ഇരുപത്തഞ്ച് വർഷം പൂർത്തീകരിച്ച ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ രജത ജുബിലി സമ്മേളനം ഒക്ടോബർ 20 മുതൽ 22 വരെ അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനത്തുള്ള സംഗീത നഗരമായ നാഷ്‌വില്ലിൽ ആശാൻ നഗറിൽ (Residence Inn by Marriot, Mt. Juliet, Nashville) പൂർവാധികം ഭംഗിയായി വിവിധ പരിപാടികളോടെ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ഈ വർഷം ഏപ്രിൽ മാസത്തിൽ രൂപീകരിച്ച 51 അംഗ സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നടക്കം വരുന്ന സമ്മേളന പ്രതിനിധികളെ വരവേല്ക്കാൻ സ്വാഗത സംഘവും നാഷ്‌വില്ലും ഒരുങ്ങി കഴിഞ്ഞു. സാഹിത്യ തത്പരരുടെ സംഘടനയായ നാഷ്‌വിൽ സാഹിതിയാണ്‌ സമ്മേളനത്തിന്‌ ആതിഥ്യം വഹിക്കുന്നത്.

കുമാരനാശാൻ ലോകത്തോട് വിട പറഞ്ഞിട്ട് നൂറു വർഷം

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ കുമാരനാശാൻ (ഏപ്രിൽ 121873 – ജനുവരി 161924). ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. വീണപൂവ്, നളിനി, ലീല, ചാണ്ഡാലഭിക്ഷുകി, കരുണ, ദു:രവസ്ഥ തുടങ്ങിയ അനവധി അതിപ്രശസ്ത കവിതകളുടെ രചയിതാവാണ്‌ കുമാരനാശാൻ. ജാതീയത, അയിത്തം, തീണ്ടൽ തുടങ്ങിയ ജാത്യനാചാരങ്ങളാൽ ദുഷിച്ച കേരള സമൂഹത്തിൽ നവോത്ഥാന പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചവരിൽ പ്രമുഖനാണ്‌ ആശാൻ

സമ്മേളനത്തിൽ കെ പി രാമനുണ്ണി മുഖ്യാതിഥി

കേന്ദ്ര സാഹിത്യ അക്കാദമി അംഗവും, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി സാഹിത്യ അവാർഡുകളുടെ ജേതാവായ ശ്രീ കെ പി രാമനുണ്ണിയായിരിക്കും സമ്മേളനത്തിന്റെ ഉത്ഘാടകനും മുഖ്യാതിഥിയും. മൂന്ന് ദിവസമായി നടക്കാൻ പോകുന്ന സമ്മേളനത്തിലുടനീളം ശ്രീ രാമനുണ്ണി സംബന്ധിക്കും. സമകാല അമേരിക്കൻ മലയാള സാഹിത്യത്തിന്റെ 25 വർഷങ്ങൾ അടയാളപ്പെടുത്തി ലാന പ്രസിദ്ധീകരിക്കുന്ന “നടപ്പാത” എന്ന പുസ്തകം ശ്രി രാമനുണ്ണി സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

കഥ, കവിത, നോവൽ, നാടകം, പുസ്തക പരിചയം തുടങ്ങിയ വിവിധ സെഷനുകൾ മൂന്ന് ദിവസത്തെ സമ്മേളനത്തെ സമ്പന്നമാക്കും. കൂടാതെ സമ്മേളനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാവിരുന്നുകൾ, കവിയരങ്ങ് എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, രജിസ്റ്റർ ചെയ്യുന്നതിനും ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും ഉള്ള വിവരങ്ങൽ ലാനയുടെ ഔദ്യോഗിക വെബ്സൈറ്റായ lanalit.org – ൽ നിന്നും ലഭിക്കും.

 

വാർത്ത തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ

Leave a Reply