന്ദരിക്കുട്ട്യേ….അവര്‍ വിതുമ്പി. എന്റെ സന്തോഷൊക്കെ പോയി. ശരിയാ കളിച്ച് നടക്ക്ന്ന കുട്ട്യായിരുന്നു. നെറയെ സ്വപ്നങ്ങള്ള്ള കുട്ടി. സ്വപ്നങ്ങളില്ലാണ്ടാക്ക്ന്ന ദൈവത്തോട് അപ്പഴെനിക്ക് തീരാത്ത വെറുപ്പ് തോന്നി.
അപ്പഴാ കൂട്ടത്തില്‍ പെടാതിരിക്കുന്നൊര് ചേച്ചിയെ ഞാന്‍ കണ്ടത്. ചേച്ചീട കയ്യിലൊരു പൂവുംണ്ടായിരുന്നു. അമ്മൂമ്മ പറഞ്ഞു: ”പുതിയ കുട്ട്യാ. ആരോടും മിണ്ടൂല. കൊറച്ച് ദെവസത്തിനുള്ളില് ചേട്ടീടതൊഴിച്ചെല്ലാര്ടേം കൂട്ടായി ഞാന്‍. പകലിനെ സഹിച്ച് ഞങ്ങള്‍ രാത്രീടെ തണ്പ്പ് കാത്തു അപ്പഴും ഞാനാ ചേച്ചിയെ നോക്കി. ആ ചേട്ടീട കൈയിലപ്പഴുമുണ്ടായിര്ന്ന വാടാത്ത പൂവെന്നെയമ്പരപ്പിച്ചു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ”ആ പൂവാര്‍ തന്നതാ? എനിക്ക് തര്വോ?” നേര്ത്തൊരരുവീട ശബ്ദത്തില്‍ ചേച്ചി പറഞ്ഞു: ”അയ്യോ പറ്റില്യ. അതെന്റേട്ടന് തന്നതാ.” പിന്നെ ഞങ്ങള്‍ കൂട്ടായി എന്നാലും ചേച്ചിയധികം സംസാരിച്ചിര്ന്നില്ല. ഒര് ദെവസം ഞാന്‍ പിന്നേം ചോദിച്ചു. ”എങ്ങനെയിവിടെത്തി?” എല്ലാരേം ഞെട്ടിച്ച് കടലായി ചേച്ചി പറഞ്ഞു: ”അറിയണോ? കൊരേ മനുഷ്യമൃഗങ്ങള്‍ കടിച്ച് കീറി താ ഊം. ഞാനുമൊരു ഇരയായിര്ന്നു. എല്ലാരേംപോലെ ആദ്യമെനിക്ക് പേര് പോയി, പിന്നെ സ്വപ്നം സ്വാതന്ത്ര്യം…. വ്യക്തിത്വം പോവുംന്നായപ്പോ പോയവേടെ കൂട്ടത്തിലേക്ക് ഞാനെന്റെ ശരീരം വലിച്ചെറിഞ്ഞു. ഞങ്ങള്‍ മിണ്ടാനാവാതെ നിന്നു. രാത്രീട തണ്പ്പ് ഞങ്ങക്ക് തീയായി തോന്നി. ഞങ്ങളൊക്കെ ആ ചേച്ചിയായി.
പിന്നെയൊരൊഴ്ക്കായിരുന്നു, ദുരിതങ്ങള്ടെ ഒട്ട് മുക്കാലാളുകളും ആ ചേച്ചിയെപ്പോലെ എല്ലാരും പരസ്പരം ആശ്വസിച്ചു, ആശ്വസിപ്പിച്ചു. രക്ഷപ്പെട്ടതിന് സന്തോഷിച്ചു. പക്ഷേ, ഞാനപ്പോ ഓര്‍ത്തത് അങ്ങനെയല്ലാത്ത എന്റെ അച്ഛനേം കൂട്ടുകാരേമൊക്കെയായിര്ന്നു. അതറിഞ്ഞപോലെ ചേച്ചി പറഞ്ഞു: ”എല്ലാരേം കുറ്റപ്പെട്ത്ത്കയല്ല. അങ്ങനെയല്ലാത്ത ഒര്പാട് പേര്ണ്ട്. എന്താണെങ്കിലും നമ്മളെ സ്നേഹിക്കുന്നോര്. എനിക്കെന്റെ ഏട്ടനെപ്പോലെ.” എന്നിട്ട് ചേച്ചി ആ പൂവ് നെഞ്ചോട് ചേര്‍ത്തു.
പിന്നയെല്ലാ രാത്രികളും ഞങ്ങള്‍ടെ മാത്രായി. ഞാനൊരു പെങ്കുട്ട്യാന്നൊറക്കെ പറയാന്‍ തോന്നി. ഇതൊന്നും ചെലപ്പോ ജീവിതത്തില്ണ്ടാവൂലായിരുന്നൂന്നോര്ത്തപ്പോ ദൈവത്തോടെനിക്ക് മുമ്പൊന്നുമില്ലാത്തൊരിഷ്ടം തോന്നി. അപ്പൊ ഞാനാലോചിച്ചു. ദൈവോം ചെലപ്പോ പെണ്ണായിരിക്ക്യോ?