ഭാഷ – ബിന്ദു ടിജി 

ഭാഷ

 

നക്ഷത്രക്കണ്ണുള്ള രണ്ട് വാക്കുകൾ കണ്ടുമുട്ടി

ക്രിയയും നാമവും വിശേഷണങ്ങളും

ഇല്ലാതെ തമ്മിൽ മിണ്ടി പറഞ്ഞു

ചന്ദസ്സും ചമയങ്ങളും അലങ്കാരങ്ങളും

അവർക്കിടയിൽ ഒരു ഭാരമായില്ല

നഗ്നത പുതച്ച് അവർ തെരുവിലുറങ്ങി

പുതിയ നഗരങ്ങൾ, രാജ്യങ്ങൾ,

ഭൂഖണ്ഡങ്ങൾ തിരഞ്ഞു

കാറ്റിന്റെ ഉന്മാദവും പുഴയുടെ സംഗീതവും

തീയുടെ ചൂടും തമ്മിൽ പകർന്നു

പുതിയ ഒരു ഭാഷ പിറന്നു

അതിന് രണ്ടു വലിയ ചിറകുകൾ ഉണ്ടായിരുന്നു

പേരിടും മുൻപേ

അത് ആകാശത്തേയ്ക്ക് പറന്നുയർന്നു

ആർക്കും പിടി കൊടുക്കാതെ…

– ബിന്ദു ടിജി