കഥാകാരിയും കവയത്രിയുമായ ശ്രീമതി ഉമയുടെ (ഉമ സജി) പുതിയ കവിതാ സമാഹാരമാണ് “ഒറ്റനക്ഷത്രം”. വൈവിദ്ധ്യമാർന്ന 61 കവിതകളുള്ള ഈ സമാഹാരത്തിലെ ഒട്ടേറെ പ്രത്യേകതകളുള്ള കവിതയാണ് “അഹല്യ”.

പഞ്ചകന്യകമാരിൽ ഒരാളായ അഹല്യ സ്ത്രീ സൗന്ദര്യത്തിന്റെ നിസ്‌തുല നിദർശനമായിരുന്നു. ബ്രഹ്മാവിന്റെ ദിവ്യമായ സൃഷ്ടി വൈഭവം പൂർണ്ണ അളവിൽ അഹല്യയിൽ നിറഞ്ഞുനിന്നിരുന്നു.ഭർത്താവായ ഗൗതമ മുനിയോടൊപ്പം അഹല്യ പർണ്ണശാലയിൽ സന്തോഷത്തോടെ ജീവിച്ചു വരികെ വിശ്വമോഹിനിയായ അവളുടെ രൂപം കണ്ട് ദേവേന്ദ്രൻ വല്ലാതെ ഭ്രമിച്ചുപോയി! കുതന്ത്രം പ്രയോഗിച്ച്, മുനി ഇല്ലാത്ത നേരത്ത് മുനിയുടെ വേഷത്തിൽ ദേവേന്ദ്രൻ പർണ്ണശാലയിൽ കടന്നു കയറി അഹല്യയെ പ്രാപിച്ചു. എന്തോ പന്തികേട്നി നച്ചറിഞ്ഞ ഗൗതമ മുനി പെട്ടെന്ന് പർണ്ണാശ്രമത്തിൽ തിരിച്ചെത്തി. അപ്പോൾ കണ്ട കാഴ്ച്ചയിൽ കോപാന്ധനായ മുനി അഹല്യയെ ശപിച്ചു. പിന്നീട് ശാപമോക്ഷത്തിനുള്ള മാർഗ്ഗവും നല്കി.

” കാമകിങ്കരേ! ശിലാരൂപവുംകൈക്കൊണ്ടുനീ
രാമപാദാബ്‌ജംദ്ധ്യാനിച്ചിവിടെവസിക്കണം
……………………………………………………….
……………………………………………………….
ഇങ്ങനെപലദിവ്യവത്സരംകഴിയുന്പോ-
ളിങ്ങെഴുന്നള്ളുംരാമദേവനുമനിജനും ”

ശാപഗ്രസ്തയായ, കല്ലായി മാറിയ അഹല്യ  അനേക ദിവ്യവത്സരം (ഒരു ദിവ്യവത്സരം = 365 മനുഷ്യ വർഷം) ശ്രീരാമ പാദ സ്‌പർശം കാത്ത് കാട്ടിൽ കിടന്നു. കാട്ടുകല്ലിനുള്ളിലെ അഹല്യയുടെ കല്ലായി മാറാത്ത ത്രസിക്കുന്ന ‘സ്‌ത്രീ ഹൃദയത്തെ’ സർഗ്ഗ ശക്തിയുള്ള തന്റെ തൂലികകൊണ്ട്’ തൊട്ടുണർത്തുകയാണ് കവയത്രി ഉമ. പുരാണ കഥാപാത്രമായ അഹല്യയുടെ അപങ്കിലമായ ഭാര്യാഭാവത്തിന് ഭംഗം വരുത്താതെ, വളരെ സമർത്ഥമായി, അവൾക്ക് ആധുനിക സ്‌ത്രീ സ്വഭാവം നൽകിയ ഉമ സജിയുടെ കാവ്യവൈഭവം തികച്ചും സ്ലാഘനീയമാണ്. അഹല്യയിലെ ആധുനിക പുരോഗമന ചിന്താഗതിയുള്ള ഭാര്യ ഉന്നയിക്കുന്ന  ചോദ്യങ്ങളാണ് ഉമയുടെ ഈ കവിത.

അതികഠിനമായി ശിക്ഷിക്കപ്പെടാൻ ‘എന്തു ഞാൻ ചെയ്‌തു പറയൂ മഹാമുനേ’ എന്ന  ചോദ്യം “മഹാമുനി” യോടാണ്. മഹാമുനി ത്രികാലജ്ഞനാണ്. നഗ്‌ന നേത്രങ്ങൾ കൊണ്ടു കാണുന്നതിലുപരി ഭൂതവും ഭാവിയും ജ്ഞാന ദൃഷ്ടിയാൽ തിരിച്ചറിയാൻ കഴിയുന്നവനാണ്. വിടനായ ദേവേന്ദ്രന്റെ ജാരവൃത്തി എന്തുകൊണ്ട് ത്രികാലജ്ഞനായ മഹാമുനി ജ്ഞാന ദൃഷ്ടിയിൽ കണ്ടില്ല? ‘പാതിവ്രത്യത്താൽ’ വിടാനായ ദേവേന്ദ്രനെ തിരിച്ചറിയാത്തതിൽ തന്നെ കുറ്റപ്പെടുത്തുന്ന മഹാമുനിയോടുള്ള ഈ ചോദ്യം കുറിക്കുകൊള്ളുന്നതാണ്.

‘ഒരുമാത്ര പരപുരുഷനൊപ്പം കണ്ടാൽ’ പിഴക്കുന്നതാണോ മാംഗല്യവതിയുടെ ചാരിത്ര്യം’  എന്ന ചോദ്യം, ചാരിത്ര്യത്തിന്റെ ആത്മഭാവം വ്യക്തമാക്കുന്നു. ഇവിടെ  കവത്രിയുടെ കാഴ്ചപ്പാട് ചാരിത്രശുദ്ധിക്ക് ശരിയായ മാനം നൽകുന്നു. ചാരിത്ര്യം, ബലാൽക്കാരമായ പരപുരുഷ സ്‌പർശനം കൊണ്ട് അശുദ്ധമാകുന്നതല്ലെന്നും അത് പതിവ്രതയുടെ ഉള്ളിന്റെ ഉള്ളിൽ സംരക്ഷിക്കപ്പെടുന്ന ദൃഢതരമായ വ്രതം ആണെന്നും വ്യക്തമാക്കുന്നു.

തന്റെ ശുദ്ധമായ മനസ്സ് കാണാൻ കഴിയാതെ പോയ, മഹാ താപസനെന്നു പുകഴ്പെട്ട ഗൗതമ മുനിയുടെ തപശക്തിയെ പരോക്ഷമായി ചോദ്യം ചെയ്യുകയാണ് അഹല്യ.

ശ്രീരാമ പാദ സ്‌പർശനത്താൽ ശാപ മുക്തി നേടിയാലും ഈ അപമാന ഭാരത്തിൽ നിന്ന് മോക്ഷം കിട്ടുന്നതെങ്ങനെ? തനിക്കെങ്ങനെ മാമുനിയുടെ വിശ്വസ്‌തയായ ഭാര്യയാകാൻ കഴിയും? ഇത്തരത്തിലുള്ള ഓരോ ചോദ്യവും സ്വാഭാവികമാണ്. പക്ഷേ, ഏറ്റവും കാതലായ ചോദ്യം,

” മറുവാക്കുപറയുവാനവകാശമില്ലാതെ
ശാപംഗ്രസിക്കുവാനുള്ളതോഭാര്യാപദം ”
എന്നതാണ്.

അഭിപ്രായ സ്വാതന്ത്ര്യവും തുല്യ പങ്കാളിത്തവും ഭാര്യമാർക്ക് നൽകാത്ത  വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ് അഹല്യയുടെ ഭാര്യാപദവിയെ സംബന്ധിച്ചുള്ള ഉമ നൽകിയ നവീന വീക്ഷണം.

“പെണ്ണെഴുത്തി”ന്റെ  ബാനറിൽ അല്ലാതെ തന്നെ സ്‌ത്രീകൾ നേരിടുന്ന  അവഗണന തീക്ഷണതയോടെ ആവതരിപ്പിക്കുന്നതിൽ ഉമ വിജയിച്ചിട്ടുണ്ട്. ഈ  ആശയ പ്രകടനത്തിന് ഉമ കണ്ടെത്തിയ കാവ്യസങ്കേതം മഹത്തായ രാമായണം തന്നെ. ചിന്തോദ്ദീപകവും അർത്ഥ സമ്പൂർണ്ണവുമായ നൂറു നൂറ് ഉപകഥകളുടെ കലവറയാണ്.

ഭാരതീയ പുരാണങ്ങൾ. ആകഥകളിലെ കഥാപാത്രങ്ങൾക്ക് മൂല്യച്യുതി വരുത്താതെ, നവീന വീക്ഷണവും സാമൂഹിക സ്വഭാവവും  നൽകി നടത്തുന്ന സാഹിത്യ സൃഷ്ടി ശ്രദ്ധേയമാണ്.

പുരാണ ഗ്രന്ഥങ്ങൾ മൂല്യവീക്ഷണത്തോടെ അപഗ്രഥിക്കുന്നതിനും അതോടൊപ്പം അവയുടെ നവീന ആവിഷ്‌കരണം ആസ്വദിക്കുന്നതിനും അവസരം നൽകുന്ന ഈ സാഹിത്യ ശാഖ  ധാന്യമാണ്.  ഉമ സജിയുടെ അനുഗ്രഹിക്കപ്പെട്ട തൂലികക്ക് മലയാള സാഹിത്യത്തെ കൂടുതൽ ധന്യമാക്കാൻ കഴിയട്ടെ!

ജെ. മാത്യൂസ്

 

Leave a Reply