മൂക്കിലെ രോമങ്ങള്‍പോലും കരിഞ്ഞുപോകുന്ന തരത്തിലുള്ള ദുര്‍ഗന്ധം എന്റെ ശ്വാസനാളങ്ങളിലേക്ക് ഇരച്ചുകയറിയപ്പോഴാണ് ഇതെവിടെന്നു വരുന്നു എന്നന്വേഷിച്ചത്.
ഞാനൊന്നേ നോക്കിയുള്ളൂ….
റോഡരികിലെ അഴുക്കുചാല്‍ പൊട്ടിയൊലിച്ചതില്‍നിനാണ്! ചാരനിറത്തില്‍ കുറുകിയ ദ്രാവകം കെട്ടിക്കിടക്കുന്നു. അതില്‍ ഊറിനില്‍ക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ നൃത്തം ചെയ്യുന്നു. ചാലിലേക്ക് വീണ കോണ്‍ക്രീറ്റ് സ്ലാബിന്റെ ധ്രുവിച്ച കമ്പിയില്‍ ഏതോ ജന്തുവിന്റെ അഴുകിയ കുടല്‍ മാല തങ്ങിനിന്നിരുന്നു. അതിനു ചുറ്റും റോഡില്‍ ചുവപ്പ് നിറമുള്ള സ്‌റ്റോപ്പറുകല്‍ റിബണ്‍ കോര്‍ത്തുവെച്ചിരിക്കുന്നു.
മൂക്ക് പൊത്തി, നെറ്റിചുളിച്ച് വളരെപ്പെട്ടെന്ന് ആ അഴുക്കുചാല്‍ മുറിച്ചുകടന്ന് ഞാനന്വേഷിച്ചു നടന്ന ആപ്പീസിലെത്തി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആ ആപ്പീസിന്റെ കോലായിലെ അരിപ്പകണക്കെ ഓട്ടയിട്ട സ്റ്റീല്‍ നിര്‍മ്മിത മുക്കസേരയിലിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഊളിയിട്ട് നടക്കുമ്പോഴാണ് നേരത്തെ എതിരിട്ട ദുര്‍ഗന്ധത്തെ മറക്കുംവിധമുള്ള ഒരു സ്വര്‍ഗ്ഗീയ സുഗന്ധം എന്റെ മൂക്കിനെ ചൂണ്ടയിട്ട് പിടിച്ചത്.
ഹൗ! എന്തൊരു മണമാണിത്. മുല്ലപ്പൂവിരിയുന്ന രാത്രിയാമങ്ങളിലാണെന്ന് തോന്നിപ്പിക്കുമാറ് അതെന്നെ മത്തുപിടിപ്പിക്കുന്നു. എന്റെ മൂക്ക് ഞാനറിയാതെ മേലോട്ടുയുര്‍ന്നു. മണം ഗ്രഹിക്കാന്‍ കഴിയുന്ന ഒരു മനുഷ്യജീവിയായതില്‍ ഞാന്‍ ആനന്ദിച്ചു. മെല്ലെ കണ്ണുകള്‍ തുറന്ന് അതിന്റെ ഉറവിടത്തെ അന്വേഷിച്ചു. ആപ്പീസിലെ ഒരു ജീവനക്കാരി എന്റെ മുന്നിലൂടെ പോയതാണ്. മൊബൈലില്‍ സമയം അപ്പോള്‍ പത്തര കൃത്യം.
ഞാന്‍ ആപ്പീസിലേക്ക് കയറി. മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന, ഉയരം കുറഞ്ഞ്, ഇത്തിരി തടിച്ച്, വെളുത്തതാണെങ്കിലും പറയത്തക്ക സൗന്ദര്യമില്ലാത്ത, ചുരിദാര്‍ ധരിച്ച സ്ത്രീ. അവര്‍ തന്റെ സീറ്റിലെ പൊടി തട്ടുകയായിരുന്നു.
”മാഡം ഞാന്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസില്‍ ഒരു റൂം ബുക്ക് ചെയ്യാന്‍ വന്നതാണ്.”
”പൊറത്തിരുന്നോളൂ, സാറ് വന്നാ വിളിക്കാം.”
പൊടിതട്ടാന്‍ തൂവാലകൊണ്ട് മുഖം മറച്ചിരുന്ന അവര്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുപോലെ പറഞ്ഞു. ഒരു മണിക്കൂറോളം കാത്തിരുന്ന എനിക്ക് ദേഷ്യം വരേണ്ടതാണ്. എന്നാല്‍ ആ മണം എന്നെ വിനീതനാക്കി. ഞാന്‍ തലയാട്ടി തല്‍സ്ഥാനത്ത് വന്നിരുന്നു. ഏതോ വിലപിടിപ്പുള്ള അത്തറാണ് എന്ന് മനസ്സിലോര്‍ത്തുകൊണ്ട് ഞാന്‍ വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് എടുത്തുചാടി.
മിനിറ്റുകള്‍ക്കുശേഷം അതേ സുഗന്ധം എന്നെ വീണ്ടും സ്ഥലകാല ബോധമുള്ളവനാക്കി. ഞാന്‍ തലയുയര്‍ത്തി മൂക്ക് കൂര്‍പ്പിച്ചു. ഇപ്രാവശ്യം കടന്നുപോയത് ഒരു പുരുഷനായിരുന്നു. സില്‍ക്കിന്റെ ഷര്‍ട്ടും,കസവ് മുണ്ടും, കണ്ണടയും ധരിച്ച നാല്‍പതുകാരന്‍. അയാള്‍ നേരത്തേയെത്തിയ സ്ത്രീയുടെ അടുത്തെത്തി കിന്നാരം പറയുവാന്‍ തുടങ്ങി. ഞാന്‍ എണീറ്റ് ചെന്ന് ചോദ്യം ആവര്‍ത്തിച്ചു.
”സാറ് വന്നിട്ടില്ല. വിളിക്കാം.”
എന്റെ ശബ്ദം അവരുടെ കിന്നാരം പറച്ചിലിന് തടസ്സമായതിന്റെ നീരസം അയാളുടെ മറുപടിയിലുണ്ടായിരുന്നു. എന്റെ ചിന്ത മുല്ലപ്പൂവിന്റെ സുഗന്ധം കടന്ന് അതിന്റെ ഇലകളിലേക്കും, വേരിലേക്കും പടര്‍ന്നു.
എന്തുകൊണ്ടായിരിക്കും ഇരുവര്‍ക്കും ഒരേ മണം. ഒരുപക്ഷേ ഇവര്‍ പ്രണയത്തിലായിരിക്കാം. അയാള്‍ ആ സ്ത്രീക്കോ അല്ലെങ്കില്‍ തിരിച്ചോ സമ്മാനിച്ചതാവാം ഈ അത്തര്‍. ഒരു പ്രണയിനിക്ക് കൊടുക്കാന്‍ ഇതിനേക്കാള്‍ നല്ല സമ്മാനമില്ല എന്നത് സത്യമാണ്.
എന്നാല്‍ അവര്‍ പരസ്പരം സമ്മാനിച്ചതല്ല എന്ന് അടുത്തയാളുടെ വരവോടെ എനിക്ക് ബോധ്യമായി. ഖദറിന്റെ മുണ്ടും, ഷര്‍ട്ടും ധരിച്ച് വിപ്ലവീര്യം തുടിക്കുന്ന പാര്‍ട്ടിയുടെ മാസിക കയ്യില്‍ പിടിച്ച് താടി മീശയുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ ആ ആപ്പീസിലെ പ്യൂണാണെന്നറിഞ്ഞിട്ടും അയാളെ ‘സാറെ’ എന്ന് സംബോധന ചെയ്തത് അയാള്‍ക്കും ആ മണമാണെന്ന തിരിച്ചറിവാണ്. ഇവര്‍ ഇതെവിടെനിന്നാണ് വാങ്ങിച്ചതെന്നറിഞ്ഞിരുന്നെങ്കില്‍ ഒന്നെനിക്കും വാങ്ങാമായിരുന്നെന്ന ചിന്ത പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസില്‍ റൂം കിട്ടുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതായി തോന്നി.
”സാറ് വരെട്ടെടോ ഒരു പത്ത് മിനിറ്റ് കൂടി ഇരിക്ക്.”
ഏതാണ്ട് പതിനൊന്ന് മണിയായപ്പോള്‍ എനിക്ക് കാണേണ്ട മേലുദ്യോഗസ്ഥന്‍ എത്തി.ഞാന്‍ കയറി ചെന്ന് എന്റെ ആവശ്യം അറിയിച്ചു.
”എന്നത്തേക്കാണ്.”
അദ്ദേഹം തന്റെ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്ത് അപ്പുറം ഫോണെടുക്കുന്നതിന് മുന്‍പുള്ള സമയം എന്നോട് ചോദിച്ചു.
”വരുന്ന 13-ന് വൈകിട്ട്.”
അദ്ദേഹം തലയാട്ടി ഞാന്‍ ഭവ്യതയോടെ തുടര്‍ന്നു.
”സാറെ വൈഫിനൊരു പി.എസ്.സി എക്‌സാം ഉണ്ടായിരുന്നു.14#ാ#ം തീയതി അപ്പോ 13-ന് വൈകിട്ട് വന്ന് സ്റ്റേ ചെയ്താല്‍ പിറ്റേന്ന് ധൃതിവെയ്ക്കാതെ പോവ്വാലോ… ഞാനിവിടെ ടൗണില് വേറൊരു ആവശ്യത്തിന് വന്നതാണ്. എന്നാല്‍ പിന്നെ ഒരു റൂം ബുക്ക് ചെയ്തിട്ട് പോകാമെന്ന് കരുതി.”
അങ്ങേ തലയ്ക്കല്‍ ഫോണ്‍ എടുത്ത ഉടന്‍ ഞാന്‍ സംസാരിക്കുന്നത് എന്താണെന്ന് പോലും ശ്രദ്ധിക്കാതെ അദ്ദേഹം ചോദിച്ചു.
”13-ന് വൈകിട്ടെന്നല്ലേ പറഞ്ഞത്.”
”അതെ.”
”അഡ്രസ്സ് പറയൂ.”
ഞാന്‍ അഡ്രസ്സ് പറഞ്ഞു. അദ്ദേഹം അതേപടി ഫോണിലൂടെ പറഞ്ഞുകൊടുത്തു.
”ഇങ്ങനെ നേരിട്ട് വന്ന് ബുക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല. മെയിലയച്ചാ മതിയായിരുന്നു.”
”അല്ല ഞാന്‍ പറഞ്ഞില്ലേ സാറെ.” ഞാന്‍ നേരത്തെ പറഞ്ഞത് മുഴുവന്‍ ആവര്‍ത്തിച്ചു.
”ഒ…ഒ….”
അദ്ദേഹം തലയാട്ടിക്കൊണ്ട് ഇതിനോട് ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ തീര്‍ത്തു.
”ശരി.” ഉദ്യോഗസ്ഥന്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. അയാള്‍ക്കും മുല്ലപ്പൂമണമാണെന്നത് എന്നില്‍ കൗതുകമുണര്‍ത്തി. ആപ്പീസില്‍നിന്നിറങ്ങുമ്പോള്‍ റൂം കിട്ടിയ ആശ്വാസത്തിനപ്പുറം ആ മണത്തിന്റെ ഉറവിടത്തെ കണ്ടെത്താനുള്ള ആഗ്രഹമായിരുന്നു.
വരാന്തയുടെ അറ്റത്ത് കാന്റീന് മുന്‍പിലെത്തിയപ്പോള്‍ പാലിന്റെയും, എലക്കാ അടയുടെയും മണം. ഉടന്‍ അവിടെ കയറി ചായയും, അടയും കഴിച്ചു. അടയുടെ സ്വാദിനെ പുകഴ്ത്താതിരിക്കാന്‍ കഴിഞ്ഞില്ല. ചായക്കടക്കാരന്‍ നാടന്‍ ശൈലിയില്‍ മറുപടി പറയാന്‍ തുടങ്ങി…..
”നോക്കണേ സാറെഅട ഉണ്ടാക്കുണോര് പെലച്ചക്ക് എണീക്കണം, ന്നട്ട് വേണം ഇത്രേം അട ഉണ്ടാക്കാന്‍. അവരിക്ക് വിറ്റാലും വിറ്റില്ലേലും പൈസ കൊടുക്കണം. വിറ്റാമാത്രേ കൊടുക്കൂന്ന് പറഞ്ഞാ ഓര് സമ്മയ്‌ക്യോ ഏ.”
ഞാന്‍ തലവെട്ടിച്ചു വാട്ടിയ ഇലയുടെയും, അവിലും, പഞ്ചസാരയും, ഏലക്കയും ചേര്‍ന്ന മിശ്രിതത്തിന്റെയും മധുരമുള്ള മണം എന്റെ നാസാരന്ധ്രങ്ങളെ ഊര്‍ജ്ജസ്വലമാക്കി.
പെട്ടെന്ന് അടയുടെ മണത്തെ കവച്ചുവെച്ച് നേരത്തെ ഓഫീസില്‍ അനുഭവിച്ച അതേമണം; മുല്ലപ്പൂവിന്റെ മണം, എന്റെ മൂക്കിനെ വീണ്ടും പുളകംകൊള്ളിച്ചു. ഞാന്‍ തലയുയര്‍ത്തി നോക്കി.
ആപ്പീസിന്റെ മുറ്റത്ത് അപ്പോള്‍ വന്ന ആഡംബരക്കാറില്‍ നിന്നിറങ്ങിയ മധ്യവയസ്‌കനാണ് ഉറവിടം. അല്പം കഷണ്ടിയും നരച്ച മുടിയും, മീശയും ഡൈചെയ്തിരിക്കുന്നു. വെള്ളമുണ്ടും, വടിപോലെ നില്‍ക്കുന്ന വെള്ള ഷര്‍ട്ടും, പോക്കറ്റില്‍ പാര്‍ക്കറിന്റെ പേനയും, സുമുഖനായ അദ്ദേഹം ഏതോ പാര്‍ട്ടി നേതാവാണെന്ന് തോന്നിച്ചു.
അയാള്‍ കടന്നുപോകുമ്പോള്‍ ചായക്കടക്കാരനോട് കൈ ഉയര്‍ത്തി കാണിച്ചു അത് കണ്ടപ്പോള്‍ അതാരാണെന്ന് ഞാന്‍ അന്വേഷിച്ചു.
”അയ്യോ അറിയില്ലേ അത് മ്മടെ ശിവശങ്കരന്‍ മുതലാളി ഇവിടത്തെ മെയിന്‍ കോണ്‍ട്രാക്ടറാ ഈ പ്രദേശത്തെ ഒരു മരാമത്തു പണിയും അദ്ദേഹം അറിയാതെ നടക്കില്ല.”
ഞാന്‍ ഒന്ന് ചിന്തിച്ച ശേഷം എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ ഓ… എന്ന് അറിയാതെ തലയാട്ടി.
”എന്താ സാറെ ചോദിച്ചേ?”
”ഒന്നൂല്ല.”
ഞാന്‍ തൂവാല കൊണ്ട് കൈതുടച്ച് ചായയുടെ പൈസ കൊടുത്തിറങ്ങി ഗെയ്റ്റിനടുത്തെത്തിയതും വഴിയരികില്‍ പൊട്ടിക്കിടന്ന ഓടയില്‍ നിന്നും ദുര്‍ഗന്ധം വീണ്ടും എന്നെ പൊതിഞ്ഞു. ഞാന്‍ മൂക്ക് പൊത്തി പുറത്തേക്കിറങ്ങി.