അനൗപചാരികമായി ഇന്നലെ (നവംബര്‍ 2) വൈകിട്ട് അരങ്ങേറിയ ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ ഒത്തുചേരലോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രസ്‌ക്ലബ് പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ഒരുമിച്ചുകൂടി. മാധ്യമങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ അച്ചുതണ്ടാണ് എന്നറിയിക്കുകയായിരുന്നു തങ്ങളുടെ പ്രാതിനിധ്യത്തിലൂടെ.
ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് പ്രസിഡന്റ് സുനില്‍ തൈമറ്റം സംഘടനയുടെ നാള്‍വഴികള്‍ വിവരിച്ചു. ചിക്കാഗോയിലും ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി ചുറ്റിത്തിരിഞ്ഞ കോണ്‍ഫറന്‍സുകളെ തെക്കേ സംസ്ഥാനമായ ഫ്‌ളോറിഡയിലെ മയാമിയില്‍ എത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നു. മയാമിയിലെ മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം ആദ്യ ഒത്തുചേരലില്‍ പ്രകടമായി. ഇന്ത്യാ പ്രസ്‌ക്ലബ് സമൂഹത്തില്‍ കടന്നുചെന്നതിന്റെ നേര്‍ക്കാഴ്ചയായി ഈ സാന്നിധ്യം.
ഏഷ്യാനെറ്റില്‍ നിന്നും പി.ജി. സുരേഷ്‌കുമാര്‍, മാതൃഭൂമിയില്‍ നിന്നും അഭിലാഷ് മോഹന്‍, 24 ന്യൂസിന്റെ ക്രിസ്റ്റീന ചെറിയാന്‍, റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്മൃതി പരുത്തിക്കാട്, കൈരളി ന്യുസിന്റെ ശരത് ചന്ദ്രന്‍, മനോരമ പത്രാധിപസമിതിയംഗം മിന്റു ജേക്കബ്, ദുബായിയിലെ ഹിറ്റ് 96.7 ഫിലിം ന്യൂസ് ഡയറക്ടര്‍ ഷാബു കിളിത്തട്ടിൽ, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, ഗായിക ദലീമ ജോജോ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, സാജ് റിസോര്‍ട്ട് ഉടമ സാജന്‍ വര്‍ഗീസ് എന്നിവര്‍ അതിഥികളായെത്തി. കവി മുരുകന്‍ കാട്ടാക്കട പാട്ടുകൾ പാടി സദസിന്റെ മനം കവർന്നു. നമ്മെ ഒന്നിപ്പിക്കുന്നത് നമ്മുടെ ഭാഷയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസ്‌ക്ലബുമായുള്ള ആഴത്തിലുള്ള ബന്ധമാണ് ഓരോ അതിഥികളുടേയും സംസാരത്തിൽ പ്രകടമായത്. നാട്ടിലെ പത്രപ്രവര്‍ത്തകര്‍ അമേരിക്കയിലെ സമൂഹവുമായുള്ള അവരുടെ ആത്മബന്ധവും അടുത്തറിഞ്ഞു. അമേരിക്കയിലെ വാര്‍ത്താ ദാരിദ്ര്യം വാര്‍ത്താ വിസ്‌ഫോടനമാക്കിയ പ്രസ്‌ക്ലബിനെ അവർ അനുമോദിച്ചു. അമേരിക്കന്‍ വാര്‍ത്തകള്‍ക്കായി നാട്ടിലെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഇന്ത്യാ പ്രസ്‌ക്ലബ് വളര്‍ത്തിയ മാധ്യമ സംസ്‌കാരത്തിന്റെ വളര്‍ച്ചയാണെന്ന് ചൂണ്ടിക്കാട്ടി.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, ഫൊക്കാന മുൻ പ്രസിഡന്റ്മാരായ തോമസ് തോമസ് (കാനഡ), പോള്‍ കറുകപ്പള്ളില്‍, ജോർജി വർഗീസ്, ഫോമ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമ മുൻ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, ഐ.ഒ.സി ചെയര്‍ ജോര്‍ജ് ഏബ്രഹാം, ജെയ്‌ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ബിജു കട്ടത്തറ (കാനഡ), പി.സി.എന്‍.എ.കെ പ്രതിനിധികളായ രാജു പൊന്നേലില്‍, നിബു വെള്ളവന്താനം തുടങ്ങി ഒട്ടേറെ പേർ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തു
പ്രസ് ക്ലബ് ജനറൽ സെക്രട്ടറി രാജു പള്ളത്ത്, അടുത്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, എന്നിവറായിരുന്നു എം.സിമാർ . ട്രഷറിർ ഷിജോ പൗലോസ്, ജോ. സെക്രട്ടറി സുധ പ്ലാക്കട്ട്ജോ, . ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ്, മുൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ മുതൽ സെമിനാറുകൾ. വൈകിട്ട് ഔപചാരികമായ ഉദ്ഘാടന സമ്മേളനം. കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. യും അമേരിക്കയിലെ വിവിധ നേതാക്കളും പങ്കെടുക്കും.