Santhosh M Chellappan

 

ഒന്ന്

ഇതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല

ഇതൊന്നുമോര്‍ക്കണമെന്നു വിചാരിച്ചതല്ല

എനിക്കും മുന്‍പെ

കന്യാകുമാരിക്ക് ടൂര്‍ പോയിവന്ന്

കൂര്‍ത്തകല്ലുപെന്‍സിലിലെന്റെ

ചങ്ക് മാന്തിപ്പറിച്ചവനായിരുന്നു

ഓര്‍മ്മയിലെ ആദ്യത്തെ ശത്രു.

വരിയുടച്ച്

നിന്നെ വേലിക്ക് കെട്ടും എന്ന ഭീഷണിയില്‍

അവനെന്റെ ആത്മമിത്രമായി,

സ്കൂളിലെ പ്രധാനമന്ത്രിയും

ആഭ്യന്തരമന്ത്രിയുമായി ഞങ്ങള്‍ മാറിമാറി വിലസി.

സ്കൂളിനടുത്ത് കട നടത്തിയിരുന്ന

പദ്മനാഭന്‍ ചേട്ടനും,

തിരുവനന്തപുരത്തെ അനന്തപദ്മനാഭനും

പദ്മനാഭന്റെ ദാസനും

തമ്മിലുള്ള   വ്യത്യാസമെന്തെന്ന് അന്ന് അറിയുമായിരുന്നില്ല.

 

റബ്ബര്‍ത്തോട്ടങ്ങള്‍ക്കപ്പുറത്ത്,

പാലാ അങ്ങാടിക്കും മീനച്ചിലാറിനുമപ്പുറത്ത്

മൃഗശാല, കാഴ്ചബംഗ്ലാവ്,,

നിയമസഭ, കടല്‍, ബീച്ച് തുടങ്ങിയ  പേരുകളില്‍

എനിക്കറിയാത്ത ഒത്തിരി സ്ഥലങ്ങള്‍

ഉണ്ടെന്നു മനസ്സിലായത്

യു പി സ്കൂളില്‍ നിന്നും പോയ

തിരുവനന്തപുരം കന്യാകുമാരി വിനോദയാത്രയിലാണ്

ഗാന്ധിസ്മാരകത്തില്‍

രാഷ്ട്രപിതാവിനോട്

സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചതേയില്ല

വിവേകാനന്ദനോട്

ഇന്ത്യയുടെ സത്യമെന്തെന്നന്വേഷിച്ചതേയില്ല

കവിതയുടെ പുസ്തകത്തിലെ വലിയ തിരുവള്ളൂര്‍

ഒരു ചെറിയ പ്രതിമയാകുന്നതിനെക്കുറിച്ച്

സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടേയില്ല.

പാറിക്കളിക്കുന്ന കൊടികളോടും

അതിന്റെ നിറങ്ങളോടും

ഒരു മമതയുമുണ്ടായിരുന്നേയില്ല.

 

 

രണ്ട്

ഇന്ന് ഞാന്‍ അന്യഗ്രഹജീവി

ഒരു ടൂര്‍ ഗൈഡ് എന്നെ

ഇടംവലം വീഴാതെ

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍

കാഴ്ചബംഗ്ലാവുംകുതിരമാളികയും

കാണിച്ചു വിശദീകരിക്കുന്നു,

കോവളത്തും ശംഖുമുഖത്തും

കിഴക്കേക്കോട്ടയിലുമുള്ള

അഭ്യസ്തവിദ്യരായ മലയാളികളെ

പരിചയപ്പെടുത്തുന്നു

പുത്തന്‍ നിയസഭാമന്ദിരത്തെക്കുറിച്ചും,

ഞാന്‍ പഠിച്ച സര്‍വ്വകലാശാലയെക്കുറിച്ചും

വാതോരാതെ സംസാരിക്കുന്നു.

ആശാനെയും മഹാരാജാവിനെയും

പലരാജ്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു

നിലവറ, കൊട്ടാരം, തക്കല, ശുചീന്ദ്രം വഴി

കന്യാകുമാരിയിലേക്ക് ആനയിക്കുന്നു.

 

നൂറ്റിമുപ്പത്തിമൂന്നടിയില്‍  തിരുവള്ളൂര്‍

എഴുപത്തൊന്‍പതടിയില്‍ ഗാന്ധിമണ്ഠപം

മുഖാമുഖം വിവേകാനന്ദന്‍

 

ഗാന്ധിയോടൊപ്പം രഘുപതി രാഘവ രാജാറാം

വിവേകാനന്ദനോടൊപ്പം ധ്യാനം

തിരുവള്ളൂരിനൊപ്പം കവിത

നിന്നും ഇരുന്നും കിടന്നുമുള്ള  നിരവധി സെല്‍‌ഫികള്‍

അക്കാലത്ത്

കേരളം  ഗോഡ്സ് ഓണ്‍ കണ്‍‌ട്രി ആയിരുന്നില്ല

കോവളം രാജ്യാന്തരടൂറിസം മാപ്പിലിടം നേടിയിരുന്നില്ല

ശംഖുമുഖം ബീച്ചില്‍ സാഗരകന്യക വിശ്രമിച്ചിരുന്നില്ല

പദ്മനാഭന്റെ  സ്വര്‍ണ്ണനിലവറകള്‍ തുറന്നിരുന്നില്ല

ടെലിവിഷനില്‍ ലോകമൊന്നും പരിചയപ്പെട്ടു തുടങ്ങിയിരുന്നില്ല.

നിയമസഭാമന്ദിരം ഒരു സിനിമാടാക്കീസു പോലെയായിരുന്നില്ല.

 

പദ്മനാഭപുരം കൊട്ടാരത്തിലെ

മാര്‍ത്താണ്ഠവര്‍മ്മമാരെ പറ്റി കേട്ടിരുന്നില്ല.

തക്കലയിലും തോവാളയിലും കണ്ടിരുന്ന

താമരപ്പൂക്കളെയും ജമന്തിപ്പൂക്കളെയും

ശ്രദ്ധിച്ചുതുടങ്ങിയിരുന്നില്ല

 

ഞാന്‍ വാരിയ കൂര്‍ത്ത കല്ലുപെന്‍സിലുകള്‍ക്കും

കക്കകള്‍ക്കും

ജാതിയുമുപജാതികളുമുണ്ടോയെന്ന്

തിരക്കിയിരുന്നില്ല

കന്യാകുമാരിയില്‍ നിന്നു

ഗോകര്‍ണ്ണത്തിലേക്ക്

നീണ്ടുപൊയ മഴുവിന്റെ തല

ആരെയെങ്കിലും മുറിവേല്‍പ്പിച്ചിരുന്നോ

എന്ന് പഠിച്ചിരുന്നില്ല.

 

ശ്രീപാദമണ്ഡപത്തില്‍

കന്യാകുമാരിദേവിയുടെ

കാല്‍പ്പാട് ശ്രദ്ധിച്ചിരുന്നില്ല.

ത്രിവേണി സംഗമം മൂന്നുകടലുകള്‍

ചേര്‍ന്നതാണന്നറിഞ്ഞിരുന്നില്ല

ഉദയവും അസ്തമയവും ഒരിടത്ത് തന്നെ

കാണാമെന്നാരും പറഞ്ഞുതന്നിരുന്നില്ല

എനിക്ക് കടലുകളോടും

അവിടെക്കുളിക്കുന്നവരോടും

ഒരാവേശവുമുണ്ടായിരുന്നില്ല.

കടലുകള്‍ക്ക് എന്നോടും

എന്റെ വിശാലതയോടും

ഒരു സ്നേഹവുമുണ്ടായിരുന്നില്ല.

സുനാമിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മയ്ക്കായ്

പണിതിരിക്കുന്ന മെമ്മോറിയലില്‍ കണ്ണുടക്കുന്നു,

കക്കവാരിത്തന്നിരുന്നവരോ

എന്നേപ്പോലെ   കടലു കാണാന്‍ വന്നവരോ ആവാം

കടലുമായി ഗാഡമായ ചങ്ങാത്തത്തിലായത്.

 

ഇടതുകാല്‍ നീട്ടി

വലതുകാല്‍ എടുത്തുവച്ച്  മുന്നോട്ടാഞ്ഞ്

ചവിട്ടി നില്‍ക്കുന്നതൊരുകൂട്ടം

കല്ലുപെന്‍സിലുകള്‍ക്കിടയില്‍

 

“ഡൂ യു ലൈക് കേപ് കോമറിന്‍”

എന്നു ചോദിച്ച ഗൈഡിനോട്

പുസ്തകം കക്ഷത്തില്‍ വച്ചുനടന്നിരുന്ന

ഒരു ചിന്ന തിരുവള്ളൂര്‍ തലനീട്ടിപ്പറയുന്നു

 

“സാരേ ജഹാം സേ അഛാ.”

“ബോഞ്ചി എങ്കെ കിടയ്ക്കും തലൈവരെ?“

 

ഇതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല

ഇതൊന്നുമോര്‍ക്കണമെന്നു വിചാരിച്ചതല്ല

Leave a Reply