ആര്‍പ്പും ആരവങ്ങളുമില്ലാതെ രണ്ടായിരത്തിപതിനഞ്ച് പടിയിറങ്ങിപ്പോയത് എന്നെ
അനാഥയാക്കിക്കൊായിരുന്നു.

2015 ജനുവരി ഒന്നിന് പുതുവത്സരപ്പുലരിയില്‍ നെറ്റിയിലൊരു മുത്തം തന്ന്, “പ്പി ന്യൂ ഇയര്‍”
പറഞ്ഞ് എന്നെ വിളിച്ചുണര്‍ത്തിയ എന്‍റെ പ്രിയ കൂട്ടുകാരി, പൊന്നുമമ്മി എന്ന് ഞാന്‍ കൊഞ്ചി വിളിക്കാറുള്ള ഞങ്ങളുടെ അമ്മച്ചി, ഒരിക്കലും ഉണരാത്ത നിദ്രയിലാണ്ടുപോയി, കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍.

അനിവാര്യമെന്ന് അറിയാമായിരുന്നെങ്കിലും അപ്രതീക്ഷിതമായി കടന്നുവന്ന ഈ ദുരന്തത്തില്‍ നിന്നും മോചനം നേടാന്‍ ഇനിയും കഴിയുന്നില്ല. തിരക്കുകളില്‍ മുങ്ങി മനഃപ്പൂര്‍വ്വം മറക്കുവാന്‍ ശ്രമിക്കുന്തോറും നെഞ്ചു പിളര്‍ക്കുന്ന വേദന നല്‍കിക്കൊണ്ട് ഓര്‍മ്മകള്‍ ഓടിയെത്തുന്നു.
പേരും പെരുമയും അംഗീകാരവും തീരെ ആഗ്രഹിക്കാതെ, ഭര്‍ത്താവിനും മക്കള്‍ക്കും
കുടുംബത്തിനുമായി മാത്രം ജീവിച്ച, വിദ്യാധനം തന്നെ സര്‍വ്വപ്രധാനം എന്ന മന്ത്രത്തില്‍ അടിയുറച്ചുവിശ്വസിച്ച, സാധ്വിയായ ശോശാമ്മ സാറിന് അക്ഷരങ്ങള്‍ കൊണ്ടൊരു  തര്‍പ്പണം ചെയ്യാതെ ഇനി മുമ്പോട്ടുപോകാന്‍വയ്യ. എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ചാച്ചിയുടെ സ്മരണയില്‍ ഞാന്‍ കോറിയിട്ട വരികള്‍.

അമ്മച്ചി നെഞ്ചോടുചേര്‍ത്ത് സൂക്ഷിച്ചിരുന്നു, മരണംവരെ. ഇനി ഞങ്ങള്‍ക്ക് എന്നും മനസ്സില്‍ കൊണ്ടുനടക്കാന്‍ സ്മരണകള്‍ മാത്രം ബാക്കിയാക്കി അമ്മച്ചിയും കടന്നുപോയപ്പോള്‍ ആ വിലപ്പെട്ട ഓര്‍മ്മകള്‍ കാലാന്തരത്തില്‍ മാഞ്ഞു പോകാതിരിക്കുവാന്‍ ചിലത് ഇവിടെ കുറിക്കുന്നു. ആത്മകഥാംശം അരോചകമായിത്തോന്നിയാല്‍ പ്രിയവായനക്കാര്‍ ക്ഷമിക്കുക.

കോട്ടയത്തിനടുത്ത പള്ളം എന്ന ചെറുഗ്രാമത്തില്‍ കൃഷിക്കാരായ ജോസഫ് – ചാച്ചിയമ്മ ദമ്പതികള്‍ക്ക് വാര്‍ദ്ധക്യത്തിലുണ്ടായ ഏകമകളായിരുന്നു തങ്കമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ അമ്മച്ചി. നാല്‍പ്പത്തിരണ്ട് വയസ്സുവരെ മക്കളുണ്ടാകാതെയിരുന്ന വല്യമ്മച്ചിയ്ക്ക് ദൈവം കനിഞ്ഞു നല്‍കിയ നിധി! കളിക്കൂട്ടിന് സഹോദരങ്ങളില്ലാത്തത് ഒരു വലിയ ദുഃഖമായിരുന്നു ബാല്യത്തില്‍ അമ്മച്ചിക്ക്. തൊട്ടടുത്ത വീട്ടില്‍ പന്ത്രണ്ട് മക്കള്‍! അവരുടെ കളിയും ചിരിയും വഴക്കുമെല്ലാം കണ്ട് ഒറ്റക്കിരുന്നു കരയുമായിരുന്നു പലപ്പോഴുമത്രേ! പാഠപുസ്തകങ്ങളായി പിന്നത്തെ ആശ്രയം. ഓരോ ക്ലാസിലും നല്ല മാര്‍ക്ക് വാങ്ങി ജയിച്ച് അധ്യാപകരുടെ കണ്ണിലുണ്ണിയായി മാറി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മാതാപിതാക്കള്‍; എങ്കിലും മകള്‍ പഠിച്ച് മിടുക്കിയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ഇല്ലാതിരുന്ന ആ കാലത്ത് കുടുംബത്തില്‍ നിന്നും പഠിച്ച് ജോലി മേടിച്ച ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു അമ്മച്ചി.

സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ടി.ടി.സി പാസായി നില്‍ക്കുമ്പോഴാണ് കിഴക്കുനിന്നും പുതുമാരനെത്തുന്നത്! കളിക്കൂട്ടുകാരനും, ജീവിതപങ്കാളിയും, ഉപദേഷ്ടാവും, ദുരിതം നിറഞ്ഞ പാതകളില്‍ താങ്ങും തണലും എല്ലാമായി മാറിയ പ്രിയപ്പെട്ട കുഞ്ചായന്‍; മക്കളുണ്ടായ നാള്‍ മുതല്‍ ഇച്ചാച്ചി; വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒന്നുപോലെ പ്രിയങ്കരനായ മോസസ് സാര്‍! സ്വതവേ ഗൗരവക്കാരിയും അന്തര്‍മുഖിയുമായ ആളിന് കൂട്ടായികിട്ടിയത് എപ്പോഴും തമാശ പറയുന്ന, പരിചയപ്പെടുന്നവരെയെല്ലാം സുഹൃത്തുക്കളാക്കിമാറ്റുന്ന വാചാലനായ ഒരാള്‍! വിപരീത സ്വഭാവമുള്ളവര്‍ തമ്മിലാണ് ആകര്‍ഷണം (Opposites attract!) എന്ന ആപ്തവാക്യം അന്ന് കല്യാണം ആലോചിച്ച കാരണവന്മാര്‍ക്ക് അറിയാമായിരുന്നോ എന്തോ? കാറ്റും കോളും നിറഞ്ഞ ജീവിതയാത്രയില്‍ പരസ്പരപൂരകങ്ങളായി അവര്‍ ജീവിച്ചു, അമ്പത്തിയഞ്ചു വര്‍ഷം… ഒരാളില്ലാതെ മറ്റൊരാളില്ല എന്ന അവസ്ഥയില്‍!

സഹോദരങ്ങളില്ലാത്ത ദുഃഖം വിവാഹ ശേഷം പാടേ മാറി എന്ന് അമ്മച്ചി പറയുമായിരുന്നു. ആറു മക്കളുള്ള കുടുംബത്തിലെ മൂത്തമരുമകളായി ചെന്ന അമ്മച്ചി ഭര്‍തൃസഹോദരങ്ങളെ സ്വന്തം സഹോദരങ്ങളെപ്പോലെയല്ല, മക്കളെപ്പോലെ തന്നെ സ്നേഹിച്ചു, കരുതി. അവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും അമ്മച്ചി ഇച്ചാച്ചിയൊടൊപ്പം, അല്ല, അതിലും മുമ്പിലായിത്തന്നെ നിന്നു.

“ഭാരതീയ സംസ്കാരമനുസരിച്ച് രാജപത്നി, ഗുരുപത്നി, ജേഷ്ഠ പത്നി എന്നിവരെ മാതൃതുല്യരായി
കരുതണം എന്നാണ്. സ്വന്തം അമ്മയെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിക്കാത്ത എന്നെ സംബന്ധിച്ചിടത്തോളം ഈ കിടക്കുന്നയാള്‍ എനിക്ക് അമ്മയെപ്പോലെയാണ്. അമ്മയുടെ സ്ഥാനത്തു നിന്നാണ് എന്‍റെ ജേഷ്ഠപത്നി എന്നെ ഇത്രയും നാള്‍ കരുതിയത്… ഇച്ചാച്ചിയുടെ ഏറ്റവും ഇളയ അനിയനായ ജോയിപ്പാപ്പി അമ്മച്ചിയുടെ മരണാനന്തര ശുശ്രൂഷയില്‍ ഇടറിയ സ്വരത്തോടെ പറയുമ്പോള്‍ കേള്‍വിക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു.

വിവാഹത്തിനു ശേഷമാണ് അമ്മച്ചിക്ക് ടീച്ചറായി ജോലി കിട്ടുന്നത്. ആദ്യത്തെ നിയമനം ചിറ്റാര്‍ എന്ന സ്ഥലത്തായിരുന്നു. അന്ന് മൂത്ത മകളുണ്ടായി ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഒരു പരിചയവുമില്ലാത്ത സ്ഥലം, അതും വീട്ടില്‍ നിന്നും ഏറെ ദൂരെ. മകളെ ജോലിക്ക് വിടാനായി വീട്ടിലെ കാര്യങ്ങളും കുഞ്ഞിന്‍റെ കാര്യവുമെല്ലാം വല്യമ്മച്ചി ഏറ്റെടുത്തു. ഇച്ചാച്ചിയുടെ പരിപൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു. പിന്നെയിങ്ങോട്ട് പരുത്തുംപാറ, പള്ളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റംകിട്ടി. അധികം ബസ് സര്‍വീസുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൈലുകള്‍ നടന്നാണ് രാവിലെ സ്കൂളില്‍ എത്തിക്കൊണ്ടിരുന്നത്. അതിനിടയില്‍
കുട്ടികള്‍ നാലായി! രാവിലെ വീട്ടിലെ തിരക്കും ബഹളവുമെല്ലാം കഴിഞ്ഞ് ഓടിയണച്ചാവും സ്കൂളിലെത്തുക. വൈകുന്നേരം വീട്ടിലെത്തിക്കഴിഞ്ഞാല്‍ വീും അടുക്കളയില്‍! ചെറുപ്പത്തില്‍ ഞങ്ങളുടെ കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിച്ചിരുന്നത് വല്യമ്മച്ചിയാണ്. മകള്‍
കഷ്ടപ്പെടാതിരിക്കാന്‍ വാര്‍ദ്ധക്യത്തിലും ചുറുചുറുക്കോടെ ഓടിനടന്നു ജോലിചെയ്തു പൊന്നമ്മച്ചി എന്ന് ഞങ്ങള്‍ വിളിക്കുന്ന വല്യമ്മച്ചി. പൊന്നമ്മച്ചി പുറമെ വലിയ ഗൗരവക്കാരിയായിരുന്നു. ഒറ്റമോള്‍ ആണെങ്കിലും അമ്മച്ചിയെ ഒന്ന് പുന്നാരിക്കുകയോ കൊഞ്ചിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ഉള്ളിലൊരു സ്നേഹക്കടല്‍ തന്നെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമ്മയും മകളും തമ്മില്‍ സംസാരിക്കുന്നത് പലപ്പോഴും കൊച്ചുമക്കള്‍
വഴിയാണ്. പുറമെയുള്ള വാത്സല്യ പ്രകടനങ്ങളില്ലാത്ത നിസ്വാര്‍ത്ഥ സ്നേഹം ഞങ്ങള്‍ ആദ്യംകണ്ടത് പൊന്നമ്മച്ചിയിലൂടെയാണ്. ഗൗരവക്കാരിയെങ്കിലും കൊച്ചുമക്കളുടെയടുത്ത് ആ മുഖംമൂടി അഴിഞ്ഞുവീഴും ചിലപ്പോള്‍. എണ്‍പത്തിനാലു വയസ്സ് വരെ മകള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിച്ച പൊന്നമ്മച്ചിയുടെ മരണം പെട്ടെന്നായിരുന്നു… അസുഖമായി കിടന്ന് മകളെ കഷ്ടപ്പെടുത്തരുതെന്ന പ്രാര്‍ത്ഥനയുടെ ഫലമെന്നോണം.

ബാല്യത്തില്‍ “അച്ഛനെയാണെനിക്കിഷ്ടം” എന്ന പോലെ ഇച്ചാച്ചിയുമായിട്ടായിരുന്നു എനിക്ക് കൂടുതല്‍ അടുപ്പം. ഇളയ മകള്‍ എന്ന പരിഗണനയില്‍ മറ്റുള്ളവര്‍ക്കുള്ളതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇച്ചാച്ചി അനുവദിച്ചിരുന്നതിന്‍റെ ഗമയും ഉണ്ടായിരുന്നു എനിക്ക്. വായനയുടെ വിശാലമായ ലോകം പരിചയപ്പെടുത്തിത്തന്നത് ഇച്ചാച്ചിയാണ്. എങ്കിലും ദിവസേനയുള്ള സ്കൂള്‍ വിശേഷങ്ങള്‍ മുടങ്ങാതെ വിവരിക്കുന്നത് അമ്മച്ചിയോടാണ്. ഒരോ ചെറിയ ടെസ്റ്റിന്‍റെ പോലും റിസല്‍ട്ടും ക്ലാസിലെ റാങ്കും മറ്റ് കുട്ടികളുടെ വിശേഷവുമെല്ലാം ആകാംക്ഷയോടെ അമ്മച്ചി തിരക്കും, അടുക്കളയിലെ ജോലികള്‍ക്കിടയിലും.
കൂടുതല്‍ മാര്‍ക്ക് വാങ്ങി അമ്മച്ചിയെ സന്തോഷിപ്പിക്കണമെന്നത് ചെറുപ്പത്തിലെ അബോധമനസ്സില്‍ പതിഞ്ഞിരുന്നു. ഒന്നാം ക്ലാസ്സിലെ ഓണപ്പരീക്ഷ മുതല്‍, കഴിഞ്ഞ വര്‍ഷം പുതുക്കി എഴുതേണ്ടിയിരുന്ന ബോര്‍ഡ് എക്സാം വരെയുള്ള ടെസ്റ്റുകളില്‍ അമ്മച്ചിയുടെ ശ്രദ്ധ ഉണ്ടായിരുന്നു!

ഒരു മകള്‍ക്ക് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചിടാന്‍ ഈ താളുകള്‍ തികയില്ല. എങ്കിലും
അമ്മച്ചിയില്‍ ഞാന്‍ കണ്ട ചില സവിശേഷതകള്‍ പങ്കിടാതെവയ്യ.

സ്ത്രീകളുടെ മാത്രം കുത്തകയെന്ന് അറിയപ്പെടുന്ന ചില സ്വഭാവ വിശേഷങ്ങള്‍ അമ്മച്ചിക്ക് തീര്‍ത്തും ഇല്ലായിരുന്നു… അസൂയ, അത്യാഗ്രഹം എന്നിവ ലവലേശം തൊട്ടുതീണ്ടാത്ത ആളായിരുന്നു ഞങ്ങളുടെ അമ്മച്ചി. സാമ്പത്തികമായും അല്ലാതെയും പല ഇല്ലായ്മകള്‍ നേരിടേണ്ടിവന്നിട്ടുണ്ട് അമ്മച്ചിയ്ക്ക് ജീവിതത്തില്‍. ഒരിക്കലെങ്കിലും ഞങ്ങളെക്കാള്‍ ഉയര്‍ന്ന രീതിയില്‍ കഴിയുന്ന ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അസൂയപ്പെടുന്നതായി കിട്ടില്ല. മാത്രമല്ല, അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ ആഗ്രഹിക്കരുതെന്നുള്ള നിര്‍ബന്ധവും ഉണ്ടായിരുന്നു. അത് അടിച്ചേല്‍പ്പിക്കാതെ തന്നെ മക്കളായ ഞങ്ങള്‍ക്ക് പകര്‍ന്നു തരുകയും ചെയ്തു.

ഒന്നിനെക്കുറിച്ചും, പ്രത്യേകിച്ച് മക്കളെക്കുറിച്ച്, പൊങ്ങച്ചം പറയുന്നത് അമ്മച്ചിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. കൂട്ടുകാരുടെ മക്കളെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവര്‍ തന്നെ പറയുമ്പോള്‍ അമ്മച്ചി മിണ്ടാതിരിക്കുകയേ ഉള്ളൂ. ചിലപ്പോഴൊക്കെ ഞങ്ങള്‍ ഇതേച്ചൊല്ലി പരിഭവപ്പെടാറു്. “നമ്മുടെ മഹത്വം നമ്മള്‍ തന്നെ പറയുന്നതിലെന്തു കാര്യം” എന്നാവും മറുപടി. സന്തോഷം വന്നാല്‍ അമിതമായി ആഹ്ലാദിക്കാതെയും ദുഃഖത്തില്‍ മനം തകര്‍ന്നു പോകാതെയും സംയമനം പാലിക്കണമെന്നതായിരുന്നു അമ്മച്ചിയുടെ രീതി.

അധ്യാപന ജോലിയും അടുക്കളയും വീട്ടുകാര്യങ്ങളുമെല്ലാം ഒരുമിച്ചുകൊണ്ടുപോകാന്‍ നന്നേ
പണിപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടണമെന്നുള്ളത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. ആണ്‍ മക്കള്‍ എങ്ങനെയെങ്കിലും ജീവിച്ചോളും, പക്ഷേ സാമ്പത്തികമായി ഭര്‍ത്താവിനെ മാത്രം ആശ്രയിക്കുന്നവരാകരുത് സ്ത്രീകള്‍ എന്ന ചിന്താഗതിയായിരുന്നു അമ്മച്ചിക്ക്. സ്വന്തം മക്കളുടെ കാര്യത്തില്‍ മാത്രമല്ല, മരുമക്കളുടെയും, കൊച്ചുമക്കളുടെയും, ബന്ധുക്കളുടെയുമെല്ലാം കാര്യത്തില്‍ ആ അഭിപ്രായം ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അമ്മച്ചിയുടെ പാത പിന്തുടര്‍ന്ന് കുടുംബത്തിലെ ഇളയ കസിന്‍സ് മിക്കവരും അധ്യാപന രംഗത്തെത്തി. അവരുടെയെല്ലാം പഠനത്തിന് ഇച്ചാച്ചിയും അമ്മച്ചിയുമാണ്
പിന്തുണ നല്‍കിയത്.

ആദ്യമായി പരിചയപ്പെടുന്ന ഒരാള്‍ക്ക് പൊടുന്നനേ ആകര്‍ഷണം തോന്നുന്ന പ്രകൃതി അല്ലായിരുന്നു അമ്മച്ചിയുടേത്. മനസ്സില്‍ എന്തെങ്കിലും പിണക്കമോ ദേഷ്യമോ ഉണ്ടെങ്കിൽ അത് മറച്ചു വച്ച് പുറമെ സ്നേഹം പ്രകടിപ്പിക്കാന്‍ തീര്‍ത്തും അറിഞ്ഞുകൂടെന്നു മാത്രമല്ല, മനസ്സിലുള്ളത് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. ഇക്കാര്യം പറഞ്ഞ് ഇച്ചാച്ചിയും ഞങ്ങളും അമ്മച്ചിയെ കളിയാക്കാറുണ്ട്. പക്ഷേ ആളിന്‍റെ സ്വഭാവ മഹിമ മനസ്സിലാകണമെങ്കില്‍ അടുത്തറിയണം. മക്കളായ ഞങ്ങള്‍ക്കുപോലും അമ്മച്ചിയുടെ മനസ്സിന്‍റെ നന്മ തീര്‍ത്തും മനസ്സിലാകുന്നത് പ്രായവും വിവേകവും വന്നതിനുശേഷമാണ്.

വലിയൊരു സുഹൃദ്വലയം ഇല്ലായിരുന്നെങ്കിലും കൂടെ പഠിപ്പിച്ചിരുന്ന ഏതാനും ടീച്ചേഴ്സുമായി
ദീര്‍ഘകാലത്തെ സ്നേഹബന്ധം അമ്മച്ചി പുലര്‍ത്തിയിരുന്നു. മരിക്കുന്നതിന് കുറെ മാസങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ അമ്മച്ചിയുടെ കൂടെ പഴയ സഹാധ്യാപകരെ കാണുവാന്‍ പോയി. എല്ലാവരും വാര്‍ദ്ധക്യത്തിലും ദേഹാസ്വാസ്ഥ്യത്തിലും കഴിയുന്നവര്‍. പക്ഷെ പരസ്പരം കണ്ട് ആളെ മനസ്സിലായിക്കഴിയുമ്പോള്‍ ആ മുഖങ്ങളില്‍ വിരിയുന്ന പ്രകാശം, സന്തോഷം, അത് വിലമതിക്കാനാവില്ല.

ചെറുപ്പത്തില്‍ ലാളനയും പുന്നാരവും അധികം കിട്ടാത്തതിന്‍റെ കേടുതീര്‍ത്ത് അമ്മച്ചിയെ
കൊഞ്ചിച്ചിരുന്നു ഞങ്ങള്‍… ആദ്യം ഇച്ചാച്ചിയും, അനിയന്മാരും; പിന്നെ മക്കളും മരുമക്കളും കൊച്ചുമക്കളും. ആ കളിയാക്കലുകളും ലാളനയും അമ്മച്ചി ഏറെ ആസ്വദിച്ചിരുന്നു. എണ്‍പത്തിമൂന്നു വയസ്സു വരെ ആരോഗ്യത്തോടെ പിടിച്ചു നിര്‍ത്തിയത് ആ സ്നേഹലാളനകളാണ്.

ഇച്ചാച്ചി മരിച്ചു കഴിഞ്ഞ് അമ്മച്ചിയുടെ അവസ്ഥ എന്താകും എന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. അത്രക്ക് പരസ്പരം സ്വാധീനിച്ച ദമ്പതികളായിരുന്നു അവര്‍. പക്ഷെ ഞങ്ങളെയെല്ലാം അതിശയപ്പെടുത്തി എട്ടു വര്‍ഷം കൂടെ അമ്മച്ചി ജീവിച്ചു, സന്തോഷത്തോടെ തന്നെ. അമ്മച്ചി എപ്പോഴും സന്തോഷമായിരിക്കണമെന്നത് ഇച്ചാച്ചിക്ക് വളരെ പ്രധാനമായിരുന്നു. അതിനാല്‍ കഴിവതും അമ്മച്ചിയെ കരുതാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഒരുപക്ഷെ അമ്മച്ചിയുടെ അറ്റന്‍ഷനുവേണ്ടി മധ്യ വയസ്സ് കഴിഞ്ഞിട്ടും ഞങ്ങള്‍ മത്സരിച്ചിരുന്നു എന്നതാവും ശരി. കൂടെത്താമസിച്ച ഇളയ മകനും കുടുംബവും അമ്മച്ചിയെ പൊന്നുപോലെ നോക്കി.

പക്ഷേ ഞങ്ങള്‍ അമ്മച്ചിയെ കരുതിയതിനെക്കാളും എത്രയോ ഉപരി അമ്മച്ചി
ഞങ്ങളിലോരോരുത്തരെയുംപറ്റി വ്യാകുലപ്പെട്ടിരുന്നു. രണ്ടു മാസം മുതല്‍ അറുപത്തിയേഴുവയസ്സു വരെ പ്രായമുള്ള, രണ്ടും, മൂന്നും, നാലും തലമുറയിലെ ഓരോരുത്തരുടെയും ചെറിയ കാര്യങ്ങള്‍ വരെ അമ്മച്ചിക്ക് പ്രധാനപ്പെട്ടതായിരുന്നു. ഞങ്ങളുടെ ജീവിത പ്രശ്നങ്ങളോര്‍ത്ത് അമ്മച്ചി ഉറങ്ങാതെ കിടന്നു പല രാത്രികളിലും.

 

“അനായാസേന മരണം” എഴുപതും എണ്‍പതും കഴിഞ്ഞാല്‍ എല്ലാവരും ആഗ്രഹിക്കുന്നതു പോലെ അമ്മച്ചിയും ആഗ്രഹിച്ചിരുന്നു, ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നുപോകണമെന്ന്. വര്‍ഷങ്ങളോളം എഴുന്നേല്‍ക്കാന്‍ വയ്യാതെ രോഗശയ്യയില്‍ കിടക്കുന്ന പരിചയക്കാരെയും ബന്ധുക്കളെയും കാണുമ്പോള്‍ നിഴല്‍പോലെ എപ്പോഴും കൂടെനടക്കുന്ന മരുമകളോടു പറയും, “നോക്കുന്നവരുടെ യോഗം പോലെയിരിക്കും, അതുകൊണ്ട് ഞാന്‍ ഇങ്ങനെ കിടക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ”, എന്ന്. മക്കള്‍ക്ക് ഒരു ഭാരമായി ദീര്‍ഘനാള്‍ കിടപ്പിലാകരുതേ എന്ന അമ്മച്ചിയുടെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ടെന്നോണം, ഒരാഴ്ച പോലും ഹോസ്പിറ്റലില്‍ കിടക്കാതെ അമ്മച്ചി പോയി.

നാലു മക്കളും അവരുടെ കുടുംബങ്ങളും ഒന്നിച്ചുചേരുന്ന അവസരങ്ങള്‍ അമ്മച്ചിക്ക് വളരെ
വിലപ്പെട്ടതായിരുന്നു. പക്ഷേ പലരും പലയിടങ്ങളിലായതുകൊണ്ട് എല്ലാവരും ഒരുമിച്ചെത്തുക വിരളമായാണ്. “ഇനി എല്ലാവരെയും എന്നാണ് ഒരുമിച്ചുകാണുന്നത്? ഞാന്‍ മരിക്കുമ്പോളായിരിക്കും” എന്ന് കൂടെക്കൂടെ പറയും.

വളരെക്കുറച്ച് ആഗ്രഹങ്ങളേ അമ്മച്ചി ഞങ്ങളോട് പറഞ്ഞിട്ടുള്ളൂ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്
മരണ ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കരുത് എന്നത്. “ഞാന്‍ മരിച്ചാല്‍ എന്നെ
ഫ്രീസറിലൊന്നും കൊണ്ട് വയ്ക്കരുത്, എനിക്ക് പേടിയാ. ആരു വന്നാലും ഇല്ലെങ്കിലും ഉള്ളവര്‍ ചേര്‍ന്ന് അടക്കണം”, എന്നായിരുന്നു നിര്‍ദ്ദേശം! പകുതി മക്കളും കൊച്ചുമക്കളും വിദേശത്തുള്ളപ്പോള്‍ ഇതെങ്ങനെ സാധിക്കും എന്ന ഭയം ഞങ്ങള്‍ക്കുായിരുന്നു.

പക്ഷെ സ്നേഹത്തിന്‍റെ ശക്തി ഒരിക്കല്‍ക്കൂടി വെളിവാക്കിത്തന്നു ഈശ്വരന്‍. മക്കള്‍ നാലുപേരും സ്ഥലത്തുണ്ടായിരുന്നതുകൊണ്ട് മരണശേഷം ആശുപത്രിയില്‍നിന്നും മോര്‍ച്ചറിയില്‍ കൊണ്ടുപോകാതെ വീട്ടിലേക്കു തന്നെ അമ്മച്ചിയെ കൊണ്ടുവന്നു. നാട്ടിലും വിദേശത്തുമുള്ള എല്ലാ മക്കളും കൊച്ചുമക്കളും അമ്മച്ചിയുടെ ചുറ്റുംനിന്ന് അന്ത്യ ശുശ്രൂഷകളില്‍ പങ്കെടുത്തു, പ്രൗഢമായി അമ്മച്ചിയെ യാത്രയാക്കി.
എല്ലാവരെയും കൃത്യസമയത്ത് ദൈവം അവിടെ എത്തിച്ചു എന്നുപറയുന്നതാകും ശരി.

അമ്മച്ചിയുടെ മരണശേഷം ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയവര്‍ പറഞ്ഞു: “അമ്മച്ചി വളരെ
ഭാഗ്യവതിയാണ്. ഒട്ടും കഷ്ടപ്പെടാതെ പോയല്ലോ” എന്ന്. അത് തികച്ചും സത്യമാണെന്ന് ഞങ്ങള്‍ക്കുമറിയാം, അക്കാര്യത്തില്‍ വീണ്ടും സര്‍വ്വേശ്വരന് നന്ദി പറയുന്നു.

എങ്കിലും, രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് ആ ശബ്ദമൊന്നു കേള്‍ക്കാന്‍ പതിവുപോലെ ഫോണിലേക്ക് കൈ നീളാറുണ്ട് പലപ്പോഴും. “എന്‍റെ പൊന്നുമോളേ, നീ ഇതുവരെ ഉറങ്ങിയില്ലേ?” എന്ന വാത്സല്യത്തോടെയുള്ള ചോദ്യം കേള്‍ക്കാന്‍!

അവധിക്കാലത്ത് ഞാനെത്തുന്നതും കാത്ത് ദിവസങ്ങളെണ്ണിയിരിക്കാന്‍ ഇനി ആരാണുള്ളത്!
ശുഷ്കിച്ച കരങ്ങള്‍ കൊണ്ട് തലമുടിയില്‍ വിരലോടിക്കുമ്പോള്‍ പരാതികളുടെയും പരിഭവങ്ങളുടെയും ഭാണ്ഡക്കെട്ട് തുറക്കാന്‍, രാത്രിയില്‍ ഉറങ്ങാതെകിടന്ന് പഴയ കഥകള്‍ കേള്‍ക്കാന്‍, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാന്‍ വീണ്ടും കൊതിയാകുന്നു.

അങ്ങകലെ, നക്ഷത്രങ്ങള്‍ക്കുമപ്പുറത്ത്, ഒരു ചെറുപുഞ്ചിരിയോടെ ഇച്ചാച്ചിയോടൊപ്പമിരുന്ന് ശോശാമ്മ സാര്‍ പറയുന്നു, “ഈ പെണ്ണിന്‍റെ കുഞ്ഞുകളി ഇനിയും മാറിയിട്ടില്ല!”
സാധാരണക്കാരില്‍ സാധാരണക്കാരായി ജീവിച്ച മോസസ് സാറിനും ശോശാമ്മ ടീച്ചറിനും ഞങ്ങളുടെ മനസ്സില്‍ ദേവഗണങ്ങള്‍ക്കൊപ്പമാണ് സ്ഥാനം, അന്നും, എന്നും.

 

(This article was authored in 2015)

Leave a Reply