ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങളെയും സങ്കീർണ്ണതകളേയും വൈരുദ്ധ്യങ്ങളേയും തെളിയിച്ചെടുത്ത മറ്റൊരു കവിയില്ല. രചനാവൈഭവംകൊണ്ട് ഒരു കവിയെന്ന നിലയിൽ ആശാനെ സൃഷ്ടിച്ച അനുഭവ ലോകത്തിലും അതിന്റെ പല പ്രതലത്തിലും മലയാളിയുടെ ഭാവന ജീവിതം, മാനസിക ജീവിതം ഒരു നൂറ്റാണ്ടായി കുടികെട്ടി പാർക്കുന്നുണ്ട്. കാലത്തോടൊപ്പം വളരുക പ്രയാസമാണ്‌, എന്നൽ കാലത്തോടൊപ്പം വളർന്നൊരു കവിയാണ്‌ ആശാൻ. ലിറ്റററി അസോസ്സിയേഷൻ ഒഫ് നോർത്ത് അമേരിക്ക (ലാന) – യുടെ ആശാൻ അനുസ്മരണസമ്മേളനത്തിൽ “ആശാൻ കവിതയും സ്നേഹഭാവനയുടെ വിമോചനമൂല്യവും” എന്ന വിഷയത്തെ അധികരിച്ച പ്രഭാഷണം നടത്തിക്കൊണ്ട് ശ്രീ സുനിൽ പി ഇളയിടം പറഞ്ഞു.

ഇന്ന് കാണുന്ന കവികളേക്കാൽ സമകാലീനനാണ്‌ ആശാൻ. സ്ത്രീ വിമോചനപരമായ ആശയങ്ങൾ (ചിന്താവശിഷ്ടയായ സീത), ജാതീവിമർശനത്തിന്റെ മൂല്യങ്ങൾ (ദു:രവസ്ഥ), ബൗദ്ധദർശനത്തിന്റേയും മൈത്രീസങ്കല്പത്തിന്റേയും ആശയങ്ങൾ (ചണ്ഡാലഭിക്ഷുകി) എന്നിവക്ക് എഴുതുന്നകാലത്ത് ഇല്ല്ലാത്തതിനേക്കാൾ മുല്യം ഇന്നുണ്ട്. സ്നേഹമെന്നത് ആശാന്റെ അതിപ്രധാനമായ മൂല്യമാണ്‌. സൗന്ദര്യത്തെ കേവലമായ വസ്തുഗുണം എന്നതിൽനിന്ന് ആത്മഭാവം എന്നതിലേക്ക് ആശാൻ രൂപാന്തരപ്പെടുത്തി. ഒരു പൊതുകാഴ്ച്ചയായി തീരുന്ന സൗന്ദര്യത്തെ ഒരു ആന്തരിക അനുഭൂതിയുടെ തലത്തിലേക്ക് ആശാൻ ഉയർത്തി.

സാഹോദര്യമെന്നത് കേരളത്തിലും ഇന്ത്യയിലും സവിശേഷമൂല്യമുള്ള ഒരു ആശയമാണ്‌. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നത് സാഹോദര്യഭാവമാണ്‌. ഇന്ത്യ ഭരണഘടനയിലെ ഒരു പ്രധാന മൂല്യമാണ്‌ സാഹോദര്യം. സാഹോദര്യം ഒരു അലങ്കാരവാക്കല്ല. സ്നേഹത്തേയും സ്വാതന്ത്രത്തേയും സമത്വത്തേയും സാക്ഷക്കരിക്കണമെങ്കിൽ അത് സാഹോദര്യനിഷ്ഠംകൂടിയാകണം.

ആശാന്റെ പ്രണയകാവ്യങ്ങളിൽ കേന്ദ്രസ്ഥാനം സ്ത്രീകളക്കാണ്‌. നായകന്മാരുടെ മുൻകയ്യിൽ അരങ്ങേറുന്ന പ്രണയം പൊതുവിലില്ല. അത് ലീലയാകട്ടെ, നളിനിയാകട്ടെ, സീതയാകട്ടെ, മാതംഗിയാകട്ടെ, വാസവദത്തയാകട്ടെ, സാവിത്രിയാകട്ടെ ഇതിലെല്ലാം അത്മബോധമുള്ള സ്ത്രീകളാണ്‌ പ്രണയത്തിന്റെ കേന്ദ്രബിംബങ്ങൾ. ആശാന്റെ പ്രണയം ശരീരബദ്ധമല്ല, ആത്മീയമാണ്‌. ആശാന്റെ പ്രണയം അരങ്ങേറുന്നതൊന്നും പ്രണയത്തിന്റെ സ്വാഭാവിക സ്ഥലങ്ങളിലല്ല. വീട്ടകങ്ങളിലൊ, നാട്ടുവഴികളിലൊ, അന്ത:പുരങ്ങളിലോ,  കൊട്ടാരങ്ങളിലൊ, രമ്യഹർമ്മ്യങ്ങളിലൊ ഒന്നുമല്ല ആശാന്റെ പ്രണയങ്ങൾ അരങ്ങേറുന്നത്. മാനുഷ  നാഗരികതയുടെ മറുപുറങ്ങളിലാണ്‌. കാടാകം, ചുടലപറമ്പാകാം, നദിയുടെ തീരമാകാം. ഇളയിടം കൂട്ടിചേർത്തു.

ലാന ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ സ്വാഗതം പറഞ്ഞ ആശാൻ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷം വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോൺ കൊടിയൻ സുനിൽ പി ഇളയിടത്തെ സദസ്സിന്‌ പരിചയപ്പെടുത്തി. ട്രഷറർ ഷിബു പിള്ള, വൈസ് പ്രസിഡണ്ട് ഹരിദാസ് തങ്കപ്പൻ, ലാന മുൻഭാരവാഹികൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹതരായിരുന്നു.

തുടർന്ന് ബിജോ ജോസ് ചെമ്മാന്ത്ര മോഡറേറ്റ് ചെയ്ത  ചർച്ചയിലും സംവാദത്തിലും ബിന്ദു ടിജി, ബാജി ഓടംവേലിൽ, ശ്രീവത്സൻ വല്ലത്ത്, സാം ഗീവർഗ്ഗീസ്, കെ കെ ജോൺസൺ, ഡോ. സുകുമാർ കാനഡ, രാജു തോമസ്, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ പങ്കെടുത്തു. ലാനയുടെ ഈ വർഷത്തെ ഇനി വരാൻ പോകുന്ന പരിപാടികളെക്കുറിച്ച് കോർഡിനേറ്റർമാരായ ജെ. മാത്യൂസും, ഹരിദാസ് തങ്കപ്പനും റിപ്പോർട്ട് ചെയ്തു. ലാന പബ്ലിക്ക് റിലേഷൻസ് കമ്മിറ്റി ചെയർ ബിജോ ജോസ് ചെമ്മാന്ത്ര സദസിന്‌ കൃതജ്ഞത രേഖപ്പെടുത്തി.

പ്രഭാഷണത്തിന്റെ വീഡിയോ ലിങ്ക്: https://lanalit.org/video-gallery

*****

റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ

Leave a Reply