കാമവസന്തത്തിന്റെ മറന്നു പോയ വഴികൾ !!

ഒരു വസന്തം കൊണ്ടെന്റെ പ്രണയത്തെ
വരച്ചിടാമോ എന്ന്
നീയെന്റെ കാതിൽ മന്ത്രിച്ചപ്പോൾ
നാണം കൊണ്ട് പൂത്തത്
എന്നിലെ ഞാൻ തന്നെയായിരുന്നു
നിന്റെ ശ്വാസഗതികൾകൊണ്ട്
എന്റെ മേനിയിലൊരായിരം
പൂത്തിരി മുകുളങ്ങൾ എഴുന്നപ്പോഴും
നീയെന്നെ പുണർന്നപ്പോഴും
ചുണ്ടുകൾ കൊണ്ട് നീയെന്റെ
ചുണ്ടുകളിൽ
കടലാഴങ്ങൾ തീർത്തപ്പോഴും
വസന്തം പടർന്നിറങ്ങിയ വ്യക്ഷമായ്
നീയെന്നിൽ വേരുകളാഴ്ത്തുമ്പോഴും
പ്രേമജല0 തേടി
ആ പ്രണയനൗകയിൽ നമ്മൾ
മുങ്ങാംകുഴിയിടുകയായിരുന്നു
നീ ചോദിച്ച ആ വസന്തത്തിന്റെ
സീൽക്കാരനാഗങ്ങൾ
നമ്മെ പിണഞ്ഞു
ഇഴഞ്ഞു നീങ്ങുമ്പോഴും
എന്നെ പൂത്തുലയിച്ച
നിന്റെ ഹൃദയത്തിനു
എന്തൊരു മിടിപ്പായിരുന്നു ,
കുതിപ്പായിരുന്നു
പ്രണയമഴ തോർന്ന് ആ
പ്രണയത്തെ വരച്ചിട്ടപ്പോൾ
നീയും ഞാനും മാറി നാമൊന്നല്ലേ
എന്നും
നാം തീർത്ത കാമവസന്തത്തിനു
ചെമ്പനീർപ്പുഷ്പങ്ങളേക്കാൾ
ചുവപ്പല്ലേ എന്നു നീ മന്ത്രിച്ചതും
നാണകിളികളാൽ തുടുത്ത
എന്നെ ഉണർത്തിയതും ഉയിർപ്പിച്ചതും
ഈ വസന്തത്തെ വരവേൽക്കാൻ അല്ലേ
കളളാ ! എന്ന് മൊഴിഞ്ഞ,
വസന്തങ്ങൾ വിരിയിച്ച
ആ പ്രണയവഴി ഇന്ന് എവിടെയാണ്
നമ്മൾ മറന്നു പോയോ ആ വഴികൾ !!
സോയ നായർ
Philadelphia