തോന്നൽ

ഇന്നലെ ഒരു ഫോൺകോൾ
‘കവി സ്നേഹിതനാണ് ‘
നുരഞ്ഞു പതയുന്നു
അമിതാഹ്ലാദം വാക്കിൽ.

“അനുനയിച്ചു നവ-
കാവ്യകാമധേനുവേ
തൊഴുത്തിൽ, കറക്കുവാൻ
പാൽക്കുടമേന്തുന്നു ഞാൻ.

പുറപ്പെട്ടു വന്നോളൂ
കാണാനാശയുണ്ടെങ്കിൽ;
കാവ്യത്തിൻ പാൽച്ചായയാൽ
സൽക്കാരം കൊഴുപ്പിക്കാം.”

പുലർച്ചെ പുറപ്പെട്ടു
ഇന്നോളമാരും തന്നെ
കണ്ണാലെ കാണാത്തോളെ
നല്ല നേരത്ത് കാണാൻ.

കുളിച്ചു കുറിതൊട്ട്
അവിടെ ചെന്നപ്പോഴോ
കണ്ടത് വിലാപങ്ങ
ളുയരും കാവ്യപ്പുര,

കയറുണ്ടറ്റത്തെന്നാൽ
കാവ്യത്തിൻ പശുവില്ല.
“ആരാനും അഴിച്ചോണ്ടു
കടന്നതാവില്ലിത്
ഏതോ ജാലവിദ്യയാൽ
കെട്ടഴിഞ്ഞതു തന്നെ.”
കവി നെഞ്ചറഞ്ഞപ്പോൾ
ചിന്തിച്ചു ഞാനിങ്ങനെ.

‘കറക്കാനവൾ നിന്നു
തന്നതു നേരായിടാം
കറന്നുവെന്നുള്ളത്
കവിസങ്കല്പമാകാം
തൊഴുത്തിൽ ബന്ധിച്ചത്
വെറും തോന്നലായിടാം
മറ്റൊരു കവിപ്പുലി
കാവ്യത്തിനലഞ്ഞെത്തി
പ്രണയിച്ചകറ്റിയ
തല്ലെന്ന് വരില്ലല്ലോ.’

കവർ പാലു ചേർത്തൊട്ടു
പതപ്പിച്ചതു പേപ്പർ
കപ്പുകൾക്കുള്ളിൽ മോന്തി
പിരിഞ്ഞു സുഖം സ്വസ്ഥം.

-ജേ സി ജെ