മനുഷ്യ വർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി, സമാധാനവും സഹവർത്തിത്വവും പരസ്‌പര സഹായവും മുഖ്യ മാർഗങ്ങളായി സ്വീകരിച്ചു കൊണ്ട്, 1945 ഒക്ടോബർ 24-ന് രൂപീകരിക്കപ്പെട്ട സംഘടന യുണൈറ്റഡ് നേഷൻസ് (U. N.). രണ്ടാം ലോക യുധത്തിനു ശേഷം ഇനിയും അതുപോലൊന്ന് ഉണ്ടാകരുതെന്ന പ്രതിജ്ഞയായിരുന്നു യു.എൻ. രൂപീകരണത്തിന്റെ പ്രേരകശക്തി. തുടക്കത്തിൽ അന്പത്രാജ്യങ്ങൾ മാത്രമായിരുന്നു അംഗങ്ങൾ. 80 വർഷങ്ങൾക്കു ശേഷം, ഇപ്പോൾ അംഗങ്ങൾ 193 ആയി. സമുന്നത ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കപ്പെട്ട യു. എൻ. രണ്ടു ജന്മ വൈകല്യങ്ങളോടെയാണ് പിറന്നു വീണത്.

ഒന്നാമത്തേത്, ജന കോടികളുടെ പ്രാതിനിധ്യമുള്ള ചൈനയെ അകറ്റി നിർത്തിക്കൊണ്ട്, ഒന്നുമല്ലാത്ത ഫോർമോസയ്‌ക്ക് (ഇന്നത്തെ തൈവാൻ) യു.എൻ.-ൽ അംഗത്വംന ൽകിയതാണ്.അതായത്, ലോക ജനസംഖ്യയുടെ ആറിൽ ഒന്നോളം ഉൾകൊള്ളുന്ന ചൈനയെ മാറ്റി നിർത്തിക്കൊണ്ട് യു. എൻ, ആരംഭത്തിൽത്തന്നെ അനൈക്യത്തിന്റെ വിത്തു വിതച്ചു. 1945-മുതൽ 1979-വരെ ഈ അകറ്റിനിർത്തൽ ലോക നീതിയായി അംഗീകരിച്ചു പോന്നു. 1979-ൽ ഫോർമോസയെ വഴിവക്കിലെവിടയോ ഉപേക്ഷിച്ച ശേഷം, ജനകീയ (കമ്യൂണിസ്റ്) ചൈനക്ക് യു.എൻ.-ൽ കടന്നുവരാൻ അമേരിക്ക പവിത്രത കൽപിച്ചു. മൂന്നര പതിറ്റാണ്ടുകൾക്കു ശേഷം ഒരു ജന്മ വൈകല്യം പരിഹരിക്കാൻ യു.എൻ. അവസരമൊരുക്കി- ജനകീയ ചൈന യു. എൻ.-ൽ അംഗമായി.

യു.എൻ. ന്റെ ജന്മ വൈകല്യത്തിൽ രണ്ടാമത്തേത്, 15 അംഗങ്ങളുള്ള യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ യു. എസ്. എ, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ച് രാജ്യങ്ങൾക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥിരാംഗത്വവും ‘വീറ്റോ പൗർ’ ഉം ആണ്.

ഈ പരമാധികാരം അനുവദിച്ചുകൊടുക്കാൻ ഈ രാജ്യങ്ങൾക്കുള്ള അർഹത അവരുടെ സാന്പത്തിക ശേഷിയും ആയുധബലവും മാത്രമാണ്. സെക്യൂരിറ്റി കൗൺസിലിൽ അഞ്ചു രാഷ്‌ട്രങ്ങൾക്ക്‌ സ്ഥിരാംഗത്വം നൽകിയതിലൂടെ,’ഓരോ അംഗ രാഷ്‌ട്രത്തിനും തുല്യ പദവി’ എന്ന യു. എൻ. തത്വം ലംഘിക്കപ്പെട്ടു ഫലത്തിൽ യു. എൻ.  ന്റെ  പ്രവർത്തനങ്ങൾ അഞ്ച് ആയുധ ശക്തികളിൽ ഓരോന്നിന്റെയും താൽപര്യ സംരക്ഷണത്തിനു വേണ്ടി നിയന്ത്രിക്കപ്പെടുന്നു.അഞ്ചിൽ ഏതെങ്കിലുമൊരു സ്ഥിരാംഗം വിത്തട്രൗ ചെയ്താൽ 193-ൽ 192 രാജ്യങ്ങൾ സംയുതമായി എടുക്കുന്ന തീരുമാനങ്ങൾ പോലും തള്ളപ്പെടുന്നു.വ്യക്തമായി വിശകലനം ചെയ്താൽ, സ്ഥിരാംഗങ്ങളിൽ ഓരോന്നിന്റെയും ചൊൽപ്പടിക്കു കീഴ്പ്പെട്ടിരിക്കുന്നു യു. എൻ.!

ഈയിടെയായി ഈ പ്രവണത വർദ്ധിച്ചുവരുന്നു. യു.എ ൽ ഇപ്പോൾ ‘ഉള്ളവരും ഇല്ലാത്തവരു’മായ രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത പ്രകടമാണ്. സന്പന്ന രാഷ്ട്രങ്ങൾ മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ തന്ത്രപരമായി ഇടപെടുന്നുണ്ട്. തന്ത്രങ്ങൾ പരാചയപെടുമ്പോൾ, സാന്പത്തിക ഉപരോധവും സൈനിക ഇടപെടലും പ്രയോഗിക്കപ്പെടുന്നു. കൂട്ടകുടിയൊഴിപ്പിക്കലും അധിനിവേശവും തടയാൻ കഴിയാതെ പല രാജ്യങ്ങൾക്കു മുൻപിൽ തലതാഴ്‌ത്തുകയാണ് നിർഭാഗ്യവശാൽ യു. എൻ. ഇന്ന്!

ഈ ദുരവസ്ഥ പരിഹരിക്കപ്പെടണമെങ്കിൽ, യു. എൻ നവീകരിക്കപ്പെടണം. ഓരോ രാജ്യത്തിനും തുല്യ പദവിയും അംഗീകാരവും ലഭ്യമാക്കണം. അഞ്ച് പ്രബല രാജ്യങ്ങൾ ഇന്ന് ആസ്വദിക്കുന്ന സ്ഥിരാംഗത്വവും നിഷേധാവകാശവും അവസാനിപ്പിക്കണം. ആയുധ ശക്തികളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യു. എൻ. മോചിതമാകണം. ലോകരാഷ്ട്രങ്ങൾക്കും ജനതക്കും ആദരവുണ്ടാകണമെങ്കിൽ യൂ. എൻ. ന്റെ നയങ്ങളും പ്രവർത്തനങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും അനുയോജ്യമാകണം. യു. എൻ-ന് അതിന്റെ മാതാവായ ലീഗ് ഓഫ് നേഷൻസിന്റെ ദുർഗതിവരാതിരിക്കട്ടെ!