ജീവനസംഗീതം

സഹധർമ്മചാരികളായി ഏറെനാൾ ഒന്നിച്ചു കഴിയുമ്പോൾ തമ്മിൽതമ്മിൽ ആണിനും പെണ്ണിനും അവരുടെ സ്വഭാവങ്ങൾപോലും ഇഴചേർന്നു പോകുന്നതായി തോന്നിയിട്ടുണ്ട്, കണ്ടിട്ടുണ്ട്. മനുഷ്യനിലും മറ്റു ജീവികളിലും ഇതുണ്ട്. ഈ കവിത പ്രകൃതിയിലെ ഒത്തൊരുമയുടെ താളപ്പെരുക്കത്തെപ്പറ്റിയാണ്. മഞ്ഞും മഴയും വെയിലും പൂക്കാലവും മാറിമാറി വരുന്നതും പാരസ്പര്യത്താൽ നിറവാർന്നതുമായ ജീവസംഗീതത്തെപ്പറ്റിയാണ്.

കുളിരായ്…, കുളിരായ്….
മഞ്ഞിന്റെ തൂവെണ്മ, ധവളിമ, വെളിച്ചമായ്
വെള്ളിലത്താളിപോൽ ചിതറിപ്പരക്കുന്നു.
വിറയ്ക്കും തണുപ്പിലും കാറ്റിൻ കരങ്ങളാൽ
പാറിപ്പരക്കുന്നൊരപ്പൂപ്പൻ താടികൾ

തെളിനീരുറഞ്ഞു വെൺ വെള്ളിത്തിളക്കങ്ങൾ
കുളിരുറഞ്ഞുളവായ മഞ്ഞിൻ കണങ്ങളിൽ
ഇലകളിൽ, ധ്യാനത്തിലായ മരങ്ങളിൽ
അറിയാതെ മെല്ലെവേ ശിശിരമിങ്ങണയുന്നു
നമ്മിലതിദ്രുതം ശിശിരമുറയുന്നു.

ഒഴുകാൻ മടിച്ചു ജല മുറയുന്നു ചുറ്റിലും
വെൺനിറച്ചേലിൽ മണൽത്തിട്ടയായ് ഹിമം
കളിയായ്, വെയിൽകാഞ്ഞ കിളികളിലിളമ്പമായ്
ചിറകുകൾ തങ്ങളിലുരുമ്മിടും മിഥുനമായ്
വിറകെടുത്താനെത്തി വെണ്ണിണപ്രാവുകൾ
വെയിൽ കായുവാനെത്തി ദേശാടനക്കിളികൾ

ഇര പിടിക്കാനിവിടെ കടവിൽ ശരത്തിന്റെ
ശീതശരമേറ്റും പൊരുതാൻ പഠിച്ചവർ
ധ്യാനലീനർ, മഞ്ഞു പാറയ്ക്കിടയിലും
ചെറുചൂടിൽപ്പിടയുന്നൊരിരയെത്തിരഞ്ഞവർ
ചക്കേറുവാനിടമില്ലയെന്നാകിലും
നോക്കിലും വാക്കിലു മിണയോത്തു നീങ്ങുവോർ

നിറമായ്, വസന്തമായ്….
ശാഖികളിൽ ഹർഷങ്ങൾ വെള്ളിലപ്പൂക്കളായ്
തരുനിരകൾ നൽപ്പൂ വിതാനം നിറയ്ക്കയായി
വസന്തർത്തു വന്നു നിറങ്ങൾക്ക് ഗന്ധവും
കിളികളിലുണർന്നൂ പാട്ടിന്റെ കളകളം

ആടിയുലയുന്നൊരാപൂമരക്കൊമ്പിനെ
ഒളികണ്ണെറിയുന്നൂസൂര്യന്റെരശ്മികൾ
എത്രനാളിങ്ങിനെഞാനൊളിപ്പിച്ചുനിൽക്കും
ഞാനെന്റെപൂക്കളെ?വരില്ലേ
വണ്ട്, ശലഭാദിപ്രണയികൾ?
കായ്ക്കുംകുലയ്ക്കുംനമ്രമാവുംപിന്നെ
ആതിഥ്യമേൽക്കുവാനെത്തുംവിരുന്നുകാർ

വർണ്ണമേലാപ്പായ്കുടമാറ്റമായ്നിറ-
പൂർണ്ണമായ്ശാഖികളിലിലകൾക്കിളക്കമായ്
പൊടുന്നനെയിലകൊഴിഞ്ഞൊരുവലിയകംബളം
പലനിറപ്പൂക്കളമൊരുക്കുന്നുചുറ്റിലും

ഇന്നെന്നിലകളെല്ലാംകൊഴിഞ്ഞാലും
ഇനിയുംവരും, വരും, വാസന്തസന്ധ്യകൾ
തളിരുള്ളോരിലകളും പൂക്കളും കായ്കളും
തേടിയെത്തും കിളികളിനിയുമെത്തും

ജീവന സംഗീത ധാരാ സരിത്തായി
കാലത്തിനൊത്തുള്ള താളത്തുടികളായ്
ഇനിയും വരും മഞ്ഞ്, വേനലും വർഷവും
നിറയെ നിറച്ചാർത്തുമായി വസന്തവും

 

– ഡോ.സുകുമാർ കാനഡ