1 970കള്‍, ഓര്‍മ്മകള്‍ക്കു മുന്നില്‍ കത്തുന്ന നിലാവ് പോലെ ജ്വലിച്ചു നില്‍ക്കുന്നു. തലയില്‍ ഓളം തല്ലുന്ന നിലാവിനെ ചുമന്നുകൊണ്ട് ജീവിച്ചവരായിരുന്നു ഞങ്ങള്‍. വിപ്ലവം കയ്യെത്തുന്ന ദൂരത്ത് നില്‍ക്കുന്നു എന്ന് ഞങ്ങള്‍ കരുതി. പ്രതീക്ഷ, അതൊന്നു കൊണ്ടുമാത്രമായിരുന്നു ഞങ്ങള്‍ ജീവിതം തള്ളിനീക്കിയത്. കടുത്ത തൊഴിലില്ലായ്മയുടെ വരണ്ടുണങ്ങിയ കാലം. ധാരാളം പുസ്തകങ്ങള്‍ ഞങ്ങള്‍ വായിച്ചിരുന്നു. തല നിറച്ച് സ്വപ്‌നങ്ങളായിരുന്നു. ദേശീയ അതിരുകള്‍ക്കപ്പുറത്തേക്ക് ഞങ്ങളുടെ ലോകം വളര്‍ന്നു. മാര്‍ക്‌സിനേയും മാവോയേയും വായിച്ചു. ദസ്തയെവ്‌സ്‌കിയുടെയും ഗോര്‍ക്കിയുടെയും ചെഖോവിന്റെയും ലോകക്ലാസിക്കുകള്‍, പിന്നെ, കാഫ്കയും ആല്‍ബേര്‍ കാമുവും സാര്‍ത്രും… എല്ലാവരും ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിമാരായിരുന്നു. വിപ്ലവസ്വപ്‌നങ്ങള്‍ക്കൊപ്പം ഞങ്ങള്‍ എന്തെന്നില്ലാതെ വിഷാദിച്ചു. ജീവിതത്തിന്റെ അസംബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. എം.ടിയുടെ ഓപ്പോഴേയും കൂട്ട്യേടത്തിയേയും കെട്ടിപ്പിടിച്ച് ഉമ്മവച്ചു. ഹിപ്പികളെപ്പോലെ മുടിയും താടിയും വളര്‍ത്തി. ഒളിപ്പോരാളിയായ ചെഗുവേരയെ ആഘോഷിച്ചു.
എങ്കിലും ഭയംവിഴുങ്ങികളെപ്പോലെയാണ് ഞങ്ങള്‍ ജീവിച്ചത്. ഞങ്ങളുടെ പുസ്തകങ്ങള്‍ പോലീസുകാര്‍ എടുത്തുകൊണ്ടു പോകുന്നതും ഞങ്ങളെ ചോദ്യം ചെയ്യുന്നതും അക്കാലത്ത് പതിവായിരുന്നു. അവസാനത്തെ പ്രതീക്ഷയും ജീവന്റെ ജീവനുമായ ചെങ്കൊടിയും ഏതൊക്കെയോ കടല്‍ക്കിഴവന്മാര്‍ കൊണ്ടുപോയതായി ഞങ്ങള്‍ ദു:സ്വപ്‌നങ്ങള്‍ കണ്ടു. കമ്മ്യൂണിസ്റ്റുകാരുടെ ഭാഷപോലും മറന്നവര്‍… അകംപൊള്ളയായ പ്രസംഗപ്രഹസനങ്ങള്‍, ആശയം നഷ്ടപ്പെട്ട ജാര്‍ഗണുകള്‍….
അവശേഷിച്ച പ്രതീക്ഷകളും അസ്തമിച്ച ഞങ്ങള്‍ ഒരു നവയുഗത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിക്കാട്ടി. അതായിരുന്നു എഴുപതുകള്‍. ‘ഇടിഞ്ഞുപൊളിഞ്ഞ എഴുപതുകള്‍’ എന്നാണ് എസ്.ഭാസുരചന്ദ്രന്‍ അതിനെ വിശേഷിപ്പിച്ചത്. എഴുപതുകളുടെ ലോകത്തെ അങ്ങനെ ചവറ്‌പോലെ തള്ളിക്കളയാന്‍ എനിക്ക് കഴിയില്ല. ആര്‍ക്കാണ് കഴിയുക? ശബ്ദമുഖരിതമായ ഒരു ആരവമായി ഒരു കാറ്റ്‌പോലെ അത് ചീറി വന്നുപോയി.
അന്നത്തെ ആ വിപ്ലവകാറ്റിലൂടെ കടന്നുവന്നവര്‍ ഇന്ന് ആരൊക്കെയോ എന്തൊക്കെയോ ആയി. ആനുകാലികങ്ങളിലെ സ്ഥിരം കോളം എഴുത്തുകാരായി. ചിലര്‍ കൊട്ടിഘോഷിക്കപ്പെട്ട കവികളായി. പരസ്പരം തല്ലിപ്പിരിഞ്ഞുകൊണ്ടായിരുന്നു എഴുപതുകളിലെ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കലാശക്കൊട്ട് നടത്തിയത്. ജനാധിപത്യവിപ്ലവമെന്നും ജനകീയവിപ്ലവമെന്നും ദേശീയ ജനാധിപത്യ വിപ്ലവമെന്നും ഓരോ സംജ്ഞകള്‍ നിര്‍മ്മിച്ച് കടന്നുപോയ ആ വിപ്ലവകൊടുങ്കാറ്റിന്റെ യഥാര്‍ത്ഥ കഥകള്‍ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ! ജീവിതത്തിന്റെ വസന്തങ്ങള്‍ മുഴുവന്‍ തടവറയില്‍ കഴിച്ചുകൂട്ടിയവര്‍, ക്രൂരമായി വധിക്കപ്പെട്ടവര്‍, അവരുടേതായിരുന്നു എഴുപതുകളുടെ ലോകം. അവര്‍ക്കുവേണ്ടിയായിരുന്നു കഥകള്‍ രൂപപ്പെട്ടത്. കവികള്‍ പാടിയത്.
വിപ്ലവസ്വപ്‌നങ്ങളുടെ കത്തുന്ന നിലാവായിരുന്നു ടി.എന്.ജോയിയെപ്പോലെ ജയില്‍പക്ഷികള്‍. അങ്ങനെ എത്രയോ പേര്‍. ഇരുളടഞ്ഞ എഴുപതുകള്‍ അകാരണമായ എന്‍കൗണ്ടറുകളുടെയും നിഷ്‌കരുണമായ കൂട്ടക്കൊലകളുടെയും മറവിലൂടെയാണ് കടന്നുപോയത്. അതിലൊരു രാജന്‍ മാത്രം ഇപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ ജീവിക്കുന്നു. അവശേഷിച്ചവര്‍ ചരിത്രത്തിലാരും രേഖപ്പെടുത്താതെ പോയി.
കേരളത്തിന്റെ മാത്രമല്ല, ബംഗാളിന്റെയും അന്തരീക്ഷം അക്കാലത്ത് അതായിരുന്നു. എഴുപതുകല്‍ യുവാക്കളുടെ ചോരയില്‍ കുതിര്‍ന്നതായിരുന്നു.
അണ്ടിയാണോ മാങ്ങയാണോ ആദ്യം ഉണ്ടായത്? വലിയ വാദപ്രതിവാദങ്ങള്‍, ചര്‍ച്ചകള്‍ ഒക്കെ നടന്നു….
ആ ഭ്രാന്തമായ കോളിളക്കങ്ങള്‍ ഒക്കെ കഴിഞ്ഞ് സമാധാനകാലം വന്നു. സുഹൃദ്‌സംഘങ്ങള്‍ പല മാതിരി വിഭജിക്കപ്പെട്ടു. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ ഒരു കൂട്ടം. പിന്നെ മദ്യപാനത്തില്‍ ഒടുങ്ങിയവുരടെ ഒരു കൂട്ടം. വേറെ ചിലര്‍ കഞ്ചാവുലഹരിയില്‍ മറവിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിച്ചവര്‍. പ്രത്യാശകള്‍ നഷ്ടപ്പെട്ട് എഴുത്തുകാരില്‍ പലരും സ്മൃതിക്ഷയങ്ങളുടെ രോഗഗ്രസ്തമായ എഴുത്തുരീതികളാല്‍ ദുര്‍ഗന്ധപ്പെട്ടു. അതിലൊരാളായിരുന്നു ഈ ഞാനും….
ഇതൊക്കെയായിരുന്നു എഴുപതുകളുടെ സത്യം.
ഒരു സി.വിബാലകൃഷ്ണനില്‍ മാത്രം എഴുത്തിന്റെ ലോകം ഒതുക്കിനിര്‍ത്തുക വയ്യ. യഥാര്‍ത്ഥത്തില്‍ എന്തെഴുതേണ്ടിയിരുന്നതെന്തോ, അതൊന്നുമായിരുന്നില്ല എഴുതപ്പെട്ടത്. വര്‍ഗസമരത്തിന്റെ അര്‍ത്ഥത്തില്‍ ഒരു മണ്ണങ്കട്ടയും എഴുതപ്പെട്ടില്ല. എം.സുകുമാരന്‍ പ്രത്യശാസ്ത്ര അപചയത്തിന്റെ ഭാവികാലത്തേയ്ക്കാണ് വിരല്‍ചൂണ്ടിയത്. അങ്ങനെ, ഉന്മൂലനസിദ്ധാന്തം വര്‍ഗസമരത്തിന്റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്‌സലൈറ്റ് കാലഘട്ടവും ഒരു മായക്കാഴ്ചപോലെ വെറുതേ നമ്മളെ കടന്നുപോയി. ഇപ്പോള്‍ എല്ലാം ശാന്തമായിരിക്കുന്നു! ശ്മശാനംപോലെ നിശ്ശബ്ദമായിരിക്കുന്നു….!
എഴുപതുകളുടെ കഥ പറയുമ്പോള്‍ സാഹിത്യകാലത്തെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയാവില്ല. ഒട്ടേറെ ലിറ്റില്‍ മാഗസിനുകള്‍ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സാംസ്‌കാരികവേദി പ്രവര്‍ത്തകരായിരുന്നു അതിന്റെയൊക്കെ പിറകില്‍. എഴുത്തും വായനയും കൊണ്ടുനടന്നവര്‍ തന്നെയാണ് നക്‌സലൈറ്റ് കാലത്തിന്റെയും സൃഷ്ടികര്‍ത്താക്കള്‍. പ്രക്ഷുബ്ധയൗവനത്തിന്റെ ആ കാലഘട്ടത്തിലുള്ള അടയാളമായി യു.പി.ജയരാജിനെപോലെ ഒട്ടേറെപേര്‍ കഥാകൃത്തുക്കളായി കടന്നുവന്നത് നമ്മള്‍ കണ്ടു. കവിതകള്‍ക്ക് വിപ്ലവപരിപ്രേക്ഷ്യം നല്‍കിയ സച്ചിദാനന്ദനൊപ്പം അനേകം കവികള്‍… സിവിക് ചന്ദ്രന്‍, കുഞ്ഞ പട്ടാനൂര്‍, ഉമേഷ് ബാബു കെ.സി. അങ്ങനെ എത്രയോ പേര്‍…..
എഴുപതുകള്‍ എന്നെ സംബന്ധിച്ചിടത്തോലം എന്റെപ്രിയപ്പെട്ട കാലഘട്ടമാണ്. എന്നെ വളര്‍ത്തിയതും എന്നെ ഞാനാക്കിയതും ആ എഴുപതുകളാണ്. എഴുപതുകളുടെ എന്റെ ഹൃദയത്തില്‍ ജീവിച്ചത് കനല്‍ക്കട്ടയായി കത്തുന്ന പ്രതീക്ഷകളായിരുന്നു. മുന്നോട്ടു പോകുവാന്‍ കൈയും കൈലുമിട്ട് പിടയുന്ന സമൂഹത്തോടൊപ്പം ഞാനും പിടയുകയായിരുന്നു. ”എനിക്ക് ആരോടും കടപ്പാടില്ല, ഞനെഴുതുന്നത് എനിക്കു വേണ്ടിയാണ്” എന്നു പറയുന്ന എഴുത്തുകാരും അക്കാലത്തുണ്ടായിരുന്നു. കാക്കനാടന്‍, എം.മുകുന്ദന്‍, സക്കറിയ, എം.പിനാരായണപിള്ള തുടങ്ങിയവരെല്ലാം എഴുപതുകളുടെ സാംസ്‌കാരിക ഭാവുകത്വം നിര്‍മ്മിച്ചവര്‍തന്നെ. പട്ടത്തുവിള, ടി.ആര്‍., മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ എഴുത്തിന്റെ നവീനഭാവുകത്വം കൊണ്ടുവന്നവര്‍ തന്നെ. പക്ഷേ, പില്‍ക്കാലത്ത് ഒരു ശൂന്യതയുണ്ടായി വന്നു. എസ്.ഭാസുരചന്ദ്രന്‍ പറയുന്ന ആ ബ്ലാക്ക് ഹോളിലേക്ക് കടന്നുവന്നവരായിരുന്നു സി.വി.ബാലകൃഷ്ണന്‍ തൊട്ട് രാമനുണ്ണി, കെ.ആര്‍.മീരവരെയുള്ളവര്‍.
എനിക്കിഷ്ടം യുവസാഹിത്യകാരന്മാരില്‍ ഇ.സന്തോഷ് കുമാര്‍ തന്നെ.
ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസ് പറഞ്ഞത്, ”നമ്മള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ്” എന്നാണ്. ടി.ഗുഹനെപ്പോലെ എത്രയോപേര്‍ ആ പാത പിന്തുടര്‍ന്നുപോയി. ജോണ്‍ എബ്രഹാം, അയ്യപ്പന്‍… ദൈവമേ, അവരുടെയൊക്കെ വഴികള്‍….
വിപ്ലവത്തിന്റെ പ്രതിച്ഛായകള്‍ നശിപ്പിക്കപ്പെടുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മീയപ്രതിസന്ധിക്കു പകരം വയ്ക്കാന്‍ കയ്യൂര്‍ സിനിമയുടെ കൂട്ടായ്മയ്ക്കും എന്തുകൊണ്ടോ സാധിക്കാതെ പോയി. ”ക്ക്ക്ക”, സുബ്രഹ്മണ്യദാസ് പറഞ്ഞത് എത്ര വാസ്തവം.
രാത്രിയാണ്. നിശ്ചയമായും ഇത് രാത്രിയാണ്. ‘നേരം പുലര്‍ന്നു’ എന്ന് വിളിച്ചുകൂവുന്ന പൂവന്‍കോഴിയാവാന്‍ ഒരു എഴുത്തുകാരനെങ്കിലും ഉയര്‍ന്നുകണ്ടെങ്കില്‍….
ആരുമില്ല, ആരും തന്നെയില്ല…
എന്റേത് ഒരു ശവപ്പെട്ടിയാണ്. ആ ശവപ്പെട്ടിയില്‍ തലയുയര്‍ത്തി നോക്കാനുള്ള മാക്‌സിമം ശ്രമത്തിലാണ് ഞാന്‍….
അനുബന്ധം:
ഒരു റിബല്‍ ജനതയെ കോലംകെടുത്തി, ജീര്‍ണോന്മുഖമായി നശിപ്പിച്ചു എന്നതാണ് വര്‍ത്തമാന കാലത്തിന്റെ ചരിത്രമെഴുതേണ്ടിവരുമ്പോള്‍ നമുക്കു പറയേണ്ടിവരിക. ഒരു പ്രതിരോധവുമില്ലാതെ, ഒരു ജനത യാഥാസ്ഥിതികത്വത്തിന്റെ ജീര്‍ണതകള്‍ക്ക്, ആര്‍ത്തികള്‍ക്ക്, വിപ്ലവവായാടിത്തങ്ങള്‍ക്ക്, അതിന്റെ വ്യാജനിര്‍മിതികള്‍ക്ക്, ഹിംസകള്‍ക്ക് കീഴ്‌പ്പെടുകയാണ് എന്ന്, എവിടെയോ കെ.അരവിന്ദാക്ഷന്‍ എഴുതിയത്, ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസിനെ ഓര്‍ത്തുകൊണ്ടാണ്.
സുബ്രഹ്മണ്യദാസ് പറഞ്ഞതെല്ലാം എഴുത്തിലും രാഷ്ട്രീയത്തിലും ഒക്കെ സംഭവിച്ചുകഴിഞ്ഞു. വളരെ കാപട്യം നിറഞ്ഞ ഒരു വ്യവസ്ഥിതിയിലാണ് നമ്മളിന്ന് ജീവിക്കുന്നത്. എഴുത്തിലും കപടമൊഴികളാണ്. എല്ലായിടത്തും ഒരുതരം വന്ധ്യംകരണമാണ് നടക്കുന്നത്. പത്രമാസികകള്‍ പുതിയ എഴുത്തുമേലാളരെ വാഴിക്കുകയാണ്. പൂവിട്ട് പൂജിക്കുകയാണ്. എഴുത്തുലോകത്തിന്റെ വര്‍ണവിവേചനമാണിത്. പുതിയ ലോകത്തിലേക്ക് ഒരു സമാന്തരവഴി നിര്‍മിക്കാന്‍ എഴുത്തുകാരന് കഴിയണം. നേരം പുലര്‍ന്നെങ്കില്‍…..

Leave a Reply