വെട്ട് ഏൽക്കാതെ മുൻപ് തലയുയർത്തി നിന്നവർ ഓർമ്മയിൽ വരുന്നു. അതിൽ ഒന്നാണ് മഹാകവി കുമാരനാശാന്റെ 1922-ൽ പ്രസിദ്ധീകരിച്ച ദുരവസ്ഥ. ശ്രേഷ്ഠകുലജാതയായ ബ്രാഹ്‌മണ യുവതി-സാവിത്രി, തീണ്ടൽപ്പാട് അകലെമാറ്റി നിറുത്തേണ്ട നീചജാതിയിൽപ്പെട്ട പുലയനെ-ചാത്തനെ പ്രേരിപ്പിച്ച് ഭർത്താവായി സ്വീകരിക്കുന്നു! ഈ’ ദുരവസ്ഥ’യിൽ രക്തം തിളച്ചവർ അന്നുണ്ടായിരുന്നു.പക്ഷേ,വാളെടുത്തില്ല, വെട്ടിയില്ല! ‘മുന്പോട്ടു കാലം കടന്നുപോയി’, നൂറിലേറെ വർഷങ്ങൾ.പക്ഷേ, ഇന്നാണെങ്കിൽ, സാവിത്രയേയും ചാത്തനേയും അവരുടെ പുലമാടത്തിൽ പിടിച്ചു കെട്ടിയിട്ട്, വിശ്വാസികൾ തീ വയ്‌ക്കും, ഉറപ്പാണ് ! ആ ചാമ്പൽ കുമാരനാശാന്റെ മുഖത്തേക്ക് വലിച്ചെറിയും!

മുന്പോട്ടാണോ നമ്മുടെ പോക്ക് ?

നിർമാല്യം വെളിച്ചം കണ്ടത്1973-ലാണ്.1974-ൽ പ്രശസ്തമായ കേരള ഫിലിം അവാർഡ്നേ നേടിയ മൂവി.നിർമാല്യത്തിൽ വെളിച്ചപ്പാടായി അഭിനയിച്ച പി. ജെ. ആന്റണി, 1974-ൽ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡിന് അർഹനായി. കഠിനമായ ദാരിദ്ര്യവും ഗുരതമായ ജീവിതപ്രശ്നങ്ങളും ശ്വാസം മുട്ടിച്ചപ്പോൾ, രക്ഷക്കുവേണ്ടി പ്രാർഥിച്ചത് ദേവിയോടാണ്. വിശ്വാസത്തോടെ പൂജിച്ചിട്ടും ഹൃദയമുരുകി പ്രാർഥിച്ചിട്ടും ദേവിയാകട്ടെ കണ്ണുതുറന്നില്ല. വിശപ്പടക്കാൻ ഭാര്യക്ക് അരുതാത്തത് ചെയ്യേണ്ടി വന്നു! വെളിച്ചപ്പാട് അകെ തകർന്നു, അതിരുവിട്ട നൈരാശ്യവും അടക്കാനാവാത്ത കോപവും അയാളിൽ ആളിക്കത്തി. ദേവിയുടെ മുൻപിൽ ഉറഞ്ഞുതുള്ളി.സ്വയംവെട്ടി മുറിവേൽപ്പിച്ചു. ആകെത്തകർന്ന ആ മനുഷ്യൻ കാർക്കിച്ചു തുപ്പി ദേവീവിഗ്രഹത്തിൽ! ദേവിയെ നിന്ദിച്ചതിൽ അമർഷമുള്ളവർ അന്നുണ്ടായിരുന്നു, പലരും.പക്ഷേ, അന്ന് ആരും വാളെടുത്തില്ല, വെട്ടിയില്ല. അര നൂറ്റാണ്ടിലേറെ കഴിഞ്ഞു ഇന്ന്, ഇന്നാണെങ്കിൽ, പി. ജെ. ആന്റണിയുടെ തലവെട്ടും വിശ്വാസികൾ!

മുന്പോട്ടാണോ നമ്മുടെ പോക്ക്?

സ്നേഹവും സഹനവും ജീവിതശൈലിയാക്കി മാതൃക കാണിക്കേണ്ട പുരോഹിത
മേധാവികൾ വഴിതെറ്റി പെരുമാറിയതിൽ കൊച്ചച്ചൻ വേദനിച്ചു. മനുഷ്യത്വരഹിതമായ
സഭാനേതൃത്വത്തിന്റ കൽപ്പനയിൽ അദ്ദേഹം അമ്പരന്നുപോയി! ശക്തമായ തന്റെ പ്രതിഷേധമറിയിച്ചുകൊണ്ട് ളോഹയൂരി ബിഷപ്പിനു നേരെ വലിച്ചെറിഞ്ഞു, സ്വതന്ത്രമായ ജീവിതത്തിലേക്കുള്ള ‘വഴി തുറന്നു’!

1956-ൽ ‘വഴിതുറന്നു’ എന്ന നാടകത്തിലൂടെ തിരുവസ്‌ത്രത്തെ അപമാനിച്ചതിലും
തിരുമേനിയെ ധിക്കരിച്ചതിലും പൊൻകുന്നം വർക്കിയോട് വിശ്വാസികൾക്ക്
അമർഷമുണ്ടായിരുന്നു! പക്ഷേ, ആരും വഴി മുടക്കിയില്ല. പക്ഷേ, ഏഴുപതിറ്റാണ്ടിനുശേഷം ഇന്നാണെങ്കിൽ, കൊച്ചച്ചനെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കും. പൊൻകുന്നം വർക്കിയുടെ ‘വഴി’ അടക്കും.

മുന്പോട്ടാണോ നമ്മുടെപോക്ക്?

സാമൂഹ്യപരിവർത്തന സന്ദേശം മുഴങ്ങി കേൾക്കുന്ന ഒരു നാടകമാണ് ” അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് “. വി. റ്റി. ഭട്ടതിരിപ്പാടാണ് നാടകകൃത്ത്. 1929-ൽ ആദ്യം അവതരിപ്പിക്കപ്പെട്ടു. ‘ശ്രേഷ്‌ഠകുലജാതരായ’ ബ്രാഹ്‌മണ സ്‌ത്രീകൾ നേരിട്ടിരുന്ന ക്രൂരമായ ആചാരങ്ങളെ തുറന്നുകാണിച്ച നാടകം, വിപ്ലവകരമായ മാറ്റത്തിനുള്ള ശക്തമായ അഹ്വാനമായിരുന്നു! മനുസ്‌മൃതി വെല്ലുവിളിക്കപ്പെട്ടു. ഈ നാടകത്തെ എതിർത്തിരുന്നവർ ഉണ്ടായിരുന്നു ബ്രഹ്‌മണ സമുദായത്തിൽ അന്ന്.പക്ഷേ, ആരും കല്ലെറിഞ്ഞില്ല. ഒരുനൂറ്റാണ്ടോളം പിന്നിട്ട ശേഷം, ഇന്നാണ് ആ നാടകം ആദ്യം അവതരിപ്പിക്കുന്നതെങ്കിൽ ‘മതാചാരങ്ങളെ ചോദ്യം ചെയ്യുന്നു’ എന്ന പേരിൽ പലർക്കും ചോര തിളക്കും. നാടകക്കാരെ കൂട്ടത്തോടെ ‘അരംഗത്തുനിന്ന് അടുക്കളയിലേക്ക്‌ ‘ അടിച്ചോടിക്കും!

മുന്പോട്ടാണോ നമ്മുടെ പോക്ക് ?

നമ്മുടെ അഭിപ്രായ പ്രകടനത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഏകപക്ഷീയമായി
നിയന്ത്രിക്കുകയും, ബലാൽക്കാരേണ നിരോധിക്കുകയും ചെയ്യുന്ന ഈ പ്രതിലോമകാരികൾക്ക് എങ്ങനെ കിട്ടി ഇത്രകണ്ട് സ്വാധീന ശക്തി?

പണ്ട്, മുത്തശ്ശി പറഞ്ഞു പേടിപ്പിച്ചിരുന്ന ഒരു ഞാഞ്ഞുൽ കഥയുണ്ട്.“സൂര്യഗ്രഹണസമയത്ത്
ഞാഞ്ഞൂലിന് നട്ടെല്ലുണ്ടാകും, വിഷപ്പല്ലുമുളക്കും. സൂര്യന്റെ അഭാവത്തിൽ ഞാഞ്ഞൂലുപോലും വിഷപ്പാന്പാകും!” സ്‌കൂളിൽ പോയി സയൻസ് പഠിച്ചപ്പോൾ, മുത്തശ്ശിയുടെ ഞാഞ്ഞുൽ കഥയിൽ കഥയില്ലെന്നു ബോദ്ധ്യപ്പെട്ടു. പക്ഷേ ഇന്ന്, ‘ഞാഞ്ഞൂലുകൾ’ വിഷപ്പാന്പാകുന്പോൾ
മുത്തശ്ശിക്കഥയിലും കഥയുണ്ടല്ലോ എന്ന് തോന്നിപ്പോകുന്നു!

നൂറ്റാണ്ടുകളായി ത്യാഗം സഹിച്ചും സമരം ചെയ്‌തും നേടിയെടുത്ത മാനുഷിക മൂല്യങ്ങൾ ഇന്ന്‌ തകർക്കപ്പെടുകയാണ്. ഇതിനെതിരേ ശബ്ദിക്കേണ്ടവർ അധികവും മൗനത്തിലാണ്. പ്രതികരണ ശേഷിയെതളർത്തിക്കളയുന്ന ഭയം.സ്വതന്ത്രചിന്തയെ പ്രതിരോധിക്കാൻ ഫാസിസ്റ്റുകൾ ഫലപ്രദമായി പ്രയോഗിക്കുന്ന ആയുധമാണ് ഭയപ്പെടുത്തൽ.എന്പുരാന് വെട്ടേറ്റപ്പോൾ, പ്രതിലോമ ശക്തികൾക്കെതിരെ പ്രതിഷേധദ ശബ്ദം ഉയർത്തേണ്ട പലരും മൗനികളായത് എന്തുകൊണ്ടാണ് ? നൂറ്റാണ്ടുകളായി നേടിയെടുത്ത മാനുഷിക മുല്യങ്ങളെല്ലാം ഇട്ടുപേക്ഷിച്ച്‌ പിൻപോട്ടു നടക്കുകയാണോ നമ്മൾ?

ഈമ്പുരാന് ഏൽക്കേണ്ടി വന്ന ഓരോ വെട്ടും മുറിവേൽപിച്ചത് കലാ സാഹിത്യ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയാണ്. കലാ-സാഹിത്യ സുഹൃത്തുക്കളേ, നാം പോകേണ്ടത് മുന്നോട്ടാണ് !
നമ്മെ നയിക്കേണ്ടത് ഭയമല്ല, മാനവീയതയാണ്.

 

 

ജെ. മാത്യൂസ്.

 

 

 

 

 

 

 

 

 

Leave a Reply