ലാനയുടെ രജതജുബിലി നിറവിൽ, നവോത്ഥാന നായകൻ മഹാകവി കുമാരാനാശന്റെ സ്മരണയിൽ ലിറ്റററി അസോസിയേഷൻ ഒഫ് നോർത്ത് അമേരിക്ക (ലന) – യുടെ പതിമൂന്നാമത് ദ്വൈവാർഷിക സമ്മേളന പ്രതിനിധികളെ വരവേല്ക്കാൻ സംഗിതനഗരി ഒരുങ്ങിക്കഴിഞ്ഞു. ഈ വരുന്ന വെള്ളി, ശനി, ഞായർ (ഓക്ടോബർ 20-22) ദിവങ്ങളിൽ വടക്കെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാഹിത്യകാരന്മാരേയും, മലയാള ഭാഷ സ്നേഹികളേയും, സാഹിത്യ പ്രവർത്തകരേയും പ്രതിനിധീകരിച്ചുകൊണ്ട് നൂറോളം വരുന്ന പ്രതിനിധികൾ ആശൻ നഗറിൽ (റസിഡൻസ് ഇൻ ബൈ മാരിയറ്റ് നാഷ്‌വിൽ) ഒത്തുകൂടും.
സാഹിത്യത്തിന്റെ ജനിതകം: കഥ, കവിത, നോവൽ വിചിന്തനങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമി അംഗവും, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി സാഹിത്യ അവാർഡുകളുടെ ജേതാവായ ശ്രീ കെ പി രാമനുണ്ണിയായിരിക്കും സമ്മേളനത്തിന്റെ ഉത്ഘാടകനും മുഖ്യാതിഥിയും. മൂന്ന് ദിവസമായി നടക്കാൻ പോകുന്ന സമ്മേളനത്തിലുട നീളം ശ്രീ രാമനുണ്ണി സംബന്ധിക്കും. “സാഹിത്യത്തിന്റെ ജനിതകം: കഥ, കവിത, നോവൽ വിചിന്തനങ്ങൾ” എന്ന് വിഷയത്തിൽ ശ്രീ രാമനുണ്ണി പ്രബന്ധം അവതരിപ്പിക്കും. സമകാല അമേരിക്കൻ മലയാള സാഹിത്യത്തിന്റെ 25 വർഷങ്ങൾ അടയാളപ്പെടുത്തി ലാന പ്രസിദ്ധീകരിക്കുന്ന “നടപ്പാത” എന്ന പുസ്തകം ശ്രി രാമനുണ്ണി സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
കഥ, കവിത, നോവൽ, നാടകം, പുസ്തകപരിചയം തുടങ്ങിയ വിവിധ സെഷനുകൾ മൂന്ന് ദിവസത്തെ സമ്മേളനത്തെ സമ്പന്നമാക്കും. താഴെ പറയുന്ന വിഷയങ്ങളിലായിരിക്കും സംവാദവും ചർച്ചകളും നടക്കുക
മലയാള കവിത ഇന്ന്, ഇന്നലെ, നാളെ ഡിജിറ്റൽ കാലത്തെ ചെറുകഥകൾ – എഴുത്തും പ്രചരണവും
മലയാള നോവലുകളിലെ മാറിവരുന്ന ഭാഷാപ്രവണതകൾ നാടകസാഹിത്യം കൂടാതെ “മുതൽ മുടക്കില്ലാതെ സ്വന്തമായി എങ്ങിനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം” എന്ന് വിഷയത്തിൽ വർക്ക്ഷോപ്പും നടക്കും.
സമ്മേളനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാവിരുന്നുകൾ അണിയറയിൽ തയ്യാറയിട്ടുണ്ട്. വെള്ളിയാഴച്ച വൈകീട്ട് അമേരിക്കയിലെ പ്രശസ്ത കവികളുടെ “ചിത്ര പൗർണമി രാവ്” (കവിയരങ്ങ്) -ഉം ഡാലസ് ടെക്സസിലെ ഭരതകലാ തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന “ആശാൻ സ്നേഹഗായകൻ” കാവ്യശില്പവും സമ്മേളന പ്രതിനിധികൾക്ക് പുതിയ ഒരു അനുഭവം സൃഷ്ടിക്കും. ശനിയാഴച്ച വൈകീട്ട് നാഷ്‌വിൽ ചെണ്ട ഗ്രൂപ്പും ഡിട്രോയ്റ്റ് കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പഞ്ചാരി മേളവും, നാഷ്‌വില്ലിലെ തന്നെ സംഗിതഗ്രൂപ്പ് അവതരിപ്പിക്കുന്ന കർണ്ണാമൃതമായ “സംഗീതസന്ധ്യയും” അരങ്ങേറും.