ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ, നാഷ്‌വിൽ ടെന്നിസ്സിയിൽ ഒക്ടോബർ 20, 21, 22 തിയ്യതികളിൽ നടക്കുന്ന, രജത ജുബിലി സമ്മേളനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യാൻ പോകുന്ന “നടപ്പാത” എന്ന് പേരിലുള്ള പുസ്തകത്തിന്റെ കവർ പ്രകാശനം ഒക്ടോബർ 14 ശനിയാഴ്ച്ച രാവിലെ അമേരക്കൻ സമയം 9 മണിക്ക് (CST), ഇന്ത്യൻ സമയം വൈകീട്ട് 7.30 -ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ കെ പി രാമനുണ്ണി നിർവഹിക്കും. വടക്കെ അമേരിക്കയിലെ എല്ലാ മലയാള എഴുത്തുകാരെയും ഏകോപിപ്പിച്ചുകൊണ്ട് സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗ സഞ്ചാരം സാദ്ധ്യമാക്കുന്ന ഒരു പുസ്തകമാണ് “നടപ്പാത”. ഇരുപതിലേറെ സർഗ്ഗവൈഭവം നിറഞ്ഞ കഥകളും അത്രതന്നെ മനസ്സിന്റെ മഥിക്കുന്ന കവിതകളും പത്തിലേറെ പ്രൗഢലേഖനങ്ങളും കൊണ്ട് സമ്പന്നമായ ഈ പുസ്തകം നാഷ്‌വില്ലിൽവെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ച് രാമനുണ്ണി തന്നെ പ്രകാശനം ചെയ്യും.
ഈ സമ്മേളനത്തിൽ വെച്ച് തന്നെ അമേരിക്കയിലെ എഴുത്തുകാർ എഴുതിയ മൂന്ന് പുതിയ പുസ്തകങ്ങൾ, ഞാൻ രസികനേകൻ (ഡോ. സുകുമാർ കാനഡ), ബോൺസയി മരത്തണലിലെ ഗിനിപ്പന്നികൾ (ബിജോ ജോസ് ചെമ്മാന്ത്ര), Moonnamoozham Draupadi the Third Avatar (ശ്രീമതി എം പി ഷീലയുടെ മൂന്നാമൂഴത്തിന്റെ ഡോ. സുകുമാർ കാനഡ നിർവ്വഹിച്ച പരിഭാഷ) എന്നിവ രാമനുണ്ണി പ്രകാശനം ചെയ്യും
ലാന സമ്മേളനത്തിൽ കെ പി രാമനുണ്ണി മുഖ്യാതിഥി
കേന്ദ്രസാഹിത്യ അക്കാദമി അംഗവും, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി സാഹിത്യ അവാർഡുകളുടെ ജേതാവായ ശ്രീ കെ പി രാമനുണ്ണിയായിരിക്കും സമ്മേളനത്തിന്റെ ഉത്ഘാടകനും മുഖ്യാതിഥിയും. മൂന്ന് ദിവസമായി നടക്കാൻ പോകുന്ന സമ്മേളനത്തിലുടനീളം ശ്രീ രാമനുണ്ണി സംബന്ധിക്കും. കഥ, കവിത, നോവൽ, നാടകം, പുസ്തകപരിചയം തുടങ്ങിയ വിവിധ സെഷനുകൾ മൂന്ന് ദിവസത്തെ സമ്മേളനത്തെ സമ്പന്നമാക്കും. കൂടാതെ സമ്മേളനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാവിരുന്നുകൾ, ആശാൻ സ്നേഹഗായകൻ (കാവ്യശില്പം), ചിത്രപൗർണമി രാവ് (കവിയരങ്ങ്), പ്ഞ്ചാരി മേളം, സംഗീത സന്ധ്യ (ഗാനമേള) എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്..
(വാർത്ത തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)