ഒരു പുസ്തക വായനയിൽ, ഓരോ വായനയും ഓരോ വ്യക്തിയുടെ വായനയും വ്യത്യസ്തമായിരിക്കും. നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ എന്ന ബുക്ക് വായിച്ചു എന്റെ മനസിലാക്കലുകൾ, എന്റെ അഭിപ്രായം ആണിവിടെ സൂചിപ്പിക്കുന്നത്. അതോടൊപ്പം ബുക്കിൽ നിന്നുള്ള ചില ഭാഗങ്ങളും ഇവിടെ എടുത്തു കാണിക്കുന്നുണ്ട്. ഈ നോവലിന്റെ സവിശേഷത ഇതിന്റെ പ്രതിപാദ്യ വിഷയം തന്നെയാണ്. സ്തനാർബുദവും അതിനെ തുടർന്നുള്ള രോഗിയുടെയും പ്രിയപ്പെട്ടവരുടെയും അതിജീവനവും, അനുഭവവും. അതുപോലെ തന്നെ ഇതിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതിൽ പറയുന്ന ഓരോ വിഷയത്തിലും നിർമ്മല അതിയായ ശ്രദ്ധയും പഠനവും കൊടുത്ത്, സൂക്ഷ്മാഖ്യാനത്തിലൂടെ വായനക്കാരെ തന്നോട് ചേർത്തു നിർത്തുന്നുമുണ്ട്.
ഇതിലെ ഭാഷ, ശൈലി, നൊമ്പരപ്പെടുത്തുന്ന ഹാസ്യം എന്നിവയെക്കാളേറെ എന്നെ ഇതിനോടടുപ്പിച്ചത് ഇതിലേ വൈകാരിക തലമാണ്. മാനുഷിക, അനുഭവതലമാണ്.
മഞ്ഞിൽ ഒരുവൾ
അശ്വിനി സമർത്ഥയായ ഒരു സ്ത്രീയാണ്. അശ്വിനി ഒരു നല്ല ഭാര്യയാണ്. നല്ല അമ്മയാണ്. നല്ല കുടുംബിനിയാണ്. നല്ല പ്രണയിനി ആയിരുന്നു. നല്ല ജോലിയുണ്ട്. നല്ല സൗഹൃദങ്ങളുണ്ട്. ഇങ്ങനെ ഒത്തിരിയൊത്തിരി നല്ലതുകളുടെ ആടയാഭരണങ്ങളണിഞ്ഞ്, അശ്വിനി എന്ന എഞ്ചിനിയർ കാനഡയിൽ സസുഖം വാഴുമ്പോഴാണ് ഒരു ഹിമപാതം പോലെ, അവളുടെ ശരീരത്തിൽ ഭ്രാന്തൻ സെല്ലുകൾ മുളച്ച്, പെറ്റുപെരുകുന്നത്. അവിടുന്നവ അശ്വിനി എന്ന പെണ്ണിന്റെ സ്നേഹസ്തംഭങ്ങളായ രണ്ടു മുലകളിൽ ഒന്നിനെ ദ്രവിപ്പിച്ചു കൊണ്ട് അവളെ ഒരു അർബുദ രോഗിയാക്കുന്നു.
പതിയെപ്പതിയെ ഈ നല്ലതുകളൊക്കെ ഓരോന്നായി അശ്വിനിയെ വിട്ടുപോകുന്നു. അപ്പഴും അവൾക്ക് ആരോടെങ്കിലും സംസാരിക്കണം. പറയണം. കരയണം. എന്നാൽ അവളുടെ ഭർത്താവ്, മോഹൻ നിസ്സംഗനാണ്. മോഹന് അവളോടൊന്നും പറയാനില്ല. “ടെസ്റ്റ് പോസിറ്റീവ് ” ആണന്നു പറയുമ്പോൾ മോഹന്റെ മറുപടി, “നല്ല കാര്യം. എനിക്കറിയാമായിരുന്നു. വെറുതെ വെപ്രാളം കാട്ടി”
ഇവിടെ അശ്രദ്ധമായ അജ്ഞതയെങ്കിലും മോഹന്റെ നിസ്സഹായതയും നമുക്ക് കാണാതിരിക്കാനാകില്ല. തിരക്കുകൾക്കിടയിൽ കീർത്തന എന്ന മകൾക്ക് അമ്മയെ കേൾക്കാൻ നേരമില്ല. ഏകാന്തതയെക്കാൾ ഭയാനകമായ ഒരൊറ്റപ്പെടലിൽതന്റെ സങ്കടവും വേദനയും ഭയവും ഒക്കെയായി അശ്വിനി അടുക്കളയിലേക്കു തിരിയുന്നു. ഇവിടെ എനിക്കു തോന്നുന്നത് “അടുക്കള” രക്ഷപെടാനാകാത്ത ഒരു തടവറയുടെ സൂചകമാണെങ്കിലും അതൊരു പെണ്ണിന്റെ അഭയസ്ഥാനമാണ്, അഭയസ്ഥലമാണ് എന്നാണ്.
അവിടെയവൾ തന്നോടു തന്നെ സംസാരിക്കയാണ്. റാണപ്രതാപ്സിങ് എന്ന സാങ്കൽപ്പിക സുഹൃത്തിനോട് പറയുകയും കേൾക്കുകയുമാണ്. ഈ ആത്മഭാഷണങ്ങൾ അവൾക്കൊരു മെഡിക്കേഷനാണ്, മെഡിറ്റേഷനാണ്. അതവളുടെ ഊർജ്ജസ്രോതസ്സുമാണ്. പതിയെപ്പതിയെ അശ്വിനി അറിയുന്നു – താനില്ലാതെയും മോഹന് ജീവിക്കാനാകും. രന്ന എന്ന അമ്മക്കുട്ടിക്ക് തന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ കീർത്തന എന്ന വലിയ കുട്ടിയായി വളരാം. ജോലിയിൽ തുടങ്ങി വച്ച പ്രൊജക്റ്റ് താനില്ലാതെയും പൂർത്തിയാകും. സൗഹൃദക്കൂട്ടങ്ങൾ തന്റെ അഭാവത്തിലും സന്തോഷമായി മുന്നോട്ടുപോകും .
പൂർണ്ണമായ ഒരു ലോകവും അപൂർണ്ണയായ അശ്വിനിയും. സ്നേഹത്തലോടലുകളും പ്രാത്ഥനകളുമായെത്തുന്ന അമ്മയുടെയും അഖിലയുടെയും ഫോൺകോളുകളും, തന്റെ വ്യഥയും പേറിയുള്ള വിദ്യയുടെ സാന്നിദ്ധ്യവുമുണ്ടെങ്കിലും ഒറ്റപ്പെടൽ വളരുകയാണ്. സർജറി കഴിഞ്ഞു വീട്ടിൽ വന്നു ആഹാരം കഴിക്കാനൊരുങ്ങുന്ന ഒരു രംഗം നെഞ്ചിടിപ്പോടെയേ നമുക്കു വായിക്കാനാകൂ.
ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും സാക്ഷ്യങ്ങളായ വാക്കുകളിങ്ങനെ: “അശ്വിനി ഫ്രിഡ്ജിന്റെ വാതിൽ പിടിച്ചൊന്നു തുറക്കാൻ നോക്കിയതും അമ്മ പറഞ്ഞു കേട്ടിട്ടുള്ള പൊന്നീച്ചകൾ കണ്ണിലൂടെയിറങ്ങി തലക്കുചുറ്റും വട്ടത്തിൽ പറന്ന് മച്ചിലേക്കുപൊങ്ങി. കബോഡുകളിൽ പിടിച്ച് അശ്വിനി മെല്ലെ നിലത്തിരുന്നു.
മറ്റൊരിടത്തിങ്ങനെ കുറിക്കുന്നു – ചിതറിപ്പോയ ഗ്ലാസിനും നിലത്തു പടർന്ന വെള്ളത്തിനും നടുവിലേക്ക് അശ്വിനി വഴുതിയിരുന്നു. നനവിനുനടുവിലിരുന്നവൾ നിർത്താതെ കരഞ്ഞു. അമ്മയെ വിളിച്ചു കരഞ്ഞു. അഖിലയെ വിളിച്ചു കരഞ്ഞു. നനഞ്ഞ ഈ തുണികൾ ആരെങ്കിലും ഒന്നൂരിത്തരണേ എന്ന് എണ്ണിപ്പെറുക്കി കരഞ്ഞു. അതുപോലെ കീമോ കഴിഞ്ഞ് ഛര്ദിച്ച് തളരുന്ന ഒരു രംഗം ഇങ്ങനെ കുറിക്കുന്നു: കുളി മുറിയുടെ തണുത്തതറയോടിൽ ഉണരുമ്പോൾ നനഞ്ഞ ബ്ലൗസ് ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു. അശ്വിനി അതിനെ പകയോടെ ഊരിയെറിഞ്ഞു.
നീണ്ട രോഗാവസ്ഥകളിൽ, തുടർ ചികിത്സകളിൽ അവളൊരു ബാധ്യതയാകുന്നു. എന്നാൽ അതുമായി പൊരുത്തപ്പെടാനുള്ള അവളുടെ ശ്രമങ്ങളെ നിസ്സംഗമായി അവഗണിച്ചുകൊണ്ട് മോഹൻ അശ്വിനിയില്ലാതെയും എല്ലാം ചെയ്യാനാകും എന്ന് തെളിയിക്കുകയാണ്. ബുക്കിൽ അതിങ്ങനെ കുറിക്കുന്നു–“അശ്വിനിക്കു വേണ്ടി മോഹന്റെ കൈവശം വാക്കുകളില്ല. കഥകളില്ല. ഒരു തമാശ പോലുമില്ല. അശ്വിനിയില്ലാതെ മോഹൻ പൂർണ്ണനും തൃപ്തനുമാണ്. ഇന്നലകളിൽ അസ്തിവാരമിട്ടു പണിയുന്നതല്ല മോഹന്റെ ഇന്ന്. മുലപോയ അശ്വിനി. അപൂർണ്ണയായ അശ്വിനി. ഇന്നിൽ ജീവിക്കുന്ന, ക്ഷമിക്കാനറിയാത്ത, നടിക്കാനറിയാത്ത മോഹൻ പഴമയോ പഴങ്കഥകളോ ഓർക്കാനിഷ്ടപ്പെടുന്നില്ല”.
ഈ വേദനകൾക്കിടയിൽ ഒരു നെഞ്ചിടിപ്പോടെ അശ്വിനിയുടെ നോട്ടം കീർത്തനയുടെ നെഞ്ചിൽ തറയുന്നുണ്ട്. Early detection is the best remedy എന്ന കാതലായ സത്യത്തോടൊപ്പം രോഗത്തെക്കുറിച്ച്, ട്രീറ്റ്മെന്റ്നെക്കുറിച്ച് ഒക്കെയും കൃത്യമായി പറയുന്നുമുണ്ട്. ഒരു ഡോക്ടർ വിസിറ്റിനെക്കുറിച്ച് അശ്വിനി വിവരിക്കുന്നത് ഇങ്ങനെ: “അവളപ്പോൾ ഫയർ പ്ലേസിൽ വച്ചിരിക്കുന്ന വിറകു കൊള്ളികളിൽ ഒന്നാണ്. കത്തുന്നതല. ചോരവാർന്ന് തണുത്തുറഞ്ഞ ശരീരം”.
അശ്വിനിയെ ചുറ്റിവരിഞ്ഞിരുന്ന അരുതായ്കകളുടെ കെട്ടുകൾ പൊട്ടിക്കാൻ പ്രാപ്തമായിരുന്നു റാണയുടെ വെളിപ്പെടുത്തലുകൾ. കണക്കിങ്ങനെ: ഇണയ്ക്ക് ക്യാൻസർ വരുമ്പോൾ വൈകാരിക സമ്മർദ്ദം പൊറുക്കാനാകാതെ ഇട്ടിട്ടു പോകുന്ന പുരുഷന്മാർ സ്ത്രീകളെക്കാൾ ആറിരട്ടിയാണ്. അശ്വിനി ഓർത്തു: പണ്ടൊക്കെ ഉടുത്തൊരുങ്ങി പോകുമായിരുന്ന ക്രിസ്മസ് പുതുവത്സര പാർട്ടികളെക്കുറിച്ച്. എന്നാൽ ഇന്ന് അശ്വിനി ഇതൊന്നുമറിയുന്നില്ല. പക്ഷേ മോഹൻ എല്ലാം അറിയുന്നുണ്ട്. പോകുന്നുമുണ്ട്.
രോഗാനന്തരം രൂപ പരിണാമം വന്ന സ്ത്രീക്ക് ജീവിതം വേണ്ടേ ? എന്നൊരു ചോദ്യത്തിന് ഉത്തരമായി അശ്വിനി ഉറപ്പിച്ചു. മഞ്ഞിലും മഴയിലും വെള്ളവും ചണ്ടിയുമായി മാറാതെ തണുപ്പിനെ അതിജീവിക്കുന്ന കാതൽ ഉണ്ടാകണം. തിങ്കളാഴ്ചകളെ ഇഷ്ട്ടപ്പെടാതിരുന്ന അശ്വിനി, തിങ്കൾ ഉയിർത്തെഴുനേൽപ്പിനുള്ള ശുഭദിനമായി കണ്ടു യുദ്ധത്തിന് ഒരുങ്ങി. “നീ ഉണ്ടായിരുന്നു. ഒരിക്കൽ നീ ഞങ്ങൾക്ക് പ്രധാനപ്പെട്ടവളായിരുന്നു” എന്നോർമ്മപ്പെടുത്തുന്ന സൂചകങ്ങളൊക്കെ, കാർഡുകൾ, പൂക്കൾ, സമ്മാനങ്ങൾ – എല്ലാം യുദ്ധ ഭൂമിയിലേക്ക് വലിച്ചു എറിഞ്ഞു കാറ്റ് പെട്ടെന്നൊരു ചുഴലിയായി അവളിലേക്ക് കടന്നുകയറി.
മറ്റാരോ എഴുതിയ സ്ക്രിപ്ട് അനുസരിച്ച് ജീവിക്കാനുള്ളതാണോ തന്റെ ജീവിതം എന്നവൾ സംശയിച്ചപ്പോൾ, ആണില്ലാതെ അതിജീവിക്കാൻ പാടില്ലാത്ത വിധത്തിൽ പുരുഷൻ മെരുക്കിയെടുത്ത സമൂഹത്തിലെ അഡ്ജസ്റ്മെന്റിനോടവൾ വീറോടെ കലഹിച്ചു.
മുലമുറിഞ്ഞ അശ്വിനി! കണ്ണകിയുടെ പാതിവൃത്യം തനിക്കു വേണ്ടന്നുറച്ചു! ഷോപ്പിങ് മാളിലെ വലിയ കണ്ണാടിക്കു മുന്നിൽ കണ്ട അപരിചിത സ്ത്രീ രൂപത്തെ മറന്നു! അവൾക്കു തോൽക്കാൻ മനസ്സില്ലായിരുന്നു! അവൾ സ്പായിൽ പോയി. നഖവും, മുഖവും മുടിയും മിനുക്കി. നീണ്ട കമ്മലിട്ടു. മുല്ലവള്ളിപോലെ മനോഹരമായ സ്ട്രാപ്പുള്ള ബ്രായിട്ടു. കഴുത്തിനെ നഗ്നമാക്കി കാണിക്കുന്ന, കഴുത്തിറക്കിവെട്ടിയ സ്വെറ്ററിട്ടു. മുലപോയി, ഉടൽപോയി മൂലയിലേക്ക് അടിഞ്ഞൊതുങ്ങാൻ അശ്വിനി തയ്യാറല്ലായിരുന്നു. കാറ്റിന്റെ ശക്തിയെ തന്നിലേക്കാവാഹിച്ച അശ്വിനി ബ്രഹ്മാവിനുപോലും തടയാൻ കഴിയാത്തത്ര തിടുക്കത്തിൽ മുന്നോട്ടു പോയി.
Reminder:
ഒരുമാമ്മോഗ്രാം, ബിയോപ്സി ഒക്കെ കഴിഞ്ഞു വരുന്ന ഫോൺ കോളുകൾ ഏതു പെണ്ണിന്റെയും നെഞ്ചിടിപ്പുകൂട്ടുന്നതായിരിക്കും. “നെഗറ്റീവ് ആണെന്ന നല്ല”വർത്തയാകാം കിട്ടുന്നത്. നല്ലത്. ചിലപ്പോൾ അങ്ങനെ ആകണമെന്നില്ല. “പോസിറ്റീവ് എന്ന ചീത്ത” വർത്തയാകാം. അതിനെത്തുടർന്ന് കേൾക്കുന്നതാണ് പിന്നെ പ്രധാനം. തരം തിരിക്കലിൽ എവിടെ? തുടക്കം എന്നറിയുന്നതും, തുടങ്ങിയിട്ടേറെയായി എന്നറിയുന്നതും, നാലാം ഘട്ടത്തിലെത്തി എന്നറിയുന്നതും തമ്മിൽ ജീവന്റെയും മരണത്തിന്റെയും വ്യതാസമുണ്ട്. അവിടെയാണ് ” EARLY DETECTION IS THE BEST REMEDY” എന്ന സത്യ വാചകമാകുന്നത്. തോൽപ്പിക്കാനൊരുങ്ങുന്ന വിധിയോട് ചെറുത്തു നിൽക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. അതിനുള്ള സാഹചര്യങ്ങളുണ്ട്. വേണ്ടന്നു വയ്ക്കരുത്. വിശ്വസിക്കുക – EARLY DETECTION IS THE BEST REMEDY.
Malini
September 30th, 2023.