സ്വന്തം വീടു വരെ
ഞാൻ ചിരിച്ചു കൊണ്ട് നിൽക്കുന്നു
സോഷ്യൽമീഡിയാകളിൽ
അതു വരെ എന്നെ അറിഞ്ഞിരുന്ന
സ്നേഹമുള്ള
പല പ്രൊഫെയിലുകളും
ആ ചിരിയുടെ ഫോട്ടോകോപ്പി
അതേപടി പകർത്തിവെച്ചിരിക്കുന്നു
കഴിഞ്ഞ തവണ വന്നപ്പോൾ ഈ ഫോട്ടോ
എടുത്ത കൂട്ടുകാരനു നന്ദി.!
അന്നേ ഞാൻ പറഞ്ഞിരുന്നു
ഈ ഫോട്ടോയിൽ ഞാൻ സുന്ദരനല്ലേ ടാ ന്ന്.
കുറേ വർഷങ്ങൾക്ക് ശേഷമാണു
നാട്ടിലേക്ക്, വീട്ടിലേക്ക്
അവധിക്ക് വന്നത്.
കാവും കുളവും ഉത്സവങ്ങളും
ആൽമരവും മേളങ്ങളുമെല്ലാം
ചേർന്ന നാടിൻ മണം
എന്നെ ഉന്മേഷവാനാക്കി.
അമ്മ വിളമ്പി വെയ്ക്കുന്ന
വീട്ടിലെ ചോറും കറികളും
മൂവന്തി മയങ്ങുമ്പോൾ
പ്രണയം പകരുന്ന തുണയായ
പെണ്ണിന്റെ മണവും
എനിക്ക് ലഹരിയായിരുന്നു.
ആ ലഹരിയുടെ മത്ത്
നാടു വിട്ടപ്പോഴാണു ഞാനറിഞ്ഞത്.
ഒത്തിരി ഒത്തിരി
മോഹങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്നു
ആ മോഹങ്ങളുടെ കൂടെ
കുറേ തീരാബാധ്യതകളും.
എല്ലാം നേരെയാക്കാനുംവേണ്ടിയുള്ള
ഓട്ടത്തിലായിരുന്നു.
അപ്പോഴെപ്പോഴോ കേറിപ്പറ്റിയതാകാം
ഈ ചങ്ങാതി..
ഒരനക്കം, മുന്നറിയിപ്പ് അതൊക്കെ
കിട്ടാനും തരാനും ഒത്തിരി വൈകി.
കൂടെ നടന്ന് അവനെന്നെ കൊന്നുകളഞ്ഞു
ഹാ! എന്റെ വിധി.
ദു:ഖം മറയ്ക്കാൻ,മറക്കാൻ എന്നൊക്കെ
പറഞ്ഞവർ ഇരിക്കുന്നു.
അടിച്ചു പിമ്പിരിയാകാൻ
അവർക്കൊരു കാരണം കിട്ടി
എനിക്ക് ശ്വാസമുള്ളപ്പോഴുള്ളതിലും
എന്തോരം ജനങ്ങളാണു ഈ നാട്ടിൽ
അല്ല, എന്റെ ശ്വാസം പോയത്
കൊണ്ടാണല്ലോ
ഇവരിങ്ങനെ നിൽക്കണത്.
വീട്ടിൽ തിക്കും തിരക്കും ആയിട്ട് ഒട്ടുംസ്ഥലം ഇല്ല
എന്നാലും ചുറ്റിലും ആളുകൾ
നിൽക്കുന്നത് മൂലം അമ്മയ്ക്ക് ശ്വാസം മുട്ടും
അമ്മയ്ക്ക് ആൾക്കൂട്ടം പണ്ടേ പേടിയാ.
ആരോട് പറയാൻ??
നിലവിളിച്ച് , പരിഭവം പറഞ്ഞ്
എന്റെ പെണ്ണു വന്നു.
എന്നെ ഒന്നു കെട്ടിപ്പിടിക്കാൻ പോലും പറ്റിയില്ല
അവൾക്ക്
കണ്ണാടിക്കൂട്ടിലല്ലേ ഞാൻ.
ആചാരം, ചടങ്ങ് ഒക്കെ കഴിഞ്ഞ്
എന്റെ മുറിയുടെ തെക്കേ ഭാഗത്ത്
എന്നെ കൊണ്ട് കിടത്തി, പൂവിട്ട്
അഗ്നികലശവ്വും നടത്തി.
ഇനി അവൾ കേൾക്കേണ്ട, കാണേണ്ട
സമൂഹത്തിന്റെ വ്യത്തികെട്ട എത്ര മുഖങ്ങൾ
ആ തീനാളങ്ങൾക്കുള്ളിലൂടെ
എന്റെ പെണ്ണിനെ നോക്കി ഞാൻ കരഞ്ഞു.
ഈ മണ്ണിലലിഞ്ഞ്
വർഷങ്ങളോളം ഇനി ഇവിടെ
പുഴുവായും മണ്ണിരയായും ഇഴയുമ്പോൾ
കാലം മായ്ച്ച മുറിപ്പാടുകൾക്കിടയിലൂടെ
എന്നെയും ചവിട്ടിമെതിച്ച്
എല്ലാരും പോകുന്നത് കാണാനും
വിധിക്കപ്പെട്ടവർ
ഞാൻ മരിച്ചിട്ടില്ല, നിങ്ങളിലൂടെ ജീവിക്കും
എന്ന് പറയുന്നതോളം മറ്റെന്ത്
കള്ളമെന്തുണ്ട് ?
ജീവിക്കാൻ ആകാതെ മരണപ്പെട്ടവർക്ക്
കൊടുക്കാൻ
ആരുടെ കൈയിലും ഒന്നുമില്ല
മറവിയല്ലാതെ..!