കാളിമ പകര്‍ന്നാടും കാളീതന്‍ നാട്ടിലേതോ
തെരുവിന്‍ മൂലയിലുമഴുക്കുചാലോരത്തും
പട്ടിണിക്കോലങ്ങളാം മനുഷ്യര്‍ ശയിച്ചതാം
നരനോന്നായയെന്നോ അറിഞ്ഞിടാതെ ജന്മം
പാടമൂടിയ കണ്ണിന്‍പീലികള്‍ തുറക്കവേ
മെല്ലവേയൊരുനിഴല്‍ തന്നോടടുത്തിടുന്നു
രാത്തിങ്കളുദിച്ചപോല്‍; തുമ്പതന്‍വെണ്‍മയോടെ
നീലക്കരത്തൂവെള്ളച്ചേലയും ചുറ്റി മുന്നില്‍
വാടിയചെന്തളിരിന്‍ കയ്യാലാര്‍ദ്രയായ് നില്‍പൂ!
‘ബാബാ’യെന്നൊരു വിളി വെണ്‍പ്രാവിന്‍കുറുകല്‍പോല്‍
മൃദുവായൊരുനാദം പതിച്ചൂ കാതുകളില്‍
ആരുനീ മമ സഖീ! ഇത്രമേലലിവോടെ
ഇത്രമേലഴുകിയ എന്നുടല്‍ തൊട്ടിടുന്നു?
നോവുകളാത്മാവിങ്കല്‍ ചെന്തീപടര്‍ത്തിടുമ്പോള്‍
കണ്ണുകളെന്നുമെന്നും അകമേ തുറക്കേണം
നന്മചെയ്യുവാനാണീ കൈകളെയെല്ലാം തീര്‍ത്തോ-
രീശ്വരനല്ലോ, നമ്മള്‍ സോദരരല്ലേ ചൊല്‍ക?
നിന്റെ വേദനയെന്നും എന്റെ വേദനയല്ലോ
എന്റെ കണ്ണീരും നിന്റെ കണ്ണീരും സമാസമം
രണ്ടുണ്ടു കൈകളല്ലോ ജീവിതമൊന്നുമാത്രം
ജന്മംസാര്‍ത്ഥകമാവാന്‍ നീട്ടുക കൈകളൊന്നു
ദു:ഖിക്കു പരംശാന്തിയേകിടാന്‍ അതിലേറ്റം
മറ്റെന്തു ധരണിയില്‍ ധന്യമായ് വന്നീടുന്നു?
ഭാരതപുത്രിയായി വന്നുദിച്ചൊരു പുണ്യ-
താരകം ഭൂവില്‍ത്തന്നെ തൂവെള്ളിക്കതിര്‍വീശി
പളുങ്കിന്‍തേജോമയം ഹൃത്തടം പാനപാത്രം
തെളിനീരുറവയായ് സ്ഫുരിക്കുന്നന്തരംഗം
കണ്‍കളില്ലൊഴുകുന്നൂ പീയൂഷവര്‍ഷാഘോഷം
കാരുണ്യമായിപ്പാരിന്‍ വേദനയകറ്റീടാന്‍
കഷ്ടത കൊടിയേറും കാലമാം കരിമേഘം
കൂരിരുള്‍ പടര്‍ത്തുമ്പോള്‍ സ്രഷ്ടാവിന്‍ കൈകളായി
അന്നുദീച്ചീടും മണ്ണില്‍; രാത്തിങ്കല്‍ക്കലപോലെ
നാളെതന്‍ ലോകത്തിനും ദര്‍ശനം നല്‍കീടുവാന്‍!
(മദര്‍ തെരേസയെ പരാമര്‍ശിച്ചു എഴുതിയ ഒരു കവിത)