ഓർമ്മകളുടെ ഞരമ്പുകൾ!!

 

നിന്നെ പറ്റി ഓർത്ത്‌ കിടക്കുംരാവുകളിൽ
എൻ മിഴികളിൽ നിറമുള്ള
കുറെ കനവുകൾ
മിന്നി മായും.
മിന്നാമിന്നിക്കൂട്ടങ്ങൾ ഒന്നായി
പ്രകാശം ചൊരിഞ്ഞ
ആ കുന്നിൻ ചെരുവിലെ
നിലാവെട്ടത്തിൽ
ഭ്രാന്തമായി നീയെന്നെ
ഇറുകെപ്പുണർന്ന്
ഇഷ്ടമാണെന്ന് പറഞ്ഞത്‌
അമ്പലക്കൽപ്പടവുകളിൽ
മിഴി കോർത്തെറിഞ്ഞ്‌
ഉത്സവം കൂടിയത്‌
കുപ്പിവളവാങ്ങി കൈയിൽ
അണിയിച്ചത്‌
ആരും കാണാതെ പ്രേമം ചൊരിയും
എഴുത്ത്‌ കടലാസ്സുകൾ
മതിൽപ്പാളികളിൽ
വെച്ചത്‌
കൂട്ടുകാരിയെ കൂട്ടി സിനിമ കാണാൻ
നിന്റൊപ്പം വന്നത്‌,
രാവോളം നിന്നോട്‌ മിണ്ടിയത്‌,
ഭാവിയെപ്പറ്റി കനവ്‌ പങ്കിട്ടത്‌
നിന്റെ വീട്ടിലേക്ക്‌ പായസവുമായി വന്നത്‌
പിറന്നാൾ സമ്മാനങ്ങൾ വാങ്ങി തന്നത്‌
തല്ലുകൂടിയത്‌, പിണങ്ങിയത്‌
ഒരുമ്മ തരുവോ പെണ്ണേ എന്ന് ചോദിച്ച
അന്നെന്റെ കവിളുകൾ
നാണത്താൽ തുടുത്തത്‌
അരിശം വന്ന് നുള്ളിയത്‌
രാജമല്ലിപ്പൂവുകൾ വിടരും പോലെ
ഹ്യത്തടങ്ങൾ പങ്കിട്ട
ഒരായുഷ്ക്കാല വസന്തത്തെ
ഒടുക്കം കണ്ണീരാൽ കുതിർത്ത്‌
നിനക്ക്‌ ഞാൻ അല്ല ചേരുന്നതെന്ന്
പറഞ്ഞ്‌ കരയിച്ചത്‌
ഒരിക്കലും പിരിയില്ല എന്ന കള്ളത്തെ
കൂട്ടുപിടിച്ച്‌
സത്യമായ പ്രണയത്തെ
കബളിപ്പിച്ചത്‌
ഒന്നും ഓർമ്മകളുടെ ഞരമ്പിൽ
നിന്നും അറുത്ത്‌ മാറ്റാനാകാതെ
ഇന്നും അള്ളിപ്പിടിച്ചിരിക്കുന്നു
എന്താണെന്നോ, ആദ്യാനുരാഗം
മരണം വരെ മനസ്സിനെ മദിപ്പിക്കും.
മറക്കൂ എന്ന് എത്ര പറഞ്ഞാലും
മറക്കാനാകാത്ത വിധം അടിവേരുകളെ
ദ്യഢപ്പെടുത്തും
നാം നടന്ന ആ വഴികൾ
വെട്ടിത്തെളിച്ച്‌ എത്ര വസന്തം
വരുത്തിയാലും
നാമെത്ര കാതം താണ്ടി നടന്നാലും
ഓർമ്മകളെ കൊല്ലാൻ നമുക്കാവില്ലല്ലോ..!
സോയ നായർ
ഫിലാഡൽഫിയ

Leave a Reply